ജനീവ: പ്രതിരോധപ്രവർത്തനങ്ങൾക്കിടെ 52 രാജ്യങ്ങളിൽ 22,000 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് ബാധിച്ചെന്ന് ലോകാരോഗ്യസംഘടന വെളിപ്പെടുത്തി. ഏപ്രിൽ എട്ടുവരെ 22,073 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജോലിസ്ഥലത്ത് നിന്നോ, കുടുംബാംഗങ്ങളിൽ നിന്നോ ആണ് ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.
രോഗം ബാധിക്കുന്ന ആരോഗ്യപ്രവർത്തകരുടെ കൃത്യമായ വിവരങ്ങൾ രാജ്യങ്ങൾ നൽകുന്നില്ലെന്ന് ലോകാരോഗ്യ സംഘടന ആരോപിച്ചു. രോഗികളെ പരിചരിക്കുമ്പോൾ ആരോഗ്യപ്രവർത്തകർ സുരക്ഷാ സംവിധാനങ്ങൾ നിർബന്ധമായും ധരിച്ചിരിക്കണം.സുരക്ഷിതരായി രോഗീപരിചരണവും രോഗപ്രതിരോധവും നടത്താനുള്ള ആരോഗ്യപ്രവർത്തകരുടെ അവകാശം സംരക്ഷിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.