അന്താരാഷ്ട്ര ക്രിക്കറ്റിൽ വ്യത്യസ്‌തമായ ചേഷ്‌ടാവിശേഷങ്ങളാൽ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ 'അമ്പയർ" ആണ് ന്യൂസിലൻഡുകാരനായ ബില്ലി ബൗഡൻ. സ്കൂട്ടറുകളുടെ ലോകത്തും വ്യത്യസ്‌തവും ആകർഷകവുമായ മികവുമായി സമ്പന്നമായ ആരാധകവൃന്ദത്തെ സ്വന്തമാക്കിയ താരമുണ്ട്; ഹോണ്ടയുടെ ആക്‌ടീവ.
ഹോണ്ടാ ആക്‌ടീവയുടെ ആറാം തലമുറപ്പതിപ്പായ 'ആക്‌ടീവ 6ജി"യുടെ പരസ്യങ്ങളിലെ മുഖവും ബില്ലി ബൗഡനാണ്. ആക്‌ടീവയെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടതില്ല. ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ടൂവീലർ. ബി.എസ്-6 എൻജിൻ ഉൾപ്പെടെ, കാലികവും ആധുനികവുമായ മികവുകൾ ആക്‌ടീവ 6ജിയിലുണ്ട്.
മുന്നിൽ പുതിയ ഫെൻഡറും ഏപ്രണിൽ ക്രോം ആക്‌സെന്റുകളും കാണാം. ആക്‌ടീവ 5ജിയിലെ പോലെ, സൈഡ് പാനലുകളിൽ ഒറ്റ എയർ-ഇൻടേക്ക് മാത്രം. ഹെഡ്ലാമ്പിന് എൽ.ഇ.ഡി പെരുമ. ആക്‌ടീവ 125ന്റെ പ്ളാറ്ര്‌ഫോം കടംകൊണ്ടതിനാൽ നീളം, വീൽബെയ്സ്, ഗ്രൗണ്ട് ക്ളിയറൻസ്, ഫ്ളോർ സ്‌പേസ് എന്നിവ കൂടിയിട്ടുണ്ട്. മുന്നിലെ വീൽസൈസ് 10ൽ നിന്ന് 12 ഇഞ്ചിലേക്കും മാറി. സീറ്രിന്റെ നീളവും കൂടി. ഇവയെല്ലാം, റൈഡിംഗ് കൂടുതൽ സുഖകരമാക്കുന്നു.
7.68 ബി.എച്ച്.പി കരുത്തും 8.79 എൻ.എം ടോക്കുമുള്ള 109.1 സി.സി എൻജിൻ മികച്ചതാണ്. സിറ്റി ട്രാഫിക്കിലും ആശ്വാസം പകരും. 60-80 കിലോമീറ്റർ വേഗതയിലും മികച്ച നിയന്ത്രണം സ്‌കൂട്ടറിനുമേൽ ലഭിക്കുന്നു. 107 കിലോഗ്രാം മാത്രമാണ് ഭാരമെന്നതും മികച്ച കൺട്രോൾ നൽകും.
എക്‌സ്‌റ്രേണൽ ഫ്യുവൽ ഫില്ലർ, സീറ്റിൽ നിന്നിറങ്ങാതെ തന്നെ ഇന്ധനം നിറയ്ക്കാൻ സഹായിക്കും. ടാങ്ക് ശേഷി 5.3 ലിറ്റർ. മൾട്ടി ഫംഗ്ഷൻ കീ കൺസോൾ, സ്റ്റാർട്ട് - സ്‌റ്റോപ്പ് ബട്ടൺ, ഭംഗിയുള്ള ഇൻസ്‌ട്രുമെന്റ് കൺസോൾ, അതിൽ എക്കോ മോഡ് ഇൻഡിക്കേറ്റർ, സീറ്രിന് താഴെ 18 ലിറ്റർ സ്‌റ്റോറേജ്, കോംബീ ബ്രേക്കിംഗ് സിസ്റ്രം എന്നിങ്ങനെയുമുണ്ട് മികവുകൾ. ആറു കളറുകളിൽ ലഭിക്കുന്ന 6ജിക്ക് ആരംഭവില 68,795.