യു.എ.ഇ: ഗൾഫ് രാജ്യത്ത് കൊവിഡ് 19 വ്യാപിക്കുകയാണ്. ഇതിനായി രാജ്യത്ത് കടുത്ത പ്രതിരോധ പ്രവർത്തനങ്ങളും നടത്തി വരികയാണ്. ഇതിനിടെയിലാണ് രണ്ടാം ഭാര്യയെ കാണാൻ അനുവദിക്കണമെന്ന അപേക്ഷയുമായി യു.എ.ഇയിലെ സുഡാനി പൗരനെത്തിയത്. രണ്ടാഴ്ച കൂടുമ്പോൾ ഒരിക്കലെങ്കിലും രണ്ടാം ഭാര്യയെ കാണാൻ അനുവദിക്കണം എന്നായിരുന്നു പൗരന്റെ അപേക്ഷ.
"ഞാനൊരു സുഡാനി ആണ്. ഇസ്ലാം മതക്കാരനുമാണ്. എനിക്ക് രണ്ട് ഭാര്യമാരുണ്ട്. ഞാൻ ഇപ്പോൾ ദുബായിൽ ഒരു ഭാര്യയോടൊപ്പം താമസിക്കുകയാണ്. രണ്ടാമത്തെ ഭാര്യ ഷാർജയിൽ താമസിക്കുകയാണ്. കൊവിഡ് 19 അണുവിമുക്ത നടപടികൾ നടക്കുന്നതിനാൽ രാജ്യത്ത് യാത്രാനുമതി അനുവദനീയമല്ല. അതിനാൽത്തന്നെ അവളെ കാണാൻ സാധിക്കുന്നില്ല. രണ്ടാഴ്ചയിൽ ഒരിക്കലെങ്കിലും എനിക്കവളെ കാണാൻ സാധിക്കുമോ? അതിനുള്ള യാത്രാനുമതി നൽകുമോ? ഈ യാത്രയ്ക്ക് പിഴ ഈടാക്കുമോ? ഇതിന് പെർമിറ്റ് ആവശ്യമുണ്ടോ"യെന്നും പൗരൻ ചോദിക്കുന്നു.
ഇതിന് ഗവൺമെന്റ് തക്ക മറുപടിയും നൽകി. കൊവിഡ് ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് നിയമ ലംഘനം നടത്തിയാൽ കടുത്ത നടപടി സ്വീകരിക്കുമെന്നായിരുന്നു മറുപടി. ആഗോള മഹാമാരിയായ കൊവിഡിനെ തടയാനുള്ള പ്രതിരോധ നടപടികൾ നടത്തിവരികയാണ്. ഇതിനായി യു.എ.ഇ അറ്റോണി ജനറൽ ഒരു പ്രമേയവും പുറപ്പെടുവിച്ചിട്ടുണ്ട്. മെഡിക്കൽ ആവശ്യത്തിന് മാത്രമേ പുറത്തിറങ്ങാൻ സാധിക്കുകയുള്ളൂ. കൂടാതെ അത്യവശ്യസാധനങ്ങൾ വാങ്ങുന്നതിനു മാത്രമേ പെർമിറ്റ് അനുവദനീയമുള്ളൂ. മേൽപ്പറഞ്ഞ കാരണങ്ങളൊന്നും ഇല്ലാതെയാണ് പുറത്തിറങ്ങുന്നെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. കൂടാതെ പിഴയും ചുമത്തുന്നതാണ്.
അനാവശ്യകാരണങ്ങൾക്കായി യാത്ര ചെയ്താൽ 2000 ദർഹം വരെയാണ് പിഴ. ചികിത്സാ ആവശ്യങ്ങൾക്കായി പുറത്തിറങ്ങണമെങ്കിൽത്തന്നെ പെർമിറ്റിന് അപേക്ഷിക്കേണ്ടത് നിർബന്ധമാണ്. നിങ്ങൾ വസതിയിൽ നിന്ന് പുറത്തിറങ്ങുകയാണെങ്കിൽ അതിനായി നിങ്ങൾ യാത്ര ചെയ്യാനുള്ള പെർമിറ്റിനായി അപേക്ഷിക്കണമെന്നും വ്യക്തമാക്കി. നിയമ ലംഘനമെന്ന് തെളിഞ്ഞാൽ കടുത്ത ശിക്ഷ ഉറപ്പാക്കും. പെർമിറ്റ് ദുബായ് പൊലീസിന്റെ മേൽനോട്ടത്തിലുമാണ്.