കുമരകം: കുമരകം ഇടവട്ടം പാടശേഖരത്തിലെ തുരുത്തിൽ ആൾതാമസമില്ലാത്ത വീട്ടിൽ നിന്ന് മൂന്നു മൂർഖൻ പാമ്പുകളെയും 16 കുഞ്ഞുങ്ങളെയും വാവാ സുരേഷ് പിടികൂടി. മണർക്കാട് താമസിക്കുന്ന സുഗുണന്റെ പരുത്തിക്കളത്തിലെ വീട്ടിൽ നിന്നാണ് പാമ്പുകളെ പിടികൂടിയത്. തുരുത്തിലെ മത്സ്യത്തൊഴിലാളികളായ സനീഷും ജോൺസണുമാണ് പാമ്പുകളെ ആദ്യം കണ്ടത്. വീട് പരിശോധിച്ചപ്പോൾ കൂടുതൽ പൊത്തുകൾ കണ്ടെത്തയതിനെ തുടർന്ന് വാവാ സുരേഷിനെ അറിയിക്കുകയായിരുന്നു. ഇന്നലെ രാത്രി എട്ടോടെ രണ്ട് സഹായികൾക്കൊപ്പം എത്തിയ വാവ സുരേഷ് നാലര മണിക്കൂർ കൊണ്ടാണ് പാമ്പുകളെ പിടികൂടിയത്. 30 മുട്ടകൾ വിരിഞ്ഞിട്ടുണ്ടെന്നും ബാക്കി കുഞ്ഞുങ്ങൾ രക്ഷപ്പെട്ടിട്ടുണ്ടാകാമെന്നും വാവ സുരേഷ് പറഞ്ഞു. മൂർഖൻ പാമ്പുകളിൽ ഒന്ന് ആണും രണ്ടെണ്ണം പെണ്ണുമാണ്.