shake-mujibur-rahman-

ധാക്ക: ബംഗ്ലാദേശ് സ്ഥാപക നേതാവും ആദ്യ പ്രസിഡന്റുമായിരുന്ന ഷെയ്‌ക്ക് മുജീബുർ റഹ്‌മാനെയും കുടുംബത്തെയും പട്ടാള അട്ടിമറിയിൽ കൂട്ടക്കൊലചെയ്‌ത പ്രതികളിൽ ഒരാളെ കൂടി തൂക്കിലേറ്റി. മുൻ സൈനിക ക്യാപ്റ്റനായ അബ്ദുൽ മജീദിനെയാണ് ഇന്നലെ പുലർച്ചെ ഢാക്ക സെൻട്രൽ ജയിലിൽ തൂക്കി കൊന്നത്. മുജീബുർ റഹ്‌മാന്റെ കൊലപാതകം നടന്ന് 45 വർഷങ്ങൾക്ക് ശേഷമാണ് വധശിക്ഷ നടപ്പാക്കിയത്.

പതിറ്റാണ്ടുകളായി ഒളിവിൽ കഴിഞ്ഞ അബ്ദുൾ മജീദിനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പിടികൂടിയത്. തുടർന്ന് ഇദ്ദേഹം നൽകിയ മാപ്പപേക്ഷ പ്രസിഡന്റ് എം. അബ്ദുൾ ഹമീദ് തള്ളിക്കളഞ്ഞു. കേസിലെ പ്രതികളായ 12 പേർക്കെതിരായ വധശിക്ഷ 2009 ലാണ് ബംഗ്ലാദേശ് സുപ്രീംകോടതി ശരിവെച്ചത്.

1975 ആഗസ്റ്റ് 15 നാണ് പട്ടാള അട്ടിമറിക്കിടെ മുജീബുർ റഹ്‌മാനും അദ്ദേഹത്തിന്റെ നിരവധി കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. ഒരു വിഭാഗം സൈനിക ഉദ്യോഗസ്ഥരാണ് അട്ടിമറി നടത്തിയത്. മുജീബുർ റഹ്‌മാന്റെ മകളും ഇപ്പോഴത്തെ ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായ ഷേയ്ഖ് ഹസീനയും സഹോദരിയും റിഹാനയും മാത്രമാണ് അന്ന് രക്ഷപ്പെട്ടത്. ഇരുവരും പശ്ചിമ ജർമ്മനിയിൽ ആയിരുന്നു. പന്ത്രണ്ട് സൈനിക ഉദ്യോഗസ്ഥരായിരുന്നു കേസിൽ പ്രതികൾ. ഇതിൽ അഞ്ചുപേരുടെ വധശിക്ഷ 2010ൽ നടപ്പാക്കി. ബാക്കിയുള്ളവർ ഒളിവിലായിരുന്നു. മജീദിനെ തൂക്കിലേറ്റിയതോടെ ആറുപേരുടെ വധശിക്ഷ നടപ്പായി. ഒരു പ്രതി സിംബാബ്‌വെയിൽ വച്ച് മരിച്ചു. പിടികിട്ടാനുള്ള മറ്റുപ്രതികളിൽ ഒരാൾ അമേരിക്കയിലും ഒരാൾ കാനഡയിലും ഉണ്ടെന്ന് ബംഗ്ലാദേശ് പൊലീസ് ഉറപ്പാക്കിയിട്ടുണ്ട്. പ്രതികൾ എവിടെയായിരുന്നാലും കണ്ടെത്തി ശിക്ഷ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ആവർത്തിച്ചു.

രാഷ്ട്ര പിതാവ്

1971ൽ ഒമ്പത് മാസത്തോളം നീണ്ട ബംഗാൾ ദേശീയവാദികളുടെ ജനകീയ പ്രക്ഷോഭമാണ് അന്നത്തെ പൂർവ പാകിസ്ഥാൻ പശ്ചിമ പാകിസ്ഥാനിൽ നിന്ന് വേർപെട്ട് ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാജ്യമാകാൻ കാരണമായത്. പൂർവ പാകിസ്ഥാന് രാഷ്‌ട്രീയ സ്വാതന്ത്ര്യം നേടിയെടുക്കാൻ മുജീബു‍ർ റഹ്‌മാന്റെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തെ പാക് സൈന്യം അടിച്ചമർത്തി. മുജീബിനെ അറസ്റ്റ് ചെയ്ത് പശ്ചിമ പാകിസ്ഥാനിൽ ബന്ദിയാക്കി. ബംഗ്ലാദേശിൽ പാക് പട്ടാളം ദേശീയ വാദികളെ കൂട്ടക്കൊല ചെയ്‌തു. ബംഗ്ലാദേശ് വിമോചനത്തിന് രൂപം കൊണ്ട മുക്തിബാഹിനി എന്ന ഗറില്ലാ സേനയ്‌ക്ക് ഇന്ത്യ സൈനിക പിന്തുണ നൽകി. ഇന്ത്യ - പാക് യുദ്ധത്തിലാണ് അത് കലാശിച്ചത്. പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ ബംഗ്ലാദേശിനെ മോചിപ്പിച്ചു. തുടർന്ന് പാകിസ്ഥാൻ വിട്ടയച്ച മുജിബുർ റഹ്‌മാനെ അധികാരത്തിലേറ്റി. മുജീബുർ റഹ്മാനെ ബംഗ്ലാദേശിന്റെ രാഷ്ട്ര പിതാവായാണ് കണക്കാക്കുന്നത്.