1

വാഷിംഗ്‌ടൺ ഡി.സി: അമേരിക്ക കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ ലോകത്ത് ഒന്നാമതെത്തി. 24 മണിക്കൂറിൽ 2100 ലേറെ പേർ മരിച്ചതോടെ ആകെ മരണം 20,580 ആയി. 5,​33,​155 പേർ ചികിത്സയിലാണ്. മരണസംഖ്യയിൽ ഒന്നാമതായിരുന്ന ഇറ്റലിയിൽ 19,​468 പേരാണ് മരിച്ചത്. ന്യൂയോർക്കിൽ മാത്രം 738 മരണമാണ് ഒറ്റ ദിവസം റിപ്പോർട്ട് ചെയ്‍തത്. ന്യൂയോർക്കിൽ സ്കൂളുകൾ അടച്ചിട്ടുണ്ട്. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അമേരിക്കയിലെ 50 സംസ്ഥാനങ്ങളേയും ദുരന്തബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് ഒന്നര കോടിയോളം പേർക്കാണ് തൊഴിൽ നഷ്ടമായത്.

അതേസമയം, ലോകത്താകെ 1,​09,​604 പേർ മരിച്ചു. 17,​90,​570 ആണ് രോഗബാധിതരുടെ എണ്ണം. രോഗം ഭേദമായവരുടെ എണ്ണം 4,​09,​540 ആയി.

ചൈന വീണ്ടും ആശങ്കയിൽ

കൊവിഡ് വ്യാപനം ഒട്ടൊന്ന് ശമിച്ച ശേഷം വീണ്ടും രോഗികൾ വർദ്ധിക്കുന്നത് ചൈനയെ ആശങ്കപ്പെടുത്തുന്നു. ശനിയാഴ്ച മാത്രം ചൈനയിൽ 99 പേരിൽ കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 63 പേരിലും രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു എന്നതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. ഇതോടെ ചൈനയിലെ രോഗികൾ 82,052 ആയി.

പുതിയ 99 കേസുകളിൽ 97 എണ്ണവും ചൈനയ്ക്ക് പുറത്തുനിന്ന് വന്നവരാണ്. രണ്ടെണ്ണം റഷ്യയുമായി അതിർത്തി പങ്കിടുന്ന ഹീലോങ്ജിയാങ് പ്രവിശ്യയിലാണ്. പ്രാദേശികമായി രണ്ട് കേസുകൾ വന്നതോടെ കൊവിഡിന്റെ രണ്ടാംവരവ് ആണോ എന്നാണ് ആശങ്ക.

 സ്‌പെയിനിൽ 619 പേർ ഇന്നലെ മരിച്ചു കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മരണ സംഖ്യയിൽ വർദ്ധനവ്.ആകെ മരണം 16972.

 ഫ്രാൻസിൽ 13832 പേരും ബ്രിട്ടനിൽ 9875 പേരും ജ‌ർമ്മനിയിൽ 2871 പേരും ഇറാനിൽ 4357 പേരും മരിച്ചു.

 സൗദി അറേബ്യയിലും അർമീനിയയിലും ലോക്‌ഡൗൺ നീട്ടി.

 ബെൽജിയം മരണസംഖ്യയിൽ ചൈനയെ മറികടന്നു. ആകെ മരണം - 3600

 തുർക്കി, ബ്രസീൽ, സ്വിറ്റ്സർലാൻഡ്, നെതർലാൻഡ്സ്, സ്വീഡൻ എന്നീ രാജ്യങ്ങളിൽ മരണസംഖ്യ ഉയരുന്നു.

 ബ്രസീൽ പ്രസിഡന്റ് ജയർ ബൊൽസൊനാരോ തെരുവിലിറങ്ങി ജനക്കൂട്ടവുമായി ഇടപഴകി. ആളുകൾ വീട്ടിൽ അടച്ചിരിക്കുന്നത് സാമ്പത്തികനില തകർക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 ഇൻഡോനേഷ്യയിൽ യാത്രാനിയന്ത്രണം.

 അന്താരാഷ്ട്ര വിമാന സർവീസ് നിയന്ത്രണം മ്യാൻമർ 30 വരെ നീട്ടി.

 ഇന്ത്യ കയറ്റി അയച്ച 30 ലക്ഷം പാരസെറ്റമോൾ ബ്രിട്ടനിൽ എത്തി.