തിരുവനന്തപുരം: പൊലീസുകാർ ക്രൂരമായി പെരുമാറുന്നുവെന്ന രീതിയിലുള്ള പഴികൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച നാൾ മുതൽ കേൾക്കാൻ തുടങ്ങിയതാണ്. സ്വന്തം ജീവൻ പോലും പണയംവച്ച് മറ്രുള്ളവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന നിയമപാലകരുടെ ഉദ്ദേശ ശുദ്ധി പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നു. ഇങ്ങനെ വിമർശിക്കുന്നവരോട് കണ്ണൂർ തളിപ്പറമ്പ് സ്വദേശികളായ മെജോയ്‌ക്കും മിഥുനും പറയാനുള്ളത് പൊലീസിന്റെ മറ്റൊരു മുഖത്തെക്കുറിച്ചാണ്.
ലോക്ക് ഡൗണിനിടയിൽ തിരുവനന്തപുരം ആർസിസിയിൽ നിന്നും കണ്ണൂർ ഉള്ള സ്വന്തം വീട്ടിൽ എത്താൻ കഴിയാതിരുന്ന രോഗിക്ക് തുണയായ പൊലീസിന്റെ കരുണയുടെ മുഖത്തെക്കുറിച്ചാണ് യുവാക്കൾക്ക് പറയാനുള്ളത്. ശ്രീലേഖ ചന്ദ്രശേഖർ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് യുവാക്കൾക്ക് പറയാനുള്ല കാര്യങ്ങൾ പങ്കുവച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഈ കൊറോണ കാലത്തു നാം നിരവധി തവണ കേട്ട പഴി പോലീസിനെ കുറിച്ചാണ്, ലോക്ക് ഡൗൺ ലംഘനം നടത്തുന്നവർക്ക് പോലീസ് കൊടുക്കുന്ന ശിക്ഷാ നടപടികളും പോലീസിന്റെ ക്രൂര വിളയാട്ടവും. പക്ഷെ കണ്ണൂർ തളിപ്പറമ്പിൽ ഉള്ള മെജോയും മിഥുനും പറയാനുള്ളത് പോലീസിന്റെ മറ്റൊരു മുഖത്തെക്കുറിച്ചാണ്. ലോക്ക് ഡൌൺ കാരണം തിരുവനന്തപുരം RCC യിൽ നിന്നും കണ്ണൂർ ഉള്ള സ്വന്തം വീട്ടിൽ എത്താൻ കഴിയാതിരുന്ന രോഗിക്ക് തുണയായ പൊലീസിന്റെ മറ്റൊരു മുഖം, കരുണയുടെയും സാഹോദര്യത്തിന്റെയും മുഖം....
കണ്ണൂർ തളിപ്പറമ്പിൽ തലവിൽ സ്വദേശിയായ മെജോ ഉപ്പാണി ഒരു ലോറി ഡ്രൈവർ ആണ്, ദേശത്ത് അല്പസ്വല്പം സന്നദ്ധപ്രവർത്തനം ഒക്കെ നടത്തുന്നവരാണ് മെജോയും മിഥുനും. ഇവരാണ് കണ്ണൂർ എളമ്പരം സ്വദേശി ആയ ഒരു കാൻസർ രോഗിക്കും അദ്ദേഹത്തിന്റെ ബന്ധുവിനും തിരുവനന്തപുരത്തുനിന്നും സ്വന്തം വീട്ടിലെത്താൻ തുണയായത്.
മഹാരാഷ്ട്രയിൽ ഡ്രൈവർ ആയി ജോലി നോക്കവെയാണ് ഇദ്ദേഹത്തിന് കാൻസർ ഉണ്ടെന്നു കണ്ടെത്തിയത്. വിവാഹം കഴിഞ്ഞു വളരെ നാളിന് ശേഷം പിറന്ന കുഞ്ഞിനെ ഒരു നോക്ക് കണ്ടതിനു ശേഷമാണ് ഇദ്ദേഹം തിരുവനന്തപുരം RCC യിൽ ചികിത്സക്കായി എത്തിയത്. ട്രീറ്റ്മെന്റ് കഴിഞ്ഞപ്പോഴേക്കും ലോകം മുഴുവൻ കൊറോണയുടെ പിടിയിലമരുകയും രാജ്യം ലോക്ക് ഡൗണിൽ നിശ്ചലമാവുകയും ചെയ്തു. സ്വകാര്യ ആംബുലൻസുകാർ വൻ തുക ആവശ്യപ്പെട്ടതിനാൽ മടക്കയാത്ര അനിശ്ചിതത്തിലായതിനെ തുടർന്ന് അദ്ദേഹം EK നായനാർ ട്രസ്ടിന്റെ ഷെൽറ്ററിൽ അഭയം പ്രാപിച്ചു. ഇദ്ദേഹത്തിന്റെ വിഷമസ്ഥിതി അറിഞ്ഞ തളിപ്പറമ്പിലെ സന്നദ്ധ പ്രവർത്തകർ മുൻകൈ എടുത്ത് അദ്ദേഹത്തെ നാട്ടിലെത്തിക്കാൻ ശ്രമിക്കവെയാണ് മെജോയും മിഥുനും ആ ദൗത്യം സന്തോഷത്തോടെ ഏറ്റെടുക്കുന്നത്. പക്ഷെ അപ്പോഴും യാത്ര പാസ് സംഘടിപ്പിക്കുക എന്നത് ഒരു കടമ്പയായി മുന്നിൽ നിൽക്കുകയായിരുന്നു. ഈ സമയത്താണ് ആലക്കോട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പി. ബിജു സഹായ ഹസ്തവുമായി എത്തുന്നത്. അദ്ദേഹത്തിന്റെയും കണ്ണൂർ നോഡൽ ഓഫീസർ അനിൽ കുമാറിന്റെയും ശ്രമഫലമായി ഐ ജി ശ്രീജിത്തിന്റെ സഹായത്തോടെ യാത്ര പാസ് അനുവദിച്ചു കൊടുത്തു. അദ്ദേഹം എല്ലാ പോലീസ് സ്റ്റേഷനിലും അറിയിക്കുകയും മെജോക്കും മിഥുനും താണ്ടിയ വഴികളിലെല്ലാം നിയമപാലകരുടെ സഹായം ലഭിക്കുകയും ചെയ്തു. യാത്രയിലുടനീളം കാവലാളായി നിന്ന നിയമപാലകരെപ്പറ്റി പറയുമ്പോൾ മെജോയ്ക്ക് നന്ദി പറയാൻ വാക്കുകൾക്കു തികയുന്നില്ല. വായിൽ ട്രീട്മെന്റ് കഴിഞ്ഞ രോഗിയും പോലീസ് ഒരുക്കിയ സംരക്ഷണത്തെപ്പറ്റി ഓർക്കുമ്പോൾ കണ്ണുകൾ ഈറനണിയുന്നു. തിരിച്ചെത്തിയ സംഘത്തിന് തലശ്ശേരി പോലീസ് സ്റ്റേഷനിൽ സ്വീകരണം ഒരുക്കിയിരുന്നു.
ഈ യാത്രക്കിടയിൽ തിരുവനന്തപുരത്തു വച്ച് സ്കൂട്ടിയുമായി വന്ന ഒരാൾ വണ്ടിയിൽ ഇടിക്കാൻ തുടങ്ങുകയും പിന്നീട് അയാൾ തന്നെ ആളെ വിളിച്ചു കൂട്ടി പ്രശ്നമുണ്ടാക്കുകയും ചെയ്തു. അവിടെയും കൃത്യ സമയത്തു പോലീസ് ഇടപെട്ടതുമൂലം പ്രശനം പരിഹരിച്ചു യാത്ര തുടരാൻ കഴിഞ്ഞു. 500 കിലോമീറ്ററോളം യാത്ര ചെയ്യാനുണ്ടായിരുന്ന ഇവർക്കുള്ള ഭക്ഷണവും യഥാസമയം വിവിധ പോലീസ് സ്റ്റേഷനിൽ ഒരുക്കിയിരുന്നു.
ഒരു ദുരന്ത മുഖത്ത് ഒത്തൊരുമിച്ചു ആതുരർക്കും അശരണർക്കും തുണയാകുന്ന മലയാളിയുടെ സ്വഭാവം പ്രളയത്തിലും നാം സാക്ഷിയായതാണ്. ദുരന്തം വിതയ്ക്കുന്ന മഹാമാരിയായി കോവിഡ് 19 വ്യാപകമാകുമ്പോൾ ഒരിക്കൽ കൂടി കനിവിന്റെ കുട നിവർത്തുകയാണ് ഈ ചെറുപ്പക്കാരും ഒപ്പം ഏറെ പഴികേട്ട നിയമപാലകരും.
ശ്രീലേഖ ചന്ദ്രശേഖർ