ദുബായ്: കൊവിഡ് രോഗത്തിന്റെ പശ്ചാത്തലത്തിൽ സ്വന്തം പൗരന്മാരെ തിരികെ സ്വീകരിക്കാൻ വിസ്സമ്മതിക്കുന്ന രാജ്യങ്ങളുമായുള്ള സഹകരണവും തൊഴിൽപരമായ ബന്ധങ്ങളും പുനഃക്രമീകരിക്കാനൊരുങ്ങി ഗൾഫ് രാജ്യമായ യുണൈറ്റഡ് അറബ് എമിറെറ്റ്സ്(യു.എ.ഇ). യു.എ.ഇ സർക്കാരിന്റെ മനുഷ്യവിഭവ, എമിറടൈസേഷൻ വകുപ്പാണ് ഇക്കാര്യം സംബന്ധിച്ചുള്ള തീരുമാനം കൈക്കൊള്ളാൻ ഒരുങ്ങുന്നതെന്ന് രാജ്യത്തെ പ്രധാന മാദ്ധ്യമങ്ങളായ ഗൾഫ് ന്യൂസും ഖലീജ് ടൈംസും റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്തെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരെ തിരികെ സ്വീകരിക്കാൻ വിസമ്മതിക്കുന്ന രാജ്യങ്ങൾക്കെതിരെയാണ് യു.എ.ഇ ഈ നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നതെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗൾഫ് രാജ്യങ്ങളിലുള്ള നിരവധി പേർ നിലവിൽ ജോലി നഷ്ടപെട്ട അവസ്ഥയിലോ ലീവിലോ ആണ്. ഈ സാഹചര്യത്തിലാണ് ഇവർ നാടുകളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നത്.
ഭാവിയിൽ ഈ രാജ്യങ്ങളിൽ നിന്നും തൊഴിലാളികളെ സ്വീകരിക്കുന്നതിൽ ഉപരോധം ഏർപ്പെടുത്താനും യു.എ.ഇ സർക്കാർ ആലോചിക്കുന്നുണ്ട്. സ്വന്തം പൗരന്മാരുടെ കാര്യത്തിൽ അതത് രാജ്യങ്ങൾക്കാണ് ഉത്തരവാദിത്തമെന്നും യു.എ.ഇ വ്യക്തമാക്കുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ നിലവിലെ സാഹചര്യത്തിൽ തിരികെ കൊണ്ടുവരാൻ വിസ്സമ്മതിച്ചിരുന്നു.
സമാനമായ രീതിയിൽ, അമേരിക്കയിൽ നിന്ന് വരുന്ന സ്വന്തം പൗരൻമാർക്ക് പ്രവേശനം നിഷേധിക്കുന്ന രാജ്യങ്ങൾക്ക് വീസാ ഉപരോധം ഏർപ്പെടുത്തുമെന്ന് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. കൊവിഡ് രോഗം പിടിമുറുക്കിയ പശ്ചാത്തലത്തിൽ അമേരിക്കയിൽ നിന്ന് വരുന്ന പ്രവാസികളെ ഏതെങ്കിലും രാജ്യം സ്വീകരിക്കാതിരിക്കുകയോ, അതിന് കാലതാമസം വരുത്തുകയോ ചെയ്താൽ നടപടി ഉണ്ടാകും. സ്വന്തം പൗരൻമാരെ സ്വീകരിക്കാതിരിക്കുന്നത് അമേരിക്കക്കാർക്ക് അസ്വീകാര്യമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നും ട്രംപ് വിശദീകരിച്ചു.