കൊവിഡിനെ പ്രതിരോധിക്കാൻ രാവും പകലുമില്ലാതെ പ്രവർത്തിക്കുന്ന കേരളത്തിലെ നഴ്സുമാർക്ക് ആദരവുമായി സിനിമയിൽ നഴ്സിന്റെ വേഷം അവതരിപ്പിച്ച താരങ്ങൾ
എപ്പോഴും ചിരിച്ച മുഖം
കെ.ആർ .വിജയ
ഏഴാംകടലിനകരെ, അന്വേഷിച്ചു കണ്ടെത്തിയില്ല എന്നീ ചിത്രങ്ങളിൽ ഞാൻ നഴ്സായി അഭിനയിച്ചിട്ടുണ്ട്.1967-ൽ റിലീസ് ചെയ്ത അന്വേഷിച്ചു കണ്ടെത്തിയില്ല എന്ന ചിത്രത്തിലാണ് ആദ്യമായി നഴ്സിന്റെ വേഷമണിയുന്നത്.അന്നാണ് അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ അനുഭവിച്ച് അറിയാൻ കഴിഞ്ഞത്.വീട്ടിലെ പ്രയാസങ്ങളൊക്കെ മാറ്റിവച്ച് ചിരിച്ച മുഖവുമായിട്ടാണ് അവർ രോഗികളെ ശുശ്രൂഷി ക്കുന്നത്.പി.ഭാസ്കരനായിരുന്നു ചിത്രത്തിന്റെ സംവിധായകൻ.അദ്ദേഹം പറഞ്ഞു തന്ന സീനുകളിൽ അഭിനയിക്കുമ്പോൾ ഞാൻ അറിയാതെ തന്നെ നഴ്സ് സമൂഹത്തെ അടുത്ത് അറിയുകയായിരുന്നു.
ഇപ്പോൾ അവർ ചെയ്യുന്ന സേവനം കാണുമ്പോൾ ഈശ്വരാ അവരെ കാത്തുരക്ഷിക്കണമേയെന്ന് പല പ്രാവശ്യം പ്രാർത്ഥിക്കാറുണ്ട്.അവരുടെ സുരക്ഷയെക്കുറിച്ച് അവർ ചിന്തിക്കാറേയില്ല.അതാണ് അവരുടെ മഹത്വം.
അവർ മാലാഖമാർ
സീമ
നാല് ചിത്രങ്ങളിൽ ഞാൻ നഴ്സിന്റെ വേഷം അവതരിപ്പിച്ചിട്ടുണ്ട്.പല കഥാപാത്രങ്ങളിൽ ഒന്ന്മാത്രം.അന്ന് അത്ര പ്രാധാന്യം മാത്രമേ നഴ്സ് കഥാപാത്രങ്ങൾക്കും ഞാൻ നൽകിയിരുന്നുള്ളു.
അതുകൊണ്ട് തന്നെ നഴ്സിന്റെ വേഷം അവതരിപ്പിച്ച ചിത്രങ്ങളുടെ പേര് പോലും എനിക്കിപ്പോൾ ഓർമ്മയില്ല. കൊവിഡ് എന്ന മഹാമാരി ലോകത്തെ മുഴുവൻ ഗ്രസിച്ച ഇക്കാലത്ത് ആ കഥാപാത്രങ്ങളെല്ലാം ഓർത്തിരിക്കേണ്ടതായിരുന്നുവെന്ന് എനിക്ക് തോന്നുന്നു .നഴ്സുമാരൊന്നും നമുക്ക് വെറും നഴ്സുമാരല്ല. അവർ മാലാഖമാരാണ് . സ്വന്തം ജീവൻ പോലും പണയംവച്ചു നമ്മളെ പരിചരിക്കുന്ന ദൈവത്തിന്റെ സ്വന്തം മാലാഖമാർ.ലോകം മുഴുവൻ പ്രാർത്ഥനകളിൽ നിറയുന്ന ഇക്കാലത്ത് നമ്മളുടെ പ്രാർത്ഥനകളിൽ ആ മാലാഖമാർക്കും ഇടമുണ്ടാക്കട്ടെ ....നമ്മുടെ പ്രാർത്ഥന ആ മാലാഖമാർക്ക് കൂടിയാവട്ടെ .... .
നിസ്വാർത്ഥ സേവനം
അംബിക
അനുരാഗക്കോടതി എന്ന ചിത്രത്തിലാണ് എന്റെ നഴ്സ് കഥാപാത്രം.കരുണയോടെ പെരുമാറുന്ന നഴ്സുമാരാണ് അധികവും. ഉള്ളിലെ ടെൻഷൻ കാണിക്കാതെ രോഗിക്ക് ആശ്വാസം കൊടുക്കുന്നവരാണ് അധികം നഴ്സുമാരും . കൊവിഡ് കാലത്ത് അവർ എത്രമാത്രം റിസ്ക്ക് എടുക്കുന്നു. സ്വന്തം കുടുംബത്തിന്റെ കാര്യങ്ങൾ പോലും മാറ്റിവച്ചാണ് അവർ നിസ്വാർത്ഥ സേവനം ചെയ്യുന്നത് .അവർക്ക് അർഹമായ അംഗീകാരം നൽകണം.ഒരു പക്ഷേ അവർ അതേക്കുറിച്ച് ആഗ്രഹിച്ചിട്ടും ചിന്തിച്ചിട്ടും പോലുമുണ്ടാവില്ല. കേരളത്തെ െെദവത്തിന്റെ സ്വന്തം നാടാക്കി മാറ്റുന്നത് ഇവരെപ്പോലുള്ളവരുടെ ആത്മാർത്ഥ പ്രയ്തനമാണ്.
മറക്കില്ല അവരെ
ഉർവശി
ചെന്നൈയിൽ നിരവധി നഴ്സുമാർ എന്റെ സുഹൃത്തുക്കളായുണ്ട്.ആശുപത്രിയിൽ പോയി അവരുമായി അടുപ്പമായതാണ്.ഡോക്ടർമാർ ഒന്നുരണ്ട് വാക്കിലെ കാര്യങ്ങൾ പറയുകയുള്ളു.എല്ലാ വിശദമായി പറഞ്ഞു തരുന്നത് നഴ്സുമാരാണ്.അവരും നമ്മളുംതമ്മിൽ ഒരു വ്യത്യാസവുമില്ല.
ആതുരസേവനത്തിന്റെ ഭാഗമായി കുടുംബത്തെയും കുഞ്ഞുങ്ങളെയും മറന്നാണ് അവർ നമ്മൾക്ക് വേണ്ടി നിലക്കൊള്ളുന്നത്.കൊവിഡ് കാലത്തെ പ്രവർത്തനത്തെ നോക്കൂ.രോഗികളുടെ ശ്രൂശുഷ മാത്രമേ അവരുടെ മനസിലുള്ളൂ.രാത്രിയും പകലും നോക്കാതെ അവർ നമ്മളെ സേവിക്കുകയല്ലേ.അവർ എത്ര ശമ്പളം കൊടുത്താലും മതിയാവില്ല.ഈ അവസരത്തിൽ പ്രശംസിക്കുകയല്ല വേണ്ടത്.മറിച്ച് അവരുടെ ആരോഗ്യത്തിനും ആയുസിനും വേണ്ടി പ്രാർത്ഥിക്കുകയാണ്്.
സൂപ്പർ ഹീറോ
ചിത്ര
പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് നഴ്സിന്റെ വേഷത്തിൽ അഭിനയിച്ചത്.ജോഷി സാറിന്റെ കഥ ഇതുവരെ എന്ന സിനിമയിലാണ് എന്റെ ആദ്യത്തെയും ഒടുവിലത്തെയും നഴ്സ് വേഷം .ആ പ്രായത്തിൽ ഒരു നഴ്സിന്റെ ജോലിയെ കുറിച്ചൊന്നും വലിയ അറിവില്ലായിരുന്നു. പിന്നീടാണ് ആ ജോലിയുടെയും ആ മേഖലയുടെയും മഹത്വം തിരിച്ചറിഞ്ഞത് .ഒരുപാട് നഴ്സ് സുഹൃത്തുക്കൾ എനിക്കുണ്ട് . ഇരുപത്തിനാലു മണിക്കൂർ അവർ സേവന സന്നദ്ധരായി ഈ കൊവിഡ് കാലത്ത് ജോലി ചെയ്യുന്നു.അർഹമായ വേതനം പലർക്കും ലഭിക്കുന്നില്ല .അതിന് അധികാരികൾ പരിഹാരം കണ്ടെത്തണമെന്നാണ് എന്റെ അഭ്യർത്ഥന.നഴ്സുമാരാണ് ഇപ്പോൾ സൂപ്പർ ഹീറോ.