വാർദ്ധക്യത്തിൽ സമീകൃതവും ചിട്ടയുള്ളതുമായ ഭക്ഷണക്രമമാണ് പിന്തുടരേണ്ടത്. ദഹനപ്രശ്നങ്ങളെ അതിജീവിക്കാനും ആരോഗ്യവും ഊർജസ്വലതയും നേടാനും ഇത് സഹായിക്കും. ഉപ്പ്, കൊഴുപ്പ്, എരിവ്, മസാല, മധുരം എന്നിവ പരമാവധി കുറയ്ക്കണം. തവിടു കളയാത്ത ധാന്യങ്ങൾ, ഡ്രൈഫ്രൂട്ട്സ്, പയർവർഗങ്ങൾ, പാടനീക്കിയ പാൽ, മോര്, മുട്ടയുടെ വെള്ള, ചെറുമത്സ്യങ്ങൾ എന്നിവ കഴിയ്ക്കണം.പ്രഭാതഭക്ഷണത്തിന് ആവിയിൽ പുഴുങ്ങിയ പലഹാരങ്ങളാവാം. നാരുകളടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ, വാഴപ്പിണ്ടി, വാഴക്കൂമ്പ്, ഇലക്കറികൾ എന്നിവ ദഹനപ്രശ്നങ്ങളകറ്റും. ദിവസവും എട്ടുഗ്ലാസ് വെള്ളം കുടിക്കുക. കൊഴുപ്പു നീക്കിയ കോഴിയിറച്ചി മാസത്തിൽ രണ്ട് പ്രാവശ്യം കഴിക്കാം, റെഡ്മീറ്റ് പൂർണമായും ഒഴിവാക്കുക. പ്രോട്ടീൻ, ജീവകം, നാരുകൾ, കാർബോഹൈഡ്രേറ്റ് എന്നിവ ഉൾപ്പെടുത്തിയ സ്മൂത്തികൾ ഒരു നേരം കഴിച്ച് ഊർജവും രോഗപ്രതിരോധശേഷിയും ഉറപ്പാക്കാം. അത്താഴം രാത്രി എട്ടിന് മുൻപ് കഴിക്കുക. പേരയില, കൂവളത്തില, കറിവേപ്പില, ഉലുവ ഇവയിലേതെങ്കിലും ഒന്ന് ചേർത്ത് തയാറാക്കിയ വെള്ളം കുടിക്കാം.