kerala-

ന്യൂഡൽഹി: മാതൃകയാക്കണം കേരളത്തെ,​ ഇതുതന്നെയാണ് മറ്റ് സംസ്ഥാനങ്ങൾക്കും പറയാനുള്ളത്. കേരളത്തിലെ ആരോഗ്യ മേഖല എക്കാലവും ആഗോളതലത്തിലടക്കം കൈയടി നേടിയിട്ടുളളതാണ്. നിപ്പ കാലത്തും ഇപ്പോള്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും കേരളം ഒരു പിടി മുന്നിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേരളത്തെ പ്രശംസിച്ചു. കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അന്താരാഷ്ട്ര മദ്ധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റില്‍ ഉള്‍പ്പെടെ കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മികവിനെ പുകഴ്ത്തി രംഗത്ത് വന്നിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍, രോഗികളെ ക്വാറന്റെെന്‍ ചെയ്യുന്ന രീതി, സാമൂഹിക വ്യാപനം തടയാന്‍ സ്വീകരിച്ച നടപടികള്‍, ഇതര സംസ്ഥാന തൊഴിലാളികളോടുള്ള സമീപനം, ജനകീയ അടുക്കളകള്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സ എന്നിങ്ങനെ ഒരോ പ്രവര്‍ത്തനങ്ങളെയും സമഗ്രമായി പഠിച്ചാണ് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ലേഖനം.

ഒരുഘട്ടത്തിൽ മഹാരാഷ്ട്രയുടെ കണക്കുകൾക്കൊപ്പം തന്നെയായിരുന്നു കേരളത്തിലെ രോഗബാധിതരുടെ എണ്ണവും. പിന്നീട് ആരോഗ്യ പ്രവർത്തകരുടെ സംയോജിതമായ ഇടപെടലിലൂടെ രോഗത്തെ പ്രതിരോധിക്കുകയാണ് ഇപ്പോഴും ചെയ്തുവരുന്നത്.

അതേസമയം,​ രാജ്യത്ത് ഇതുവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം 8356 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കു പ്രകാരം 7367 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 715 പേർക്ക് രോഗം ഭേദമായി. 273പേർ മരണപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് 34 മരണങ്ങളും 909 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര,​തമിഴ്നാട്,​ രാജസ്ഥാൻ,​ മദ്ധ്യപ്രദേശ്,​ ഉത്തർപ്രദേശ്,​ ആന്ധ്രപ്രദേശ്,​ തെലങ്കാന,​ ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് ഇപ്പോൾ കൊവിഡ് കേസുകൾ കൂടുതലായും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രാകാരം കഴിഞ്ഞ ഒരാഴ്ചത്തെ റിപ്പോർട്ട് അനുസരിച്ച് കേരളം ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള രണ്ടാമത്തെ സംസ്ഥാനമായിരുന്നു. പിന്നീട് പ്രതിരോധത്തിലൂടെ ക്രമേണെ കുറഞ്ഞു വരികയാണ് ചെയ്തത്. നിലവിൽ സംസ്ഥാനങ്ങളിലെ കൊവിഡ് കേസുകൾ ഇങ്ങനെ...

മഹാരാഷ്ട്ര

ഏറ്റവും കൂടുതൽ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. 1761 കേസുകൾ റിപ്പോട്ട് ചെയ്തു. 127 മരണം.

ഡൽഹി

1069 പേർക്ക് കൊവിഡ് സ്ഥീരീകരിച്ചു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 19 പേർ രോഗം ബാധിച്ച് മരിച്ചു. 25 പേർ സുഖം പ്രാപിച്ചു.

തമിഴ്നാട്

969 കേസുകൾ. 44 പേർക്ക് സുഖം പ്രാപിച്ചു. 10 മരണങ്ങളുമുണ്ടായി.

രാജസ്ഥാൻ

700 കൊവിഡ് കേസുകൾ. മൂന്ന് മരണം. 21 പേർ രോഗമുക്തരായി.

മദ്ധ്യപ്രദേശ്

532 പേർക്ക് രോഗം സ്ഥിരീകരിച്ചു. 36 പേർ മരിച്ചു..

തെലങ്കാന

504 കേസുകൾ. 43 പേർക്ക് രോഗം ഭേദമായി. ഒമ്പത്പേർ മരിച്ചു.

ഉത്തർപ്രദേശ്

452 പേർക്ക് രോഗം സ്ഥിരീകരിച്ചു. 45 പേർക്ക് രോഗംഭേദമായി. അ‌ഞ്ച് മരണം.

ഗുജറാത്ത്

പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനത്ത് ഇതുവരെ 432 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 44 പേർക്ക് രോഗം ഭേദമായി.22 മരണം.

ആന്ധ്രപ്രദേശ്

381 കേസുകൾ. 11 പേർക്ക് രോഗം ഭേദമായി. ആറ് മരണം.

കേരളം

ഇന്ന് രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 36 പേര്‍ കൂടി രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 194 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 179 പേരാണ് ഇതുവരെ കൊവിഡില്‍ നിന്നും രോഗമുക്തി നേടിയത്. രണ്ട് മരണം.

കർണാടകം

214 കേസുകൾ. ആറ് മരണം. 37 പേർക്ക് സുഖം പ്രാപിച്ചു.

പ‌ഞ്ചാബ്

11 മരണം. 151 കേസ് റിപ്പോർട്ട് ചെയ്തു. അ‌ഞ്ച് പേർ രോഗമുക്തരായി.

ഹരിയാന

മൂന്ന് മരണം. 29 പേർ രോഗമുക്തരായി.

ബംഗാൾ

134 കേസുകൾ. അ‌‌ഞ്ച് മരണം.19 പേർക്ക് ഭേദമായി.

ഒഡീഷ

50 കേസുകൾ. രണ്ട് പേർക്ക് പോഗം ഭേദമായി. ഒരു മരണം.

ബീഹാർ

63 പേർക്ക് സ്ഥിരീകരിച്ചു. ഒരു മരണം.

സിക്കിം,​ മേഘാലയ,​നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ത്യയിൽ ഏപ്രിൽ 14ന് അവസാനിക്കുന്ന ലോക്ക് ഡൗൺ രണ്ടാഴ്ചകൂടി നീട്ടിയിട്ടുണ്ട്.