julian-assange

ലണ്ടൻ։ ലണ്ടനിലെ ഇക്വഡോർ എംബസിയിൽ ഒളിച്ച് താമസിക്കുന്നതിനിടെ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിന് അഭിഭാഷകയായ സ്റ്റെല്ല മോറിസുമായുള്ള ബന്ധത്തിൽ രണ്ട് കുട്ടികൾ ജനിച്ചെന്ന് റിപ്പോർട്ടുകൾ. ഒന്നും രണ്ടും വയസുള്ള മാക്സ്, ഗബ്രിയേൽ എന്നീ കുട്ടികളുടേയും സ്റ്റെല്ലയുടേയും വീഡിയോ വിക്കിലീക്‌സ് പുറത്തുവിട്ടു. തങ്ങൾ അഗാധമായ പ്രണയത്തിലാണെന്നും വിവാഹിതരാകാൻ ആഗ്രഹിക്കുന്നുവെന്നും വീഡിയോയിൽ സ്റ്റെല്ല പറയുന്നു.

അദ്ദേഹത്തിന്റെ പ്രശ്നങ്ങൾ ഒരിക്കലും തങ്ങളെ ബാധിക്കരുതെന്ന് കരുതിയാണ് കുട്ടികൾ ജനിച്ച വിവരം രഹസ്യമാക്കിയതെന്നും ജയിൽ തടവുകാർക്കിടയിൽ കൊവിഡ് പട‍ർന്ന് പിടിക്കുന്നുവെന്ന ആശങ്കയിലാണ് ഇപ്പോൾ താൻ സത്യം പുറത്ത് പറയുന്നതെന്നും സ്റ്റെല്ല പറഞ്ഞു. അസാൻജിന് ജാമ്യം അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കൊവിഡിന്റെ പശ്ചാത്തലത്തിൽ അസാൻജ് സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ചാരവൃത്തിക്കുറ്റവുമായി ബന്ധപ്പെട്ട് ലണ്ടനിലെ ബെൽമാർഷ് ജയിലിലാണ് അസാൻജിനെ പാർപ്പിച്ചിരിക്കുന്നത്. യു.എസ് രഹസ്യരേഖകൾ ചോർത്തിയതിന്റെ പേരിൽ വിചാരണ നേരിടുകയാണ് അസാൻജ്.