pm-modi

ന്യൂഡൽഹി: കൊവിഡ് 19 ന്റെ ആഘാതത്തിൽ നിന്ന് കർഷകരെ കരകയറ്റാനായി പി.എം കിസാൻ പദ്ധതിയുടെ ഭാഗമായി ഏഴ് കോടി കർഷകർക്ക് 2,000 രൂപ വീതം നൽകി കേന്ദ്ര സർക്കാർ. 13,855 കോടി രൂപയാണ് കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

1.70 ലക്ഷം കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി, ലോക്ക് ഡൗൺ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന സ്ത്രീകൾ, ദരിദ്രരായ മുതിർന്ന പൗരന്മാർ, കർഷകർ എന്നിവർക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങളും സാമ്പത്തിക സഹായവും സർക്കാർ പ്രഖ്യാപിച്ചു.

പ്രധാനമന്ത്രി കിസാന് കീഴിലുള്ള കർഷകർക്ക് പ്രതിവർഷം 6,000 രൂപ വരുമാനം സർക്കാർ നൽകുന്നുണ്ട്. മൂന്ന് തവണകളായി രണ്ടായിരം രൂപ വീതമാണ് നൽകുന്നത്. 2019 ഫെബ്രുവരി 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത് ആരംഭിച്ചത്. ജൂണിൽ നൽകേണ്ട പണം കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കർഷകർക്ക് മുൻകൂറായി നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.