കട്ടപ്പന: വീട്ടിൽ സൂക്ഷിച്ചിരുന്ന വ്യാജമദ്യം പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ഭാര്യയും ഭർത്താവും ചേർന്ന് വെട്ടിപ്പരിക്കേൽപ്പിച്ചു. ഉപ്പുതറ സ്റ്റേഷനിലെ സി.പി.ഒമാരായ തോമസ് ജോൺ, അനുമോൻ അയ്യപ്പൻ, ശ്രീജിത്ത് വി.എം എന്നിവർക്കാണ് പരിക്കേറ്റത്. മേരികുളം നിരപ്പേൽക്കട പേഴത്തുംമൂട്ടിൽ ജയിംസ് (46), ഭാര്യ ബിൻസി (42) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
രഹസ്യ വിവരത്തെ തുടർന്ന് ഉപ്പുതറ സി.ഐ എസ്.എം. റിയാസിന്റെ നിർദേശപ്രകാരമാണ് പൊലീസ് ജെയിംസിന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയത്. വീടിന്റെ പുറത്തുനിന്ന് രണ്ട് ലിറ്റർ വ്യാജമദ്യം കണ്ടെടുത്തതോടെ വീടിനുള്ളിലേക്ക് കയറാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ സ്ത്രീകൾ ചേർന്ന് തടഞ്ഞു. തുടർന്ന് ബലപ്രയോഗത്തിലൂടെ അകത്തുപ്രവേശിക്കാൻ ശ്രമിച്ചപ്പോൾ ജെയിംസിന്റെ ഭാര്യ ബിൻസി പൊലീസ് ഉദ്യോഗസ്ഥരെ വാക്കത്തിക്ക് വെട്ടുകയായിരുന്നു. ഈ സമയം വീടിനുള്ളിലായിരുന്ന ജെയിംസും മറ്റുള്ളവരും ചേർന്ന് 18 ലിറ്ററോളം വ്യാജമദ്യം ശുചിമുറിയിൽ ഒഴിച്ചുകളഞ്ഞു. വിവരമറിഞ്ഞ് ഉപ്പുതറ കട്ടപ്പന, വണ്ടിപ്പെരിയാർ സ്റ്റേഷനുകളിൽ നിന്ന് പൊലീസ് സ്ഥലത്തെത്തി. കൈക്ക് മാരകമായി മുറിവേറ്റ സി.പി.ഒ തോമസ് ജോണിനെ ഉപ്പുതറ സി.എച്ച്.എസിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനുമോൻ അയ്യപ്പന്റെ കൈപ്പത്തിക്ക് താഴെ മുറിവേൽക്കുകയും ശ്രീജിത്തിനു മർദനമേൽക്കുകയും ചെയ്തു. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.