ലണ്ടൻ: കൊവിഡ് -19 ബാധിച്ച് അതീവ ഗുരുതരവാസ്ഥയിലായതിനെ തുടർന്ന് ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ആശുപത്രി വിട്ടു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ഇന്നലെ ഡിസ്ചാർജ്ജ് ചെയ്തത്.
എന്നാൽ, മെഡിക്കൽ സംഘത്തിന്റെ നിർദ്ദേശപ്രകാരം കുറച്ച് നാൾ കൂടി നിരീക്ഷണത്തിൽ തുടരും. ഉടൻ ജോലിയിൽ തിരികെ പ്രവേശിക്കില്ല.
ഏകദേശം മൂന്നാഴ്ച മുമ്പാണ് ബോറിസ് ജോൺസണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് സ്ഥിതി വഷളായതോടെ അദ്ദേഹത്തെ സെന്റ് തോമസ് ആശുപത്രിയിലേക്ക് മാറ്റി. നില കൂടുതൽ വഷളായതോടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മൂന്ന് ദിവസം അവിടെ തുടർന്നു. പിന്നീട് ആരോഗ്യനിലയിൽ മാറ്റമുണ്ടായതോടെ വാർഡിലേക്ക് മാറ്റി.
'സുഖം പ്രാപിക്കുന്നു. തന്നെ രോഗവിമുക്തനാക്കാനായി അഹോരാത്രം പ്രവർത്തിച്ച ആരോഗ്യപ്രവർത്തകർക്ക് നന്ദിയറിക്കുന്നു.'- ജോൺസൻ ട്വീറ്റ് ചെയ്തു.