ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. മരണസംഖ്യ 1,08,770 ആയി ഉയർന്നു. പതിനേഴ് ലക്ഷത്തിലധികം രോഗികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിത്സയിൽ കഴിയുന്നത്. അമേരിക്കയിലാണ് സ്ഥിതി ഏറ്റവും ഗുരുതരമായി തുടരുന്നത്.
കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ കണക്കില്‍ ഇറ്റലിയെ അമേരിക്ക മറികടന്നു.യുഎസില്‍ ഇതുവരെ 20,577 പേര്‍ക്ക് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടു. ഇറ്റലിയില്‍ 19, 468 പേരാണ് മരിച്ചത്. ഏറ്റവും കൂടുതല്‍ രോഗബാധിതരും അമേരിക്കയില്‍ തന്നെ. 5.32 ലക്ഷം ആളുകള്‍ക്കാണ് യുഎസില്‍ രോഗം ബാധിച്ചത്. 11,471 പേരുടെ നില അതിഗുരുതരമായി തുടരുകയാണ്.
24 മണിക്കൂറില്‍ 2018 പേരാണ് അമേരിക്കയില്‍ മരിച്ചത്. ന്യൂയോര്‍ക്ക് നഗരമാണ് രോഗത്തിന്റെ പ്രധാന ഹോട്‌സ്‌പോട്ട്. ന്യൂയോര്‍ക്കില്‍ മാത്രം രോഗബാധിതരുടെ എണ്ണം ലക്ഷം കടന്നു. ബ്രിട്ടനിലും മരണസംഖ്യ പതിനായിരത്തോടടുക്കുകയാണ്. ഇതുവരെ 9875 പേരാണ് ബ്രിട്ടനില്‍ മരിച്ചത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. യുറോപ്യന്‍ രാജ്യങ്ങളായ സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ് എന്നിവിടങ്ങളിലും മരണസംഖ്യ ഉയരുകയാണ്. ലോകത്താകമാനം 17 ലക്ഷം പേര്‍ക്ക് കൊവിഡ് ബാധിച്ചു. ഒരുലക്ഷത്തിലേറെ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ആഫ്രിക്കൻ രാജ്യങ്ങളിൽ കൊവിഡ് വ്യാപിക്കുന്നുണ്ട്. വരുന്ന ആഴ്ചകളിൽ സ്ഥിതി ഗുരുതരമാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നൽകി.