അപ്രതീക്ഷിതമായി വീണുകിട്ടിയ ഒരു അവധിക്കാലം, ഈ ലോക് ഡൗൺ കാലത്തെ അങ്ങനെ കാണാനാണ് നടി ലിയോണയ്ക്കിഷ്ടം. ഉറക്കം, വായന, സിനിമ കാണൽ, പാചക പരീക്ഷണങ്ങൾ, വർക്കൗട്ട് അങ്ങനെ പോകുന്നു താരത്തിന്റെ ഒഴിവുകാല വിനോദങ്ങൾ. നാടിന് വേണ്ടിയും നമുക്ക് വേണ്ടിയും ഈ കൊറോണക്കാലം വീടിനകത്ത് തന്നെ ചെലവഴിക്കാമെന്ന് ലിയോണ ലിഷോയ് പറയുന്നു.
''കുറച്ചുനാളുകൾക്ക് ശേഷമാണ് ഇത്രയധികം ദിവസം വീട്ടിൽ ഇരിക്കാൻ കിട്ടുന്നത്. കഴിഞ്ഞ അഞ്ചാറു മാസമായി നല്ല തിരക്കിലായിരുന്നു. ഷൂട്ട് കഴിഞ്ഞ് രണ്ടോ മൂന്നോ ദിവസത്തെ ബ്രേക്ക് മാത്രം എടുത്തിട്ട് അടുത്ത പടത്തിന് ജോയിൻ ചെയ്യും. കുറച്ചധികം ബ്രേക്ക് കിട്ടിയാൽ യാത്ര പോകും, ഇതായിരുന്നു സ്ഥിരം രീതി. ഇപ്പോൾ വീട്ടിലെ കുട്ടിയായി ഇരിക്കുകയാണ്. വർക്കൗട്ടാണ് പ്രധാന പരിപാടി. പിന്നെ അത്യാവശ്യം വായനയുണ്ട്, ചിത്രം വരയ്ക്കലുണ്ട്. അതുകൊണ്ട് പുറത്തിറങ്ങാൻ പറ്റാത്തതിന്റെ ബുദ്ധിമുട്ടൊന്നുമില്ല. ഉത്തരവാദിത്തമുള്ള പൗരൻ എന്ന നിലയിൽ ഈ നിയന്ത്രണങ്ങൾ നമ്മൾ പാലിക്കേണ്ടതുണ്ട്.
വീട്ടിലിരിക്കാൻ സമയം കിട്ടിയതാണ് വലിയൊരു കാര്യമായി തോന്നുന്നത്. പ്രത്യേകിച്ച് അച്ഛനും ഞാനും ഒന്നിച്ച് വീട്ടിൽ അധികം ഉണ്ടാകില്ല. ഒന്നുകിൽ ഞാൻ ഷൂട്ടിലായിരിക്കും, ഇല്ലേൽ അച്ഛൻ ഷൂട്ടിലായിരിക്കും. ഇതിപ്പോൾ അച്ഛനും അമ്മയും ചേട്ടനും അമ്മുമ്മയും എല്ലാരുമായിട്ട് വീട്ടിലാകെ ഒന്നിക്കലിന്റെ സന്തോഷമുണ്ട്.
ആദ്യത്തെ ഒന്ന് രണ്ട് ദിവസങ്ങൾ കുറച്ച് ബുദ്ധിമുട്ടി. എന്നാലും നമുക്ക് വേണ്ടിയും കുടുംബത്തിനു വേണ്ടിയും നാടിന് വേണ്ടിയും ഈ നിയന്ത്രണങ്ങൾ നല്ലതാണ്. വയനാട്ടിലെ ഷൂട്ട് പൂർത്തിയാക്കി വീട്ടിലെത്തിയപ്പോഴാണ് ലോക്ക് ഡൗൺ വാർത്ത വരുന്നത്. അതുകൊണ്ട് കൃത്യമായി വീട്ടിൽ തന്നെ നിൽക്കാൻ പറ്റി.
സിനിമയെ കുറിച്ച് ആലോചിക്കുമ്പോൾ ആശങ്കകളുണ്ട്, സിനിമാ ഇൻഡസ്ട്രി ഇനി എപ്പോഴാണ് പഴയതുപോലെ ആകുക എന്നറിയില്ല. എല്ലാ മേഖലയും തിരിച്ചുവന്നതിന് ശേഷം മാത്രമാകും സിനിമ മടങ്ങിയെത്തുക. എത്രയും പെട്ടെന്ന് എല്ലാം പഴയതുപോലെയാകട്ടെ എന്ന പ്രാർത്ഥനയിലാണ്. ദിവസക്കൂലിക്കാർ ഒരുപാടുള്ള തൊഴിൽ മേഖലയാണ്.
ലോക്ക് ഡൗൺ കഴിഞ്ഞാൽ ഒന്ന് പുറത്തിറങ്ങി നാട് മുഴുവൻ കാണണമെന്നുണ്ട്. കുറേ ദിവസമായി വീട്ടിൽ തന്നെ ഇരിക്കുന്നതല്ലേ. ആദ്യം എന്തായിരിക്കും ചെയ്യുന്നതെന്ന് പറയാൻ ഇപ്പോൾ പറ്റുന്നില്ല, ചിലപ്പോൾ ഏതേലും റെസ്റ്റോറന്റിൽ പോയി ഭക്ഷണം കഴിച്ചേക്കും, തീയേറ്ററൊക്കെ തുറന്നാൽ ചിലപ്പോൾ സിനിമയ്ക്ക് പോകും, അല്ലേൽ ഷോപ്പിംഗ്. വെറുതേ കാറുമെടുത്ത് ഡ്രൈവ് ചെയ്യാനും ഇഷ്ടമാണ്. അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമകൾ പൂർത്തിയാക്കാനുണ്ട്. 'റാം" ആണ് ഇനി ചെയ്യാനുള്ളത്. 'വരയൻ" പൂർത്തിയാക്കി. പിന്നെയുള്ളത് 'ജിന്നാ" ണ്. മൂന്ന് ചിത്രത്തിലും നല്ല പ്രതീക്ഷയുള്ള വേഷമാണ്.
പാചകത്തോട് വലിയ ക്രേസ് ഇല്ലെങ്കിലും ഇപ്പോൾ പരീക്ഷണങ്ങൾ നന്നായിട്ടുണ്ട്, അതുപോലെ നന്നായി ഭക്ഷണം കഴിക്കുന്നുമുണ്ട്. വർക്കൗട്ടിന് ഇപ്പോൾ നല്ല സമയം ചെലവഴിക്കുന്നതും അതുകൊണ്ടാണ്. പഴയ സുഹൃത്തുക്കളെയൊക്കെ തിരിച്ചു പിടിക്കാൻ ഈ ലോക്ക്ഡൗൺ കാലം സഹായിച്ചു, പിന്നെ ഒത്തിരി സിനിമകൾ കാണുന്നുണ്ട്, മറ്റൊന്നും ചെയ്തു തീർക്കാനില്ലാത്തതുകൊണ്ട് വളരെ റിലാക്സഡാണ്. വെറുതേ മടി പിടിച്ചിരിക്കാൻ ഒത്തിരിയിഷ്ടമുള്ള ആളാണ് ഞാൻ. എല്ലാത്തിനെയും പോസിറ്റീവായിട്ട് കാണാനാണ് ഇഷ്ടം. നമ്മൾ ഈ കാലവും അതിജീവിക്കുക തന്നെ ചെയ്യും.""