us

വാഷിംഗ്ടണ്‍: കൊവിഡ് വൈറസ് ബാധയിൽ ഏറ്റവും അധികം മരണം ഉണ്ടായ ഇന്ന് അമേരിക്കയിൽ ജീവൻ നഷ്ടമായവരുടെ എണ്ണം 20060 ആയി. 24 മണിക്കൂറിനുള്ളിൽ 2108 പേരാണ് അമേരിക്കയിൽ ഇന്ന് മരിച്ചത്. ഇതോടെ ഇറ്റലിയെ മറികടന്ന് ഏറ്റവുമധികം പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ച രാജ്യമായി അമേരിക്ക. . ഇറ്റലിയില്‍ 19468 മരണങ്ങളാണ് രേഖപ്പെടുത്തിയത്. അഞ്ച് ലക്ഷത്തിലധികം പേര്‍ക്ക് രാജ്യത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചു. രണ്ടായിരം പേരിലധികം മരിക്കുന്നത് ഇതാദ്യമായിട്ടാണ്. മറ്റൊരു രാജ്യത്തും ഇത്രയും ഉയര്‍ന്ന മരണനിരക്ക് രേഖപ്പെടുത്തിയിട്ടില്ല.

അതേസമയം അമേരിക്കയിൽ രോഗവ്യാപനം കുറയുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. എന്നാല്‍ ഏറ്റവും ഉയര്‍ന്ന തോതിലേക്ക് അത് പോകാനിടയുണ്ടെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കുന്നു. നേരത്തെ ഒരു ലക്ഷത്തോളം പേര്‍ യുഎസില്‍ മരിക്കുമെന്നായിരുന്നു കരുതിയിരുന്നത്. ആഗോള തലത്തില്‍ മരണം 1,07645 ആയി. ഇതുവരെ രോഗം ബാധിച്ചത് 1.7 മില്യണ്‍ ജനങ്ങള്‍ക്കാണ്. നാല് ലക്ഷത്തോളം പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ മരണനിരക്ക് കുറഞ്ഞ് വരുന്നതില്‍ ലോകാരോഗ്യ സംഘടന സംതൃപ്തി രേഖപ്പെടുത്തി.

സ്‌പെയിനില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 510 മരണങ്ങളാണ് രേഖപ്പെടുത്തിയത്. മാര്‍ച്ച്‌ 23ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്.