kaumudy-news-headlines

1. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ദേശീയ ലോക്ക് ഡൗണ്‍ നീട്ടുന്നതില്‍ കേന്ദ്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. ഇന്നലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചര്‍ച്ചയില്‍ ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ ധാരണ ആയിരുന്നു. കൂടുതല്‍ ഇളവുകളോടെ ലോക്ക് ഡൗണ്‍ നീട്ടാനാണ് ധാരണ. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനവും ഭാഗികമായി വീണ്ടും തുടങ്ങിയേക്കും. കേന്ദ്ര മന്ത്രിമാരും ജോയിന്റ് സെക്രട്ടറി തലം മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥരും നാളെ മുതല്‍ ഓഫീസുകളില്‍ എത്തണമെന്ന് നിര്‍ദ്ദേശിച്ചത് ആയാണ് വിവരം. മുതിര്‍ന്ന ഉദ്യോഗസ്ഥരെ സഹായിക്കാന്‍ മൂന്നിലൊന്ന് ജൂനിയര്‍ ഉദ്യോഗസ്ഥരും സ്റ്റാഫുകളും ഉണ്ടാകും. സാമൂഹിക അകലവും, കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങളും പാലിച്ചാകും നടപടി. ഒഡീഷ, പഞ്ചാബ്, മഹാരാഷ്ട്ര, തെലങ്കാന, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ ഏപ്രില്‍ 30 വരെ ലോക്ഡൗണ്‍ നീട്ടി. ചെറിയ ഇളവുകളോടെ കര്‍ണാടകയും ലോക്ഡൗണ്‍ നീട്ടുമെന്നാണ് അറിയിപ്പ്. ഗുരുതര മേഖലകലില്‍ നിലവിലെ നിയന്ത്രണം തുടരണം എന്നാണ് കേരളത്തിന്റെ നിലപാട്.

2. അതേ സമയം മഹാമാരിയില്‍ രാജ്യത്ത് മരിച്ചവരുടെ എണ്ണം 273 ആയി. ആകെ 8,356 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 34 പേര്‍ മരിക്കുകയും 909 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ഉണ്ടായതായി ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ ആയിരത്തിന് മുകളില്‍ പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ സ്ഥിരീകരിക്കുന്ന കേസുകളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന കുറവ് ആശ്വാസകരം ആണ്. അതേ സമയം മഹാരാഷ്ട്രയില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമായി തുടരുകയാണ്. ധാരാവിയില്‍ മാത്രം ഇതുവരെ നാല് പേര്‍ മരിക്കുകയും 28 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു
3. സംസ്ഥാന അതിര്‍ത്തിയായ നാടുകാണി ചുരത്തില്‍ പരിശോധന കര്‍ശനമാക്കുന്നതിന്റെ ഭാഗമായി കേരളം പുതിയ ചെക്ക്‌പോസ്റ്റ് സ്ഥാപിച്ചു. അടുത്ത ദിവസം മുതല്‍ അതിര്‍ത്തിയില്‍ പരിശോസ്ഥാനധനക്ക് ആരോഗ്യ, പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനിച്ചു. ജാഗ്രതയുടെ ഭാഗമായി ഇതര സംങ്ങളില്‍ നിന്ന് നാടുകാണി ചുരം വഴി കേരളത്തിലേക്ക് വരുന്ന വാഹനങ്ങളേയും യാത്രക്കാരേയും വഴിക്കടവ് ആനമറിയില്‍ വച്ചായിരുന്നു പരിശോധിച്ചിരുന്നത്. 10 കിലോമീറ്റര്‍ മീതെ നാടുകാണി ടൗണിലാണ് തമിഴ്നാടിന്റെ പരിശോധന. തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന വാഹനങ്ങളാണ് വഴിക്കടവില്‍ ആനമറിയിലെ എക്‌സൈസ് ചെക്ക്‌പോസ്റ്റിനടുത്ത് പരിശോധിച്ചിരുന്നത്. ആനമറിയില്‍ പരിശോധന നടക്കുന്ന സ്ഥലത്ത് എത്താതെ വനത്തിലൂടെ കേരളത്തിലേക്ക് ഒട്ടേറെപ്പേര്‍ നടന്നു വരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ആണ് തമിഴ്നാട് അതിര്‍ത്തിയില്‍ തന്നെ ചെക്ക് പോസ്റ്റ് സ്ഥാപിക്കാന്‍ കേരളം തീരുമാനിച്ചത്. തമിഴ്നാട്ടില്‍ കോവിഡ് വ്യാപന സാധ്യത കൂടിയതും പരിശോധന കര്‍ക്കശമാക്കാന്‍ കേരളത്തെ പ്രേരിപ്പിക്കുന്നുണ്ട്. നേരത്തെ അതിര്‍ത്തിയില്‍ പരിശോധനക്ക് ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലെന്ന പരാതി ഉണ്ടായിരുന്നു.ആവശ്യമുളളിടത്തോളം ജീവനക്കാരുടെ സേവനം ഉറപ്പാക്കാനും നടപടിയായിട്ടുണ്ട്. തമിഴനാട്ടിലെ സ്ഥിതി രൂക്ഷം ആകുന്നതിലാണ് കേരളം ഇത്തരം നടപടികളിലേക്ക് നീങ്ങിയത്. തമിഴ്നാട്ടില്‍ വീണ്ടും കോവിഡ് മരണം. ചെന്നൈ പുളിയന്തോപ്പ് സ്വദേശിയായ 54കാരി മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 11 ആയി.
4. ഡല്‍ഹിയില്‍ രണ്ട് നഴ്സുമാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ നിലവില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 42 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ഡല്‍ഹി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. 400 ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍ ആണ്. 1000 ത്തിലധികം പേര്‍ക്കാണ് രാജ്യ തലസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ആരോഗ്യ രംഗത്ത് വലിയ തിരിച്ചടി ആകുന്നുണ്ട്. വരും ദിവസങ്ങളിലും കൊവിഡ് പ്രതിരോധ നടപടികളെ ഇത് പ്രതികൂലമായി ബാധിച്ചേക്കും. ഡല്‍ഹിയിലെ കാന്‍സര്‍ സെന്റെറിലാണ് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചത്. ഇത് താല്‍ക്കാലികം ആയി പൂട്ടിയിരിക്കുകയാണ്. അതേ സമയം കൊവിഡ് പ്രതിരോധ നടപടികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പൊലീസ് സുരക്ഷ നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
5. നേരത്തെ രാജ്യത്തിന് വിവിധ ഭാഗങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ ആണ് നിര്‍ദ്ദേശം. അതിനിടെ അന്യ സംസ്ഥാന തൊഴിലാളികളെ അവരുടെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ പ്രായോഗികമല്ലെന്ന് കേന്ദ്രം. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യത്തോടാണ് കേന്ദ്രത്തിന്റെ പ്രതികരണം. സംസ്ഥാനത്ത് 3,85000 അതിഥി തൊഴിലാളികള്‍ ഉണ്ടെന്നും ഇവര്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യം ഉണ്ടാക്കണം എന്നും ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. ഏപ്രില്‍ 14 ന് ശേഷം അതിഥി തൊഴിലാളികള്‍ക്ക് മടങ്ങാനായി നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ അനുവദിക്കണം എന്നായിരുന്നു പ്രധാന ആവശ്യം. എന്നാല്‍ ഇത് പ്രായോഗികം അല്ലെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.