കൊവിഡ് -19 എന്നത് പുതിയ വൈറസ് രോഗം ആയതിനാൽ, ഇത് കുട്ടികളെയും ഗർഭിണികളെയും ഏതൊക്കെ വിധത്തിലാണ് ബാധിക്കുന്നത് എന്നതിനെക്കുറിച്ച് ഇപ്പോൾ നമുക്ക് കൂടുതൽ അറിയില്ല. ഏതു പ്രായത്തിലുള്ള വ്യക്തികളെയും വൈറസ് ബാധിക്കാം. എന്നാൽ, ഇതുവരെ കുഞ്ഞുങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്ന കേസുകൾ താരതമ്യേന കുറവാണ്.
രോഗലക്ഷണങ്ങൾ കണ്ടാൽ വൈദ്യസഹായം തേടുക. ചില പ്രദേശങ്ങളിൽ ഈ സമയത്ത് ഫ്ളൂ സാധാരണയാണ്. അതിനാൽ, കൊവിഡ് 19 ന്റെ ലക്ഷണങ്ങളായ പനിയും ചുമയും ഫ്ളൂ കാരണമുള്ളതാകാനും സാദ്ധ്യതയുണ്ട്. കുട്ടിയിൽ നിന്ന് മറ്റുള്ളവർക്ക് രോഗം പകരാനുള്ള സാദ്ധ്യത തടയാൻ പൊതുസ്ഥലങ്ങളിൽ വിടാതിരിക്കുന്നത്പോലുള്ള കാര്യങ്ങൾ ശ്രദ്ധിക്കണം.
പരിശീലിപ്പിക്കാം ആരോഗ്യ ശീലങ്ങൾ
കുട്ടികൾ വീടുകളിൽ സുരക്ഷിതരായിരിക്കട്ടെ. കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുന്നതടക്കമുള്ള വ്യക്തി ശുചിത്വശീലങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല അല്ലെങ്കിൽ ടിഷ്യു കൊണ്ട് മുഖം മറയ്ക്കുന്നതു പോലുള്ള ശുചിത്വ, ശ്വസന ശീലങ്ങൾ പരിശീലിപ്പിക്കുക. പ്രതിരോധ കുത്തിവയ്പ്പുകൾ കൃത്യമായി എടുക്കുന്നതിലൂടെ രോഗമുണ്ടാക്കുന്ന മറ്റു വൈറസുകളിൽ നിന്നും ബാക്ടീരിയകളിൽ നിന്നും കുട്ടികൾ സുരക്ഷിതരായിരിക്കും.
ആരോഗ്യകരമാവണം സംസാരം
കുട്ടികളോട് സംസാരിക്കുമ്പോൾ, നിലവിലുള്ള സാഹചര്യത്തെക്കുറിച്ച് ശരിയായ അറിവുണ്ടായിരിക്കണം. തികച്ചും പോസിറ്റീവായി കൈകഴുകൽ പോലുള്ള രോഗപ്രതിരോധ മാർഗങ്ങൾക്ക് ഊന്നൽ കൊടുത്തു സംസാരിക്കുക. വാക്കുകൾ ശ്രദ്ധാപൂർവം ഉപയോഗിക്കണം. കൊറോണ വൈറസിനെക്കുറിച്ച് കുട്ടികളോട് സംസാരിക്കുമ്പോൾ ചെയ്യാൻ പാടുള്ളതും പാടില്ലാത്തതുമായ കാര്യങ്ങൾ ചുവടെ:
ചെയ്യാവുന്നത്
കൊവിഡ് -19 എന്ന പുതിയ രോഗത്തെക്കുറിച്ചും കൊറോണ വൈറസിനെക്കുറിച്ചും സംസാരിക്കാം. വൈറസിനെക്കുറിച്ച് സംസാരിക്കുമ്പോൾ പ്രദേശത്തെയും വംശങ്ങളെയും സംബന്ധിച്ച പരമാർശങ്ങൾ ഒഴിവാക്കുക. വൈറസിന് പ്രത്യേക ജനവിഭാഗങ്ങളെയോ സമൂഹങ്ങളെയോ വംശങ്ങളെയോ മാത്രമായി ബാധിക്കാൻ സാധിക്കില്ല എന്നോർക്കുക.
കൊവിഡ് -19 ബാധിതർ, ചികിത്സയിലുള്ളവർ, ചികിത്സയിലൂടെ രോഗം ഭേദമായവർ, ഈ രോഗംമൂലം മരിച്ചവർ - ഇവരെക്കുറിച്ചൊക്കെ സംസാരിക്കാം. രോഗബാധിതരെ 'കൊവിഡ് -19 കേസുകൾ" എന്നോ 'ഇരകൾ" എന്നോ വിശേഷിപ്പിക്കാതിരിക്കുക.
ആളുകൾക്ക് രോഗം ബാധിക്കുന്നതിനെക്കുറിച്ച് പറയാം. രോഗം അല്ലെങ്കിൽ വൈറസ് 'പകർത്തുക/പരത്തുക", മറ്റുള്ളവർക്ക് 'അണുബാധയുണ്ടാക്കുക" എന്നിങ്ങനെ ആളുകൾ മനപ്പൂർവം രോഗം വ്യാപിപ്പിക്കാൻ ശ്രമിക്കുന്നു എന്ന ധ്വനിയും പരോക്ഷമായ കുറ്റപ്പെടുത്തലും വരുന്ന വാക്കുകൾ ഒഴിവാക്കുക.
ശാസ്ത്രീയ വിവരങ്ങളുടെയും ഏറ്റവും പുതിയ ഔദ്യോഗിക അറിയിപ്പുകളുടെയും അടിസ്ഥാനത്തിൽ കൊവിഡ് -19 ന്റെ അപകട സാദ്ധ്യതകളെക്കുറിച്ച് വസ്തുതാപരമായി സംസാരിക്കാം. സ്ഥിരീകരിക്കാത്ത അഭ്യൂഹങ്ങൾ ആവർത്തിക്കുകയോ പങ്കുവയ്ക്കുകയോ ചെയ്യരുത്. പകർച്ചവ്യാധി, ലോകാവസാനം പോലുള്ള വാക്കുകളുപയോഗിച്ച് പൊലിപ്പിച്ച് കുട്ടികളെ പേടിപ്പിക്കരുത്.
മാനസിക പിന്തുണ
സ്കൂളുകൾ അടയ്ക്കുകയും പല മാതാപിതാക്കളും തൊഴിൽരഹിതരായി വീട്ടിലിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കുട്ടികൾക്കുണ്ടാകാവുന്ന ഉത്കണ്ഠ പരിഹരിക്കപ്പെടേണ്ടതുണ്ട്. പുരുഷന്മാർ ജോലിക്കു പോകാതെ വീട്ടിലിരിക്കുന്ന സാഹചര്യങ്ങളിൽ ചില വീടുകളിൽ ലിംഗാധിഷ്ഠിത അക്രമങ്ങൾ കൂടാൻ സാദ്ധ്യതയുണ്ട്. ഇത്തരം അക്രമങ്ങൾ കുട്ടികൾ കണ്ടാൽ അവരിൽ അത് ഉണ്ടാക്കിയേക്കാവുന്ന ആഘാതം വളരെ വലുതാണ്. വീട്ടിനുള്ളിൽ ശാന്തവും സമാധാന പൂർണവുമായ അന്തരീക്ഷം നിലനിറുത്തുക എന്നത് കുട്ടികളുടെ മാനസികാരോഗ്യം സംബന്ധിച്ച് സുപ്രധാനമാണ്. വീട്ടിലിരിക്കുമ്പോഴും ആരോഗ്യപരവും സുരക്ഷിതവും ക്രിയാത്മകവുമായ പ്രവർത്തനങ്ങളിൽ കുട്ടികളും കുടുംബാംഗങ്ങളും മുഴുകണം. കുട്ടികൾക്കും സ്ത്രീകൾക്കുമായുള്ളതടക്കം ആവശ്യമായ ഫോൺ കൗൺസലിംഗ് സേവനങ്ങൾ സുഗമമാക്കണം.
ഇന്റർനെറ്റും സാമൂഹിക മാദ്ധ്യമങ്ങളും
ഈ സ്രോതസുകൾ വഴി ലഭിക്കുന്ന വിവരങ്ങൾ പലപ്പോഴും പരസ്പരവിരുദ്ധവും ചിന്താക്കുഴപ്പമുണ്ടാക്കുന്നതുമാണ്. ഇത്തരം തെറ്റായ വിവരങ്ങൾ കുട്ടികളെ സ്വാധീനിക്കാം. കൃത്യമായ വസ്തുതകളും കണക്കുകളും ഏറ്റവും പുതിയ വിവരങ്ങളുമറിയാൻ അങ്ങേയറ്റം വിശ്വസ്തമായ സ്രോതസുകളെ മാത്രം ആശ്രയിക്കാൻ കുട്ടികളെ പരിശീലിപ്പിക്കുക. ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ലോകാരോഗ്യ സംഘടന, യുനിസെഫ് എന്നിവയുടെ വെബ്സൈറ്റുകൾ ഇതിനുദാഹരണമാണ്.
പ്രത്യേക സഹായം ആവശ്യമുള്ളവർ
ഗർഭിണികൾ, കുട്ടികൾ, വയോധികർ എന്നിങ്ങനെ പ്രത്യേക സഹായം ആവശ്യമായവർക്ക് സഹായമെത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. ദയയും സഹവർത്തിത്വവും പ്രധാനമാണെന്ന് ഈ അവസരത്തിൽ കുട്ടികൾക്ക് മനസിലാക്കിക്കൊടുക്കണം. ചെറിയ മുൻകരുതലുകളിലൂടെ നമ്മെയും നാം സ്നേഹിക്കുന്നവരെയും സമൂഹത്തിൽ പിന്തുണ ആവശ്യമുള്ളവരെയും ഈ രോഗത്തിൽ നിന്നും നമുക്ക് സുരക്ഷിതരാക്കാം.