അർജുനൻ മാഷ് ഒരു പ്രശസ്തിയും ആഗ്രഹിക്കാതെ നമ്മുടെ ചലച്ചിത്രഗാനശാഖയ്ക്ക് ഒരുപാട് കാര്യങ്ങൾ സംഭാവന ചെയ്ത വ്യക്തിയാണ്. വാസ്തവത്തിൽ ഒരു മോഹവുമില്ലാതെ അർച്ചനയ്ക്ക് തുല്യമായാണ് മാഷ്, ആ ജീവിതം സംഗീതരംഗത്തിനു വേണ്ടി മാറ്റിവച്ചത്. ഇന്ന് ഒരു പാട്ടുണ്ടാക്കി എങ്ങനെയെങ്കിലും പ്രശസ്തനാകാൻ ആഗ്രഹിക്കുന്നവരുടെ കാലത്ത് നിന്നു നോക്കുമ്പോൾ മാഷിനെ പോലെയുള്ള വ്യക്തികൾ ചെയ്ത കർമ്മങ്ങളുടെ മുമ്പിലാണ് നമ്മളിന്ന് നിൽക്കുന്നത്. അങ്ങനെയുള്ള ഒരു വ്യക്തിയെ നഷ്ടപ്പെടുമ്പോൾ, അത് ഏറെ വേദനാജനകമാണ്.
ഒരാൾ ലോകത്തിൽ നിന്നും നഷ്ടപ്പെടുമ്പോൾ അതിനുമൊപ്പം കണക്കാക്കാവുന്ന വ്യക്തികളുടെ അഭാവം വളരെ വലുതായി നമുക്ക് അനുഭവപ്പെടും. വല്ലാത്ത ശൂന്യതയും വിഷമവുമാണ് ഇങ്ങനെയുള്ള യാത്ര പറയൽ.
ഒരു സംവിധായകനെന്ന നിലയ്ക്ക് അദ്ദേഹത്തെ ഒരുപാട് സന്ദർഭങ്ങളിൽ കണ്ടുമുട്ടാൻ സാധിച്ചിട്ടുണ്ട്. അതേ പോലെ ഒന്നിച്ച് യാത്ര ചെയ്യാനും കഴിഞ്ഞിട്ടുണ്ട്. അപ്പോഴെല്ലാം മാഷിന്റെ ജീവിതത്തോടുള്ള ശാന്തമായ, ഒരു തിടുക്കവുമില്ലാത്ത സമീപനം ശ്രദ്ധിച്ചിട്ടുണ്ട്. ഇപ്പോൾ ഓർക്കുമ്പോൾ അതെല്ലാം ഒരിക്കലും മറക്കാൻ സാധിക്കാത്ത നിമിഷങ്ങളായിരുന്നു എന്ന് തോന്നുന്നു. അദ്ദേഹം ഒന്നും കൊതിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ വിനയമാണ് ആ സംഗീതത്തിന് ഏറെ ഭംഗി നൽകിയത്. സാംസ്കാരിക ലോകത്തിന് തന്നെ മാഷിന്റെ വിയോഗം വലിയൊരു നഷ്ടമാണ്. സാംസ്കാരിക ലോകമെടുത്താൽ അതിൽ ഏറ്റവും ഉന്നതമായ ഭാഷയിൽ സംസാരിച്ചിരുന്ന വ്യക്തിയാണ് അദ്ദേഹം. ഭാഷയില്ലാതെ തന്നെ ലോകത്തോട് സംസാരിച്ചിരുന്ന വ്യക്തിയെന്ന നിലയിൽ നമ്മൾ മാഷിനോട് കടപ്പെട്ടിരിക്കുന്നു. ആ വിയോഗം വേദനയുണ്ടാക്കുന്നു.