കൈക്കൂലിക്ക് ഏറെ സാദ്ധ്യതയും കുപ്രസിദ്ധിയുമുള്ള ഒരു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു സലിം സർ. വിരമിക്കുന്നതുവരെ ഒരു രൂപ പോലും അനർഹമായി നേടിയിട്ടില്ല. മീൻചന്തയിൽ കാക്കകൾ കടക്കണ്ണെറിഞ്ഞ് കാത്തിരിക്കുംപോലെ ഓഫീസ് വിടുന്നതിനുമുമ്പ് തങ്ങളുടെ വിഹിതം കൈക്കലാക്കാൻ കുറ്റബോധത്തോടെ നിൽക്കുന്നവരെ നോക്കിഒന്നു പുഞ്ചിരിച്ചിട്ട് സലിം ഒന്നും കണ്ടില്ലെന്ന മട്ടിൽ പോകും. പത്തിരുപത്തിയഞ്ചുവർഷം പ്രലോഭനങ്ങൾക്ക് നടുവിൽ കഴിഞ്ഞിട്ടും ശുദ്ധമായ കൈകളോടെ ഇറങ്ങിപ്പോരാൻ കഴിഞ്ഞത് അല്ലാഹുവിന്റെ കൃപ കൊണ്ടാണെന്ന് അദ്ദേഹം അടുത്ത സുഹൃത്തുക്കളോട് പറയുമായിരുന്നു. ഒരു യാത്രയയപ്പ് ചടങ്ങോ, സമ്മാനമോ വേണ്ടെന്നും സഹപ്രവർത്തകരോട് നേരത്തെ വ്യക്തമാക്കിയിരുന്നു. കൈക്കൂലി വിഹിതത്തിൽ ഒരു പങ്ക് അതിനുവേണ്ടി നീക്കി വയ്ക്കേണ്ടിവരില്ലേ. അതൊഴിവാക്കുകയായിരുന്നു സലിമിന്റെ ലക്ഷ്യവും.
ഓഫീസിൽ കൊണ്ടുവരുന്ന ബാഗിൽ ലോകക്ലാസിക്കുകളുണ്ടാകും. താത്പര്യമുള്ളവർക്ക് പുസ്തകത്തിന്റെ രണ്ടിരട്ടി വില വാങ്ങി വച്ചിട്ട് വായിക്കാൻ കൊടുക്കും. വായിച്ച്പുസ്തകം മടക്കിക്കൊണ്ടുവരുമ്പോൾ ആ തുക തിരിച്ചുനൽകും. സൗജന്യമായി കിട്ടിയാൽ പുസ്തകം വായിക്കില്ല. സൂക്ഷിക്കുകയുമില്ല. തിരിച്ചു തന്നില്ലെന്നും വരും. അതിനുവേണ്ടി ആവിഷ്കരിച്ച തന്ത്രം ശരിക്കും ഫലപ്രദമായി.
നാട്ടിലെ ചില സുഹൃത്തുക്കൾ ഹിമാലയ യാത്ര പ്ലാൻ ചെയ്തപ്പോൾ സലിമിനെയും അറിയിച്ചു. കുടുംബപരമായ ചില അസൗകര്യങ്ങൾ കാരണം പങ്കെടുക്കാനായില്ല. എങ്കിലും മടങ്ങിവന്ന സുഹൃത്തുക്കളുടെ ഹിമാലയത്തെക്കുറിച്ചുള്ള വർണനകൾ കേട്ടപ്പോൾ ഉള്ളിലെ മോഹം ഇരട്ടിച്ചു. അത് മനസിലാക്കിയ ഒരു സുഹൃത്ത് ചോദിച്ചപ്പോൾ സലിം യാത്രയിൽ പങ്കെടുക്കാത്തതിന്റെ കാരണങ്ങൾ നിരത്തി. തന്റെ ഉള്ളിൽ ജാതി, മതഭേദങ്ങളില്ല. എല്ലാവിശ്വാസങ്ങളെയും ദൈവങ്ങളെയും മാനിക്കുന്നു. എങ്കിലും മുസ്ലീം പേര് കണ്ട് ആർക്കും യാത്രാവേളയിൽ ഒരു ബുദ്ധിമുട്ട് വരരുത്. അതുകൊണ്ട് തത്ക്കാലം ഒഴിഞ്ഞുനിന്നെന്നുമാത്രം.
അടുത്തവർഷം സലിം ഹിമാലയയാത്രയ്ക്ക് തയ്യാറായി. ഒരു ശാരീരികപരിശോധന നടത്തിയപ്പോഴാണ് കരളിൽ ഒന്നുരണ്ടു ചെറിയ മുഴകളുള്ള കാര്യം വെളിപ്പെട്ടത്. ഡോക്ടറും സലിമും ദൈവവുമല്ലാതെ നാലാമതൊരാൾ അക്കാര്യം അറിഞ്ഞില്ല. അറിയിച്ചതുമില്ല. കാര്യം വെളിയിലറിഞ്ഞാൽ യാത്ര ചിലപ്പോൾ തടസപ്പെട്ടേക്കും. കണ്ണടയുമുമ്പേ തുറന്ന കണ്ണുകൾ കൊണ്ട് കൈലാസം കാണണം.
സലിം സർ ആശുപത്രിയിലാണെന്ന വിവരമറിഞ്ഞ് പല സുഹൃത്തുക്കളും സന്ദർശിച്ചു. കൈലാസം കണ്ടകാര്യം ആരോടും പറഞ്ഞില്ല. നേപ്പാൾ വരെ പോയെന്നേ വീട്ടുകാർക്കും അറിയാവൂ. കബറടക്കാൻ കൊണ്ടുപോകുന്നതിനുമുമ്പ് മകൻ ബാപ്പയുടെ അധികംഉപയോഗിക്കാത്ത പുതുവർഷ ഡയറി വെറുതേ ഒന്നെടുത്തു മറിച്ചുനോക്കി. കൈലാസത്തിന്റെയും ഹിമാലയത്തിന്റെയും കുറേ ഫോട്ടോകൾ. അതിലൊന്നിൽ ഹിമാലയവെള്ളം കണ്ട് കണ്ണുകൾ തുടയ്ക്കുന്ന സലീമിന്റെ ചിത്രവും. ബാപ്പയുടെ ശരീരത്തിൽ തലോടി വരുന്ന ചെറുകാറ്റിന് ഹിമവാന്റെ കുളിരുള്ളതുപോലെ മകന് തോന്നി. ആ ചിത്രങ്ങളിലെ ബാപ്പയുടെ മുഖം അവൻ നെഞ്ചോടുചേർത്തു.
(ലേഖകന്റെ ഫോൺ : 9946108220)