amazone

ബ്രസീലിയ: ആമസോൺ മഴക്കാടുകൾക്കുള്ളിൽ ഒറ്റപ്പെട്ട് കഴിയുന്ന യാനോമാമി ഗോത്രവിഭാഗക്കാരിലെ 15കാരൻ കൊവിഡ് ബാധിച്ച് മരിച്ചതായി ബ്രസീൽ സ്ഥിരീകരിച്ചു. പുറംലോകവുമായി ബന്ധമില്ലാത്ത ആദിവാസികൾക്കിടയിലെ കൊവിഡ് മരണം വലിയ ആശങ്കയുളവാക്കുന്നതാണ്. ആമസോണിലെ യുറാറികോറിയ നദീതീരത്തെ റിഹേബി ഗ്രാമത്തിലെ 15 കാരനാണ് കൊവിഡ് ബാധിച്ച് വ്യാഴാഴ്ച മരിച്ചത്. ഏപ്രിൽ മൂന്ന് മുതൽ ബോ വിസ്തയിലെ റൊറൈമ ജനറൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു കുട്ടി. ബ്രസീൽ -വെനസ്വേല അതിർത്തിയിലെ മഴക്കാടുകളിൽ ഒറ്റപ്പെട്ട് കഴിയുന്ന യനോമാമി വിഭാഗത്തിൽ 38,000ഓളം അംഗങ്ങളാണുള്ളത്. തെക്കേ അമേരിക്കയിലെ ഒറ്റപ്പെട്ടുകഴിയുന്ന ഏറ്റവും വലിയ ഗോത്രവിഭാഗമാണിത്.

കൊവിഡ് ബാധിച്ച് മരിക്കുന്ന മൂന്നാമത് ഗോത്രവിഭാഗക്കാരനാണ് യനോമാമി വിഭാഗക്കാരനായ 15 കാരൻ. അനധികൃത ഖനനക്കാരിലൂടെയാവാം യനോമാമി വിഭാഗക്കാരിലേക്ക് വൈറസ് എത്തിയതെന്നാണ് റിപ്പോർട്ട്.