dhoni

ഴിഞ്ഞ ജൂണിൽ ഇംഗ്ളണ്ടിൽ നടന്ന ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്തത് മഹേന്ദ്ര സിംഗ് ധോണിയെക്കുറിച്ചാണ്.ട്വന്റി-20യിലും ഏകദിനത്തിലും രാജ്യത്തിന് ലോകകപ്പുകൾ നേടിത്തന്ന നായകനായ ധോണി ഇംഗ്ളണ്ട് ലോകകപ്പിൽ ഇന്ത്യ സെമിയിൽ ന്യൂസിലാൻഡിനോട് തോറ്റതിൽപ്പിന്നെ ദേശീയ കുപ്പായമണിഞ്ഞിട്ടില്ല. ക്രിക്കറ്റ് രംഗത്തെ പ്രമുഖരുടെ മുതൽ സാധാരണ ആരാധകരുടെ വരെ വാക്കുകളിൽ ധോണിയുടെ കരിയറിനെക്കുറിച്ച് പലവിധത്തിലുള്ള അഭിപ്രായങ്ങൾ ഉയരുമ്പോൾ ധോണി മാത്രം അതിനെക്കുറിച്ച് ഒന്നും മിണ്ടിയിട്ടുമില്ല.

ലോകകപ്പിന് ശേഷം ടെറിട്ടോറിയൽ ആർമിയിൽ സേവനത്തിനായാണ് ധോണി ആദ്യം സെലക്‌ടർമാരോട് അവധി ആവശ്യപ്പെട്ടത്. പിന്നീട് ഒാരോ പരമ്പരകളിൽ നിന്നും സ്വയം മാറിനിന്നതാണോ എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി മാറ്റി നിറുത്തിയതാണോ എന്നതിൽ വ്യക്തത ഇനിയും വരാനിരിക്കുന്നതേയുള്ളൂ. പുതിയവരെ പരീക്ഷിക്കാനായി ധോണി സ്വയം മാറിനിൽക്കുന്നു എന്ന രീതിയിൽ കാര്യങ്ങൾ മുന്നോട്ടുപോകുമ്പോൾ പ്രസാദ് സ്ഥാനമൊഴിഞ്ഞു.

അപ്പോഴേക്കും ഇനി ഐ.പി.എല്ലിൽ മാത്രമേ ധോണി കളിക്കുകയുള്ളൂ എന്ന് വ്യക്തമാവുകയും ചെയ്തു. ഐ.പി.എല്ലിൽ മികവ് കാട്ടിയാൽ ധോണി ഒക്ടോബറിലെ ട്വന്റി-20 ലോകകപ്പിൽ കളിക്കുമെന്ന് ഇന്ത്യൻ കോച്ച് രവി ശാസ്ത്രി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

മാർച്ച് മാസമാദ്യം ചെന്നൈയിൽ സൂപ്പർകിംഗ്സ് ടീമിന്റെ പരിശീലനക്യാമ്പിലെത്തിയ ധോണി പരിശീലനം പുനരാരംഭിച്ചതിന്‌ പിന്നാലെയാണ് കൊവിഡിന്റെ വ്യാപനത്തെത്തുടർന്ന് എല്ലാം നിറുത്തിവയ്ക്കേണ്ടിവന്നത്. മാർച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐ.പി.എൽ മാറ്റിവച്ചതോടെ ധോണിയുടെ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് അനിശ്ചിതത്വത്തിലായി എന്ന് ചിലരെങ്കിലും കരുതുന്നു.

ഇനി ഒക്ടോബറിൽ ലോകകപ്പ് മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ലോകകപ്പ് ഒക്ടോബറിൽ നടക്കുമോ അതോ ആ സമയത്ത് ഐ.പി.എൽ നടക്കുമോ എന്നതിൽ ഇനിയും തീരുമാനം വന്നിട്ടില്ല. ഐ.പി.എൽ മുടങ്ങിയാൽ ധോണിക്കായി പ്രത്യേക സെലക്ഷൻ ട്രയൽസ് നടത്തുകയോ ആഭ്യന്തര ടൂർണമെന്റുകളിൽ പങ്കെടുപ്പിക്കുകയോ വേണ്ടിവരും.

39

വരുന്ന ജൂലായിൽ ധോണിക്ക് 39 വയസ് തികയും. ജൂണിൽ മത്സരരംഗത്തുനിന്ന് മാറി നിന്നിട്ട് ഒരു വർഷം തികയുകയും ചെയ്യും.

ചെന്നൈയിൽ സൂപ്പർകിംഗ്സിന്റെ ക്യാമ്പിൽ ധോണി മികച്ച ഫോമിലായിരുന്നു. ഐ.പി.എല്ലിലെ മികച്ച പ്രകടനത്തിലൂടെ അദ്ദേഹത്തിന് ഇന്ത്യൻ ടീമിലെത്താനാകുമെന്ന് ഞങ്ങൾ സഹതാരങ്ങൾക്ക് ഉറപ്പുമുണ്ടായിരുന്നു.

- പിയൂഷ് ചൗള

ക്യാമ്പിൽ എന്നും മൂന്നുമണിക്കൂറോളം തുടർച്ചയായി ധോണി നെറ്റ്സിൽ ബാറ്റിംഗ് പ്രാക്ടീസ് നടത്തിയിരുന്നു. കുറേനാളിന് ശേഷമാണ് അദ്ദേഹം കളിക്കാനിറങ്ങിയത് എന്നതിന്റെ ഒരു ലക്ഷണവുമില്ലായിരുന്നു.

- കരൺ ശർമ്മ

കഴിഞ്ഞ പത്തുവർഷത്തിനിടെ ആദ്യമായി ധോണി കീപ്പിംഗ് പ്രാക്ടീസ് നടത്തുന്നത് ക്യാമ്പിൽ കണ്ടു. ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്താൻ അദ്ദേഹം അത്രത്തോളം ആഗ്രഹിക്കുന്നുണ്ട്.

- ടോമ്മി സിംസെക്ക്,

ചെന്നൈ സൂപ്പർ കിംഗ്സ് ഫിസിയോ

കഴിഞ്ഞ ലോകകപ്പോടെ ധോണി വിരമിക്കേണ്ടതായിരുന്നു.ഇത്രയും കാലം അദ്ദേഹം കളിക്കളത്തിൽ നിന്ന് വിട്ടുനിന്നത് എന്തിനെന്ന് മനസിലാകുന്നില്ല.

- ഷൊയ്ബ് അക്തർ, പാക് ക്രിക്കറ്റർ

ധോണിയെപ്പോലെ ഉൗർജ്വസ്വലനായ കളിക്കാരൻ വിരമിക്കണമെന്ന് പറയുന്നതിൽ അർത്ഥമില്ല. അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് ഇന്ത്യ ഇനിയും പ്രയോജനപ്പെടുത്തണം.

നാസർ ഹുസൈൻ, മുൻ ഇംഗ്ളണ്ട് ക്യാപ‌്ടൻ