ആരോടും പറയാതെ അർജുനൻ മാസ്റ്റർ യാത്രയായി... അച്ഛൻ ഇളയ സഹോദരനെപ്പോലെ കരുതിയിരുന്ന അർജുനൻ മാഷ്; ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന സംഗീതസംവിധായകരിൽ ഒരാൾ. ഈ വിയോഗം ഏൽപ്പിക്കുന്ന ദുഃഖം എനിക്കും ഞങ്ങളുടെ കുടുംബത്തിലേവർക്കും...
അച്ഛനുമായുള്ള ബന്ധമാരംഭിക്കുന്നതിന് എത്രയോ വർഷങ്ങൾക്ക് മുമ്പ്. അച്ഛനും ദേവരാജൻ മാസ്റ്ററും ഒ. മാധവനും കെ.പി.എ.സി യിൽ നിന്നും പിന്മാറി പുതിയ സമിതിയായ കാളിദാസകലാകേന്ദ്രം രൂപീകരിക്കുന്ന കാലം. അന്ന് ദേവരാജൻ മാസ്റ്റർക്ക് ഒരു ഹാർമോണിസ്റ്റിനെ വേണമായിരുന്നു. ആ അന്വേഷണം ചെന്നെത്തിയത് കൊച്ചിയിലെ അർജുനൻ എന്ന യുവാവിൽ.
കുട്ടിയായിരുന്നപ്പോൾ തന്നെ ഞാൻ ഈ സംഗീതസദസിന്റെ ഓരത്തുണ്ടായിരുന്നു. നാടകത്തിന്റെ പശ്ചാത്തലവിഭാഗത്തിന്റെ കൂടെയായിരുന്നു ഞാൻ എപ്പോഴും ഇരുന്നിരുന്നത്. ആ നാടകസന്ധ്യകളിലൂടെ ആരംഭിച്ച പരിചയം പിന്നീട് ഒരടുപ്പത്തിന്റെ തുടക്കം കുറിച്ചു. പിന്നീട് ദേവരാജൻ മാസ്റ്റർ നാടകരംഗത്തു നിന്നും പിന്മാറിയപ്പോൾ കാളിദാസ കലാകേന്ദ്രത്തിന്റെയും പിൽക്കാലത്ത് കെ.പി.എ.സിയുടെയും സംഗീത ചുമതല അർജുനൻ മാഷിലായി. സിനിമകളേക്കാൾ കൂടുതൽ നാടകങ്ങളിലാണ് അച്ഛനും മാഷും ഒന്നിച്ചത്. എത്രയോ മനോഹരമായ ഗാനങ്ങൾ. സിനിമയിൽ ആ കൂട്ടുകെട്ട് പത്തിൽ താഴെ ചിത്രങ്ങളിലേ സംഭവിച്ചുള്ളൂ. നാടകത്തിന്റെ പരിമിതമായ മേഖലയിൽ ആ ഗാനങ്ങൾ അധികമാരും കേൾക്കാതെയും പോയി.
സിനിമാരംഗത്ത് അച്ഛൻ മാഷിനോടൊപ്പം ആദ്യമായി ഗാനങ്ങളൊരുക്കിയത് 'ചഞ്ചല"എന്ന ചിത്രത്തിന് വേണ്ടിയാണ്. അതിന്റെയടുത്ത വർഷം വന്ന 'ടൂറിസ്റ്റ് ബംഗ്ലാവ്" എന്ന ചിത്രത്തിലാണ് ഗായിക സുജാത ആദ്യമായി പാടിയത്. 'കണ്ണെഴുതി... പൊട്ടുതൊട്ട്" എന്ന ഗാനം. പുതിയൊരു കുട്ടിയുണ്ട്, ഒരു പാട്ട് പാടിക്കാമെന്ന് മാഷ് അച്ഛനോട് ഫോണിൽക്കൂടെ പറഞ്ഞത് ഓർമ്മയിലുണ്ട്. ' ഉൗഴം" എന്ന സിനിമയിലെ ജി. വേണുഗോപാൽ പാടിയ 'കാണാനഴകുള്ള മാണിക്യക്കുയിലേ"...എന്ന ഗാനമായിരിക്കും ഒരു പക്ഷേ, ആ കൂട്ടുകെട്ടിലെ ഏറ്റവും പ്രശസ്തമായ ഗാനം.
എന്റെ മകൾ അപർണയ്ക്ക് അദ്ദേഹത്തിന്റെ സംഗീതസംവിധാനത്തിൽ പാടാൻ കഴിഞ്ഞത് ഒരു മഹാഭാഗ്യമായി കരുതുന്നു.. കെ.പി.എ.സിയുടെ ' ന്റു പ്പാപ്പായ്ക്കൊരാനേണ്ടാർന്ന്"... എന്ന നാടകത്തിൽ മാഷ് സംഗീതം നൽകിയ പാട്ടിന് അപർണയ്ക്ക് ആദ്യമായി സംസ്ഥാന ഗവണ്മെന്റിന്റെ ഏറ്റവും നല്ല ഗായികയ്ക്കുള്ള പുരസ്കാരം ലഭിച്ചത് ഈ ഭാഗ്യത്തിന്റെ തുടർക്കഥ. കെ.പി.എ.സിയ്ക്ക് വേണ്ടി മാഷ് സംഗീതമൊരുക്കിയ എല്ലാ നാടകങ്ങളിലും അപർണയെ പാടാൻ വിളിക്കുമായിരുന്നു.
അർജുനൻ മാഷ് അധികം സംസാരിക്കുന്ന പ്രകൃതമല്ല. ആരോടും ദേഷ്യപ്പെട്ട് ഇതുവരെ കണ്ടിട്ടുമില്ല. തികഞ്ഞ സാത്വികനും ശാന്തസ്വഭാവവിയുമായിരുന്നു ഋഷിതുല്യനായ ആ സംഗീതജ്ഞൻ. ആരെപ്പറ്റിയും മോശമായി സംസാരിക്കാറില്ല, ഒരു പരിഭവം പോലും പറഞ്ഞു കേട്ടിട്ടില്ല. എല്ലാ ദുഃഖങ്ങളും ഉള്ളിലൊതുക്കുന്ന പ്രകൃതം.
അച്ഛനും മാഷും കാണുമ്പോൾ കൂടുതൽ സംസാരിക്കുന്നത് അച്ഛനായിരിക്കും. മാഷ് കേട്ടിരിക്കാറാണ് പതിവ്. ഇടയ്ക്കുള്ള മൃദുവായ പ്രതികരണങ്ങൾ മാത്രം. രണ്ടു പേരുടെയും മനസുകൾ തമ്മിലുള്ള അടുപ്പം വായിച്ചെടുക്കാവുന്ന നിമിഷങ്ങൾ. ആ ബന്ധത്തിന്റെ ആഴമറിഞ്ഞത് അച്ഛൻ യാത്രയായശേഷം മാഷ് വീട്ടിൽ വന്നപ്പോഴാണ്. തീരെ അവശനായിരുന്നെങ്കിലും അദ്ദേഹം തിരക്കൊഴിഞ്ഞ ഒരു നേരത്ത് വീട്ടിലെത്തി. അച്ഛനോടൊപ്പം ഇരിക്കാറുള്ള അതേ സ്ഥാനത്ത്, അച്ഛന്റെ ചിത്രത്തിനരികെ ഏറെ നേരം നിശബ്ദനായി, നിറഞ്ഞ കണ്ണുകളോടെ ഇരുന്നത് ഇന്നും ഓർക്കുന്നു.
അച്ഛന്റെ മരണശേഷവും, തിരുവനന്തപുരത്തുള്ള ഓരോ വരവിലും അവശതകൾ വകവയ്ക്കാതെ വീട്ടിലെത്തുമായിരുന്ന ആ സ്നേഹനിധിയായ മനുഷ്യനെ ഞങ്ങൾ എന്നും ഓർക്കും. സംസ്ഥാന പുരസ്കാരം വാങ്ങാൻ വന്നപ്പോഴാണ് ഏറ്റവുമൊടുവിൽ വീട്ടിൽ വന്നത്. അന്നും ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. മകനും എന്റെ സുഹൃത്തുമായ അനിലും ഞാനും കൂടിയാണ് കാറിൽ നിന്നും കൈ പിടിച്ചിറക്കി അകത്തേക്കിരുത്തിയത്. അന്നും പതിവുപോലെ കുറേ നേരം അമ്മയോട് സംസാരിച്ചിരുന്നു. യാത്ര പറയുമ്പോൾ, 'ഇനിയൊരു വരവുണ്ടാകുമോ എന്നറിയില്ല"... എന്ന് പറഞ്ഞു കാറിലേക്ക് കയറിയതും നൊമ്പരത്തോടെ ഓർക്കുന്നു. പിന്നീടൊരു വരവുണ്ടായില്ല.
ഇത്ര മനോഹരമായ പാട്ടുകൾ മലയാളത്തിന് സമ്മാനിച്ച മാഷിനെ തേടി അർഹിക്കുന്ന അംഗീകാരങ്ങളൊന്നും എത്തിയിരുന്നില്ല. അതിമനോഹരമായ പല പാട്ടുകളും അദ്ദേഹത്തിന്റേതാണെന്നു പോലും പലർക്കും അറിയില്ല. അദ്ദേഹത്തിന്റെ പല നല്ല ഗാനങ്ങളും ദേവരാജൻ മാഷോ, ദക്ഷിണാമൂർത്തി സ്വാമിയോ ചെയ്തതാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നവരെ എനിക്കറിയാം.
മാഷ് സജീവമായിരുന്ന കാലത്തുപോലും മലയാളികൾ വേണ്ടവിധത്തിൽ അംഗീകരിച്ചിരുന്നില്ല. മഹാപ്രതിഭ യാത്രയാകുമ്പോൾ ആ വിയോഗത്തിനൊപ്പം തന്നെ സങ്കടമുണ്ടാക്കുന്ന ഒന്നാണ് അനുയോജ്യമായ രീതിയിൽ വിട നൽകാൻ കഴിഞ്ഞില്ലല്ലോ എന്ന്. സാംസ്കാരിക കേരളം മുഴുവൻ മാഷിനെ യാത്രയയക്കാൻ അവിടെ ഉണ്ടാകേണ്ടതായിരുന്നു. ഒരുപാട് നിർഭാഗ്യങ്ങൾ അദ്ദേഹത്തെ എന്നും നിഴൽപോലെ പിന്തുടർന്നിരുന്നു. അത്രയേറെ കയ്പ്പുനിറഞ്ഞ കുട്ടിക്കാലത്ത് നിന്ന് പാട്ടുകളുടെ മധുരമുള്ള ലോകത്തെത്തിയപ്പോഴും ആരോടും, ഒന്നിനോടും പരിഭവമുണ്ടായിരുന്നില്ല മാഷിന്. കമുകറ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പത്തുവർഷം മുമ്പ് കമുകറ പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിക്കാൻ സാധിച്ചതിൽ വലിയ സംതൃപ്തിയുണ്ട്.
ഇനി 'മാസ്റ്റർ " എന്ന് വിളിയ്ക്കാനൊരാളില്ല. നല്ല സംഗീതവും അദ്ദേഹത്തോടൊപ്പം അസ്തമിച്ചുവോ എന്ന ദുഃഖം. അച്ഛൻ എവിടെയോ പറഞ്ഞത് പോലെ, 'ഒടുവിലെ പക്ഷിയും പോയ് മറഞ്ഞു" . വല്ലാത്തൊരു ശൂന്യത ഞങ്ങളുടെ മനസുകളിൽ. അദ്ദേഹത്തെ അവസാനമായി ഒന്നു കാണാനോ, മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനോ കഴിഞ്ഞില്ല എന്നതാണ് ഏറ്റവും വലിയ ദുഃഖം. അതെന്നും മനസിലുണ്ടാവും.