റോം: 'ഭയപ്പെടേണ്ട. പ്രത്യാശയുടെ സന്ദേശത്തിൽ വിശ്വസിക്കുക. ഈ ഇരുണ്ട കാലവും കടന്നുപോകും.' ശൂന്യമായ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഈസ്റ്റർ പ്രാർത്ഥനാ ചടങ്ങുകൾക്കിടെ ലോകത്തോടായി ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷൻ ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞു.
ആയുധക്കച്ചവടവും ഗർഭച്ഛിദ്രവും അവസാനിപ്പിക്കണമെന്ന് ഈസ്റ്റർ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. "മരണത്തിന്റെ നിലവിളി നമുക്ക് നിശബ്ദമാക്കാം, ഇനി യുദ്ധങ്ങളില്ല. ആയുധങ്ങളുടെ ഉത്പാദനവും കച്ചവടവും അവസാനിപ്പിക്കാം. കാരണം നമുക്ക് തോക്കുകളല്ല, ഭക്ഷണമാണ് വേണ്ടത്. കൊവിഡ് പ്രതിസന്ധി നേരിടുന്നതിന് രാജ്യങ്ങൾക്കുമേലുള്ള ഉപരോധങ്ങൾ നീക്കണം. ആവശ്യങ്ങൾ അറിഞ്ഞ് രാജ്യങ്ങൾ പരസ്പരം സഹായിക്കണം. ചികിത്സയും മരുന്നും അടക്കം അടിസ്ഥാന ആവശ്യങ്ങൾ ആർക്കും നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുത്. ദരിദ്രരാജ്യങ്ങളെ കാണാതെ പോകരുത്.'- ഈസ്റ്റർ ദിന സന്ദേശത്തിൽ മാർപ്പാപ്പ ലോകത്തോട് ആഹ്വാനം ചെയ്തു.
സാധാരണ ഒരുലക്ഷത്തോളം വിശ്വാസികൾ അണിനിരക്കുന്ന സെന്റ് പീറ്റേഴ്സ് ചത്വരം ഇക്കുറി ശൂന്യമായിരുന്നു. പള്ളിക്കുള്ളിൽ നടന്ന ചടങ്ങിൽ ഇരുപതോളം പേരെ പങ്കെടുത്തുള്ളൂ. ഓൺലൈൻ വഴി നിരവധിപ്പേർ പ്രാർത്ഥനയിൽ പങ്കാളികളായി.