വൈകിയോടുന്ന ദീർഘദൂര തീവണ്ടിപോലെയായിരുന്നു എന്നും ജീവിതം. ഇടയ്ക്കെപ്പോഴെക്കെയോ ചില സങ്കടങ്ങൾ കയറുമ്പോൾ ചില സങ്കടങ്ങൾ ഇറങ്ങിപ്പോകുന്നു. അതിനിടയിൽ വളരെ അപൂർവമായി വന്നുകയറുന്ന സന്തോഷങ്ങൾ. അത്തരമൊരു നല്ല ഓർമ വീണ്ടും സങ്കടമായി ഇറങ്ങിപ്പോകുന്നു. സ്മരണകളുടെ ദീപ്തിയിലേക്ക്...
മൂന്നുവർഷം മുമ്പ് എഴുതി വച്ച വരികൾ. മതിമുഖീ... മതിമുഖീ മാനസ സരസിലെ ഓളങ്ങളിൽ നിൻ പ്രഭയൊരു പുളകമായ് ഒഴുകീ, ഒരിക്കൽ മാത്രം തുറക്കും ജന്മക്ഷേത്ര നടയിൽ ഒറ്റയ്ക്കു ഞാൻ വന്നൂ ഓമലേ നിന്നെയും കാത്തുനിന്നു, മറക്കുകില്ലാ മനസ്വിനിയേ മായിക സ്വപ്നംപോലോരാഗമനം... എന്നിങ്ങനെ മൂന്ന് പാട്ടുകൾ. ഗാഢമായ പ്രണയത്തിന്റെ ഭാവതീക്ഷ്ണമായ ആവിഷ്കാരം. ഒരു ദൈവനിയോഗം പോലെ പത്ത് മുപ്പതിലേറെ ഭക്തിഗാനങ്ങൾ എഴുതിയ എന്നെ അതേ ദൈവം തന്നെയാവാം ഭക്തിയുടെ മറ്റൊരു ആവിഷ്കാരമായ പ്രണയത്തിന്റെ വരികളിലൂടെ വഴിതിരിച്ചുവിട്ടത്. ആര് സംഗീതസംവിധാനം ചെയ്യുമെന്ന കാര്യത്തിൽ സംശയമൊന്നുമുണ്ടായില്ല. അങ്ങനെയാണ് അർജുനൻ മാസ്റ്ററെ സമീപിക്കുന്നത്. രണ്ടുവർഷം മുൻപ് അദ്ദേഹത്തിന്റെ മകൻ ആരഭി സ്റ്റുഡിയോ ഉടമ അനിലേട്ടനെ സമീപിച്ചിരുന്നു. പക്ഷേ, അന്ന് നടന്നില്ല. ഇത്തവണ സംഗീതസംവിധായകൻ രാജീവ് ശിവയുടെ സഹായത്തോടെ അനിലേട്ടന്റെയടുത്ത് പോയി സംസാരിക്കുകയും അദ്ദേഹം പറഞ്ഞതനുസരിച്ച് കഴിഞ്ഞ നവംബറിൽ അർജുനൻ മാസ്റ്ററെ നേരിട്ട് വീട്ടിൽ ചെന്ന് കാണുകയുമായിരുന്നു.
പള്ളുരുത്തിയിലെ വീട്ടിൽ കാണാനായി ചെന്നപ്പോൾ വീൽചെയറിലിരുന്ന് പുഞ്ചിരി പ്രഭ നിറഞ്ഞ മുഖമോടെ അദ്ദേഹം എന്നെ നോക്കി. എനിക്കുനേരെ കൈനീട്ടി. ഞാൻ കൈ കൊടുത്തില്ല! എന്തെന്നില്ലാത്ത ആഹ്ലാദത്തോടെ ബഹുമാനപൂർവം അദ്ദേഹത്തിന്റെ പാദം തൊട്ടുവന്ദിച്ചു. വന്ദ്യവയോധികനും സർഗപ്രപഞ്ചത്തിന്റെ ഉത്തുംഗശ്രേണിയിൽ വാഴുകയും ചെയ്യുന്ന അദ്ദേഹത്തിന് വെറുമൊരു മനുഷ്യനായ ഞാൻ ഷേക്ക് ഹാൻഡ് ചെയ്യാനോ! അനാദരവല്ലേ അത് എന്ന ഭയത്തിൽ നിന്നുമാണ് അങ്ങനെ ചെയ്യാത്തത്. ഈ പാട്ടിന്റെ കാര്യത്തിനായി അഞ്ച് പ്രാവശ്യം അദ്ദേഹത്തിന്റെ വീട്ടിൽ പോയിട്ടുണ്ട്. ആറാമതൊരിക്കൽ അവസാനമായി മാർച്ച് ഒന്നിന് അദ്ദേഹത്തിന്റെ എൺപത്തിനാലാം പിറന്നാളിൽ ശ്രീക്ക് മ്യൂസിക്കിന്റെ ആദരമർപ്പിക്കുന്നതിനായും. അപ്പോഴെല്ലാം അദ്ദേഹം പതിവ് പോലെ കൈ നീട്ടുകയും ഞാൻ പാദം തൊട്ടുനമസ്കരിക്കുകയുമേ ചെയ്തിട്ടുള്ളൂ.
ഇരിക്കാൻ പറഞ്ഞു. ഭയഭക്തിബഹുമാനത്തോടെ ഞാൻ നിന്നതേയുള്ളൂ. ഒരിക്കൽക്കൂടി അദ്ദേഹത്തിന്റെ പാദം തൊട്ട് നമസ്കരിച്ച് കൈയിൽ കരുതിയിരുന്ന വെറ്റിലയും അടയ്ക്കയും ദക്ഷിണയായി കരുതിയിരുന്ന തുകയും അദ്ദേഹത്തിന്റെ കൈകളിലേക്ക് വച്ചു. ഒരല്പനിമിഷം അദ്ദേഹം കണ്ണടച്ച് ധ്യാനനിമഗ്നനായി ഇരുന്നു. എന്നിട്ട് ദക്ഷിണ, ടീപ്പോയുടെ പുറത്തേക്ക് മെല്ലെ വച്ചു.
വിവരങ്ങൾ ഫോണിൽക്കൂടി പറഞ്ഞിരുന്നുവെങ്കിലും, ''പാട്ട് ചെയ്യണമല്ലേ, പാട്ട് എഴുതിയത് കൈയിലുണ്ടോ?"" എന്നദ്ദേഹം ചോദിച്ചു. ഞാൻ വീണ്ടും അദ്ദേഹത്തിന്റെ പാദങ്ങളിൽ തൊട്ടു നമസ്കരിച്ചുകൊണ്ട് ഫയലിൽ നിന്നും വരികൾ പ്രിന്റ് ചെയ്ത കടലാസ് അദ്ദേഹത്തിന്റെ കൈകളിലേക്ക് ആദരപൂർവം വച്ചു. അദ്ദേഹം വരികളിലൂടെ ഏറെ നേരം കണ്ണോടിച്ചു. വലതുകൈകൊണ്ട് മെല്ലെ താളം പിടിച്ചു. എന്റെ നേർക്ക് തിരിഞ്ഞുകൊണ്ട് ചോദിച്ചു.
''ഏത് താളത്തിലാണ് പാട്ട് എഴുതിയത്?""
ഒരു നിമിഷം സ്തംഭിച്ചുനിന്ന എന്റെ വായിൽ നിന്നും വൺ, ടു, ത്രീ, ഫോർ എന്നറിയാതെ വീണു. അദ്ദേഹമൊന്നുമൂളി... ഉം. വൺ, ടു, ത്രീ, ഫോറിലും ചെയ്യാം എന്നുപറഞ്ഞു. അബദ്ധം പറ്റിയോ എന്ന വിചാരത്തിൽ ഉള്ള സത്യം തുറന്നു പറഞ്ഞു.
''മാസ്റ്റർ, ഞാൻ സംഗീതം പഠിച്ചിട്ടില്ല. എനിക്ക് സംഗീതത്തിന്റെ ഒന്നുമറിയില്ല. ക്ഷമിക്കണം.""
''അല്ലല്ല. ഒരു താളത്തിലായിരിക്കുമല്ലോ താങ്കൾ പാട്ടെഴുതിയത്. അതാ ചോദിച്ചത്.""
എന്നിട്ട് എന്നെ ആശ്വസിപ്പിക്കാനെന്നവണ്ണം മാസ്റ്റർ പറഞ്ഞു. പാട്ടെഴുതാൻ സംഗീതം അറിയണമെന്നില്ല. താളബോധം ഉണ്ടായാൽ മതി. പിന്നെ ചെറിയ വാക്കുകൾ ചേർത്തേ പാട്ടെഴുതാവൂ. എന്റെ വരികളിലെ ചില സങ്കീർണതകൾ കണ്ടിട്ടാകാം മാസ്റ്റർ അത് പറയാതെ പറഞ്ഞത്. സ്ത്രീസൗന്ദര്യവർണന അങ്ങനെ നേരിട്ട് പദപ്രയോഗത്തിലൂടെ വേണ്ട. (മാസ്റ്ററുടെ ഈ രണ്ട് നിർദേശങ്ങൾക്കനുസരിച്ച് രണ്ട് സ്ഥലത്ത് വരികൾ മാറ്റി എഴുതി.) നാല് വരി എഴുതിക്കഴിയുമ്പോൾ ഒരു ചിത്രം തെളിഞ്ഞുവരണം, 'നീലക്കുട നിവർത്തി വാനം എനിക്കുവേണ്ടി... നീളേ പൂ നിരത്തി ഭൂമി എനിക്കുവേണ്ടി..., മല്ലികപ്പൂവിൻ മധുരഗന്ധം നിന്റെ മന്ദസ്മിതം പോലുമൊരുവസന്തം..." മാസ്റ്റർ മെല്ലെ പറഞ്ഞു, ഉദാഹണങ്ങളായി. പിന്നെ പാട്ടുകളെപ്പറ്റിയുള്ള സംഭാഷണമായി. ഒടുവിൽ മാസ്റ്റർ പറഞ്ഞു, നിങ്ങൾ പൊയ്ക്കോളൂ… ഞാൻ ചെയ്തിട്ട് വിളിക്കാം.
രണ്ടാഴ്ച കഴിഞ്ഞപ്പോൾ മാസ്റ്ററുടെ വിളി വന്നു. പാട്ട് ആയിട്ടുണ്ട്, എപ്പോൾ വരാൻ പറ്റും. തൊട്ടടുത്ത ദിവസം തന്നെ പള്ളുരുത്തിക്ക് ചെന്നു. മാസ്റ്റർ പറഞ്ഞതനുസരിച്ച് അരുമശിഷ്യനായ കലാഭവൻ സാബു പാടിക്കേൾപ്പിച്ചു. അവിടെ രണ്ടെണ്ണം തള്ളിയിട്ട് പാടണം, ഇതിൽ അല്പം നീട്ട് വേണം എന്നൊക്കെ മാസ്റ്റർ മെല്ലെ പറയുന്ന നിർദേശങ്ങൾ അനുസരണയോടെ ശ്രദ്ധാപൂർവം കേൾക്കുന്ന സാബുവും.
പാട്ടെല്ലാം തയാറായപ്പോൾ ആര് പാടണമെന്നായി. അർജുനൻ മാസ്റ്ററുടെ പാട്ടുകൾ പാടാൻ എന്റെ മുന്നിൽ മറ്റൊരു പേര് വന്നില്ല. അത് മനസിലാക്കിയിട്ടെന്നവണ്ണം മാസ്റ്റർ പറഞ്ഞു, മതിമുഖീ യേശുവും ഒരിക്കൽ മാത്രം ജയനും പാടട്ടെ. മറക്കുകില്ല സാബുവിനും കൊടുത്തുകൂടെ. ശരി, മാസ്റ്ററുടെ ആഗ്രഹംപോലെ. മാസ്റ്ററുടെ തീരുമാനത്തിനുമുന്നിൽ കൂടുതലെന്തെങ്കിലും പറയാൻ എനിക്കാകുമായിരുന്നില്ല. ഒരു നിരാശ മാത്രം ബാക്കി. മാസ്റ്ററുമായുള്ള കൂടിക്കാഴ്ച കുറേക്കൂടി നേരത്തേ ആകാമായിരുന്നില്ലേ?