muraleedharan

ന്യൂഡൽഹി: കൊവിഡിന്റെ പശ്ചാത്തലത്തിൽ യു. എ. ഇയിലെ ഇന്ത്യക്കാരെ മൊത്തം തിരിച്ചു കൊണ്ടുപോരണമെന്നതിനെ പറ്റി ഔദ്യോഗികമായി ഒരു സന്ദേശവും യു.എ.ഇ സർക്കാരിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അറിയിച്ചു.

പ്രവാസികളെ തിരിച്ചു കൊണ്ടുപോകണമെന്നും അതിന് തയ്യാറാകാത്ത രാജ്യങ്ങളുമായുള്ള തൊഴിൽ ബന്ധങ്ങൾ പുനഃപരിശോധിക്കുമെന്നും യു.എ.ഇ. നിലപാട് അറിയിച്ചെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നലെ ഗൾഫ് ന്യൂസ് ഉൾപ്പെടെയുള്ള ചില മാദ്ധ്യമങ്ങൾ ഔദ്യോഗിക എമിറേറ്റ്സ് ന്യൂസ് ഏജൻസിയെ ( WAM )​ ഉദ്ധരിച്ചാണ് ഈ വിവരം റിപ്പോർട്ട് ചെയ്‌തിരുന്നത്.

കൊവിഡ് ബാധയെ തുടർന്ന് തങ്ങളുടെ പൗരൻമാരെ മടക്കി വിളിക്കണമെന്ന ആവശ്യത്തോട് പല രാജ്യങ്ങളും പ്രതികരിക്കാത്തതിനെ തുടർന്നാണ് യു. എ. ഇ നിലപാട് വ്യക്തമാക്കിയത്.

സ്വന്തം പൗരന്മാരെ തിരിച്ചുകൊണ്ടുപോകാത്ത രാജ്യങ്ങളുടെ വിസ ക്വോട്ടയിൽ മാറ്റം വരുത്തുന്നത് ആലോചിക്കേണ്ടി വരുമെന്നും ഈ രാജ്യങ്ങളിൽ നിന്ന് ഭാവിയിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് കർശനമായി നിയന്ത്രിക്കുമെന്നും യു.എ.ഇ. മാനവ വിഭവശേഷി-മന്ത്രാലയം വ്യക്തമാക്കിയെന്നും റിപ്പോർട്ടിലുണ്ട്. ഏതെങ്കിലും രാജ്യത്തിന്റെ പേര് മന്ത്രാലയം എടുത്തു പറഞ്ഞിട്ടില്ല. മിക്ക യൂറോപ്യൻ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ തിരിച്ചു കൊണ്ടുപോയി. ഇന്ത്യ ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് യു.എ.ഇയിലുള്ളത്.

ഒരു രാജ്യം ഇത്തരം നിലപാട് എടുത്തിട്ടുണ്ടെങ്കിൽ മാദ്ധ്യമങ്ങളിലൂടെയല്ല പുറത്തുവരാറുള്ളതെന്നും അതത് രാജ്യങ്ങളിലെ എംബസിയെയാണ് ആദ്യം അറിയിക്കാറുള്ളതെന്നും മുരളീധരൻ കേരളകൗമുദിയോട് പറഞ്ഞു. വാർത്ത അറിഞ്ഞയുടൻ ഡൽഹിയിലെ വിദേശമന്ത്രാലയത്തിൽ ഗൾഫ് രാജ്യങ്ങളുടെ ചുമതലയുള്ള സീനിയർ ഉദ്യോഗസ്ഥനുമായും യു.എ.ഇയിലെ ഇന്ത്യൻ എംബസിയുമായും ബന്ധപ്പെട്ടു. ഇതുവരെ അത്തരത്തിലുള്ള ഒരു സന്ദേശവും യു.എ.ഇ സർക്കാരിൽ നിന്ന് ഇന്ത്യൻ വിദേശ മന്ത്രാലയത്തിനോ യു.എ.ഇയിലെ ഇന്ത്യൻ എംബസിക്കോ കിട്ടിയിട്ടില്ല. അതിനാൽ ആ വാർത്ത സ്ഥിരീകരിക്കാത്തതാണ്.

യു.എ.ഇ സർക്കാരിലുളള്ള ചിലരുമായി അനൗപചാരികമായി സംസാരിച്ചിരുന്നു. അവരെല്ലാവരും പറഞ്ഞത് ഇന്ത്യയുമായി വളരെ ഊഷ്മളമായ ബന്ധമാണ് യു.എ.ഇക്കുള്ളതെന്നാണ്. ഇന്ത്യയിലേക്ക് യു.എ.ഇ വിമാന സർവീസ് നടത്തുന്നത് സംബന്ധിച്ച് ചില വാർത്തകൾ കഴിഞ്ഞദിവസം വന്നിരുന്നു. ഈ വാർത്തകളെല്ലാം സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് കൊടുക്കുന്നതാണെന്ന് അനൗപചാരിക സംഭാഷണത്തിൽ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.