she

കൊവിഡ് ലോകമാകെ സംഹാര താണ്ഡവമാടുന്നതിന്റെ കാഴ്ചകളാണ് ദിവസേന നാം കണ്ടുകൊണ്ടിരിക്കുന്നത്.ഒടുവിലെ കണക്കുകൾ പ്രകാരം ലോകത്താകമാനം 1,804,489 പേരെയാണ് ഈ മഹാമാരി പിടികൂടിയിരിക്കുന്നത്. 110,868 പേർ രോഗം മൂലം മരണമടയുകയും ചെയ്തിട്ടുണ്ട്. 412,370 രോഗമുക്തരായിട്ടുമുണ്ട്. ഇന്ത്യയിലാകട്ടെ ഇതുവരെ 8,447 പേർക്ക് രോഗം വന്നിട്ടുണ്ട്. എന്നാൽ ഈ ദുർഘട സമയത്ത് രോഗത്തെ ഏറ്റവും ഫലപ്രദമായി പ്രതിരോധിച്ചത് സ്ത്രീ ഭരണാധികാരികളാണെന്ന വസ്തുത അധികമാരും ശ്രദ്ധിച്ചിരിക്കാൻ സാദ്ധ്യതയില്ല. ഈ വസ്തുതയിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ് മാദ്ധ്യമപ്രവർത്തകനായ ഹരിമോഹൻ, തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. രോഗപ്രതിരോധം ഫലപ്രദമായി നടപ്പാക്കുന്ന സ്ത്രീ ഭരണാധികാരികളുടെ പട്ടിക ഏറെ നീളമുള്ളതാണെന്നും അതിൽ ന്യൂസിലൻഡ് പ്രധാനമന്ത്രിയായ ജസിണ്ട ആർഡൺ മുതൽ കേരളത്തിന്റെ ആരോഗ്യ മന്ത്രി കെ.കെ ശൈലജ വരെയുണ്ടെന്നും ഹരിമോഹൻ ചൂണ്ടിക്കാണിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:

'കോവിഡിന്റെ തുടക്കം കണ്ട ചൈനയില്‍ നിന്ന് 130 കിലോമീറ്റർ ദൂരമേയുള്ളൂ തായ്‌വാൻ എന്ന കൊച്ചുരാജ്യത്തേക്ക്. 82,052 പോസിറ്റീവ് കേസുകളും 3,339 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ട ചൈനയുമായി, പ്രത്യേകിച്ച് വുഹാനുമായി അടുത്ത ബന്ധമുള്ള തായ്‌വാനിൽ ഇന്നുവരെ റിപ്പോർട്ട് ചെയ്തത് 388 കേസുകൾ മാത്രം, 6 മരണവും. വുഹാനിൽ കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടു തുടങ്ങിയപ്പോൾ മുതൽ കൃത്യമായി നടത്തിയ നിരീക്ഷണങ്ങളും പരിശോധനകളും വിമാനത്താവളങ്ങളിലെ സ്ക്രീനിങ്ങുകളും തായ്‌വാനിലെ രോഗനിയന്ത്രണത്തിനു കാരണമായപ്പോൾ ലോകരാഷ്ട്രങ്ങളിൽ പലരും ആ മാതൃകയെ വാഴ്ത്തി.

പലരും ചിന്തിക്കുന്നതിനു മുൻപേ തായ്‌വാൻ പ്രവർത്തിച്ചു തുടങ്ങിയിരുന്നു. ക്വാറന്റൈനിലുള്ളവരുടെ ഫോൺ ട്രാക്ക് ചെയ്ത്, അവർ അതു കൃത്യമായി ചെയ്യുന്നുണ്ടോ എന്നു പരിശോധിക്കാൻ അവരെന്നേ തുടങ്ങിയിരുന്നു. കേന്ദ്രീകൃതമായ ഒരു കമാൻഡ് സെന്റർ വഴിയാണ് അവർ നിരീക്ഷണ നിയന്ത്രണ സംവിധാനങ്ങളൊരുക്കിയത്. ഒരു കോടി മാസ്കുകളാണ് ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയ്ക്കും 11 യൂറോപ്യൻ രാജ്യങ്ങൾക്കുമായി ഈ കൊച്ചു രാജ്യം ഇപ്പോൾ അയക്കാനൊരുങ്ങുന്നത്. ലോകം മുഴുവൻ ചർച്ച ചെയ്യപ്പെടുന്ന ഒരു ഭരണാധികാരിയുണ്ടവിടെ. അധ്യാപികയിൽ നിന്ന് തായ്‌വാനിലെ ആദ്യ വനിതാ പ്രസിഡന്റായ സായ് ഇങ്-വെന്നിന്റേത്.

മറ്റൊരു രാജ്യവും മറ്റൊരു ഭരണാധികാരിയുമുണ്ട്. അതും സ്ത്രീയാണ്. ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡെൻ. 1,049 കേസുകളും നാലു മരണവുമാണവിടെ ഇതുവരെയുണ്ടായത്. 50 ലക്ഷം മാത്രമുള്ള ജനസംഖ്യയാണ് അതിനു കാരണമെന്നു വേണമെങ്കിൽ വാദിക്കാം. പക്ഷേ ആ രാജ്യത്തെയും ജസിൻഡയെന്ന പ്രധാനമന്ത്രിയെയും കൃത്യമായി നിരീക്ഷിക്കുമ്പോൾ വാഷിങ്ടൺ പോസ്റ്റിന്റെ തലക്കെട്ട് ആവർത്തിക്കേണ്ടിവരും- ''ന്യൂസിലൻഡ് അതു പരത്തുകയല്ല, തുടച്ചുനീക്കുകയാണ്.'' എന്ന്. ഒരിക്കൽ ജസിൻഡ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ പറയുകയുണ്ടായി- ''നിങ്ങൾക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്നു കരുതി പ്രവർത്തിക്കുക. നിങ്ങൾ നടത്തുന്ന ഓരോ ചലനം പോലും മറ്റൊരാളുടെ ജീവനെ ബാധിക്കും. അങ്ങനെയാണു നമ്മളൊന്നിച്ചു ചിന്തിക്കേണ്ടത്.''

ഇറ്റലിയിൽ 12 ശതമാനവും സ്പെയിൻ, ഫ്രാൻസ്, ബ്രിട്ടൻ എന്നിവിടങ്ങളിൽ 10 വീതവും ചൈനയിൽ നാലും അമേരിക്കയിൽ മൂന്നും ശതമാനം വീതം മരണനിരക്കുണ്ടാകുമ്പോൾ വൈറസ് വലിയതോതിൽ ബാധിച്ച ജർമനിയിൽ അത് 1.6 ശതമാനം മാത്രമാണ്. 1.25 ലക്ഷത്തോളം കേസുകളുള്ള ജർമനിയിൽ മരിച്ചത് 2,871 പേരാണ്. 51,853 പേരാണ് അവിടെ രോഗമുക്തരായത്. വളരെ നേരത്തേ തുടങ്ങിയ ടെസ്റ്റുകളാണ് രോഗവ്യാപനമുണ്ടായപ്പോഴും മരണനിരക്ക് പിടിച്ചുനിർത്താന്‍ ജർമനിയെ സഹായിച്ചത്.

ലോകരാഷ്ട്രങ്ങളിൽ ഏറ്റവുമധികം ഇന്റൻസീവ് കെയർ ബെഡ്ഡുകളുള്ള ഒരു രാജ്യം ജർമനിയാണ്. ഇതിനെപ്പറ്റിയുള്ള ഒരു ട്വീറ്റിങ്ങനെയാണ്- ''ജർമനിയില്‍ മരണനിരക്ക് കുറവും അമേരിക്കയിൽ കൂടുതലുമായതിനു കാരണമെന്തെന്നു നിങ്ങൾ ചോദിച്ചാൽ, അത് അവരുടെ പ്രസിഡന്റ് ഒരു ക്വാണ്ടം കെമിസ്റ്റും നിങ്ങളുടെ പ്രസിഡന്റ് ഒരു റിയാലിറ്റി ടെലിവിഷൻ അവതാരകനും ആയതുകൊണ്ടാണ്.'' ക്വാണ്ടം കെമിസ്ട്രിയിൽ ഡോക്ടറേറ്റുള്ള ആംഗല മെർക്കൽ ജർമനിയുടെ പ്രസിഡന്റല്ല, ചാൻസലറാണ്. ഫലത്തിൽ രണ്ടും ഒന്നുതന്നെ. കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിലെ വനിതാ നേതൃത്വങ്ങളിൽ മറ്റൊരാൾ.

ഇനിയുമുണ്ട് പെണ്ണ് ഭരിക്കുന്ന രാഷ്ട്രങ്ങൾ. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുള്ള ഫിൻലൻഡിൽ റിക്കവറി നിരക്ക് 88 ശതമാനമാണ്. 34-കാരിയായ സന്ന മാറിനാണു പ്രധാനമന്ത്രി പദത്തിൽ. ഫിൻലൻഡിലെ മറ്റൊരു കാര്യം കൂടി പറയേണ്ടതുണ്ട്. അവിടെ അഞ്ച് പാർട്ടികളുടെ ഒരു സഖ്യമാണു ഭരിക്കുന്നത്. ആ അഞ്ച് പാർട്ടികളുടെ തലപ്പത്തും വനിതകളാണത്രെ.

5,996 കേസുകളും 260 മരണങ്ങളും റിപ്പോർട്ട് ചെയ്ത ഡെന്മാർക്കാണു മറ്റൊരു രാജ്യം. മാർച്ച് 11-നു പ്രഖ്യാപിച്ച ലോക്ക്ഡൗൺ അവിടെ ഘട്ടം ഘട്ടമായി പിൻവലിച്ചു തുടങ്ങി. ബുധനാഴ്ച അവിടെ പല സ്ഥലങ്ങളിലും സ്കൂളുകൾ തുറന്നുപ്രവർത്തിക്കാന്‍ തുടങ്ങി. യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവുമാദ്യം ലോക്ക്ഡൗൺ പ്രഖ്യാപിച്ചതും ഏറ്റവുമാദ്യം പിൻവലിക്കുന്നതുമായ രാജ്യങ്ങളിലൊന്നാണ് ഡെന്മാർക്ക്. പുതിയ കേസുകളുടെ കാര്യത്തിൽ കാര്യമായ കുറവാണവിടെ ഉണ്ടായത്. വളരെപ്പെട്ടെന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് അതിനു കാരണമെന്നാണു വിലയിരുത്തൽ. അവിടെയും ഒരു സ്ത്രീയുണ്ട്, പ്രധാനമന്ത്രിക്കസേരയിൽ. മെറ്റ് ഫ്രെഡറിക്സൺ.

സോഫി വിംസ് എന്ന സ്ത്രീയാണ് ബെൽജിയത്തിന്റെ പ്രധാനമന്ത്രി. 50 ശതമാനത്തോളമാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ മാത്രമായി മരണനിരക്ക് അവിടെക്കുറഞ്ഞത്. 99 ശതമാനം റിക്കവറി റേറ്റുള്ള ഐസ്‌ലൻഡാണു മറ്റൊരു രാജ്യം. പ്രധാനമന്ത്രി പദത്തിൽ കാതറിന്‍ ജേക്കബ്സ്ഡോട്ടി. ഏർന സോൽബർഗ് ഭരിക്കുന്ന ഐസ്‌ലൻഡിലെ പുതിയ കേസ് നിരക്ക് 0.7 ശതമാനം മാത്രമാണ്.

അന്താരാഷ്ട്ര മാധ്യമങ്ങളിൽ ട്രംപും മോദിയും ഷി ജിൻ പിങ്ങുമൊക്കെക്കഴിഞ്ഞാല്‍ ഇടയ്ക്ക് ആംഗല മെർക്കലിനെ കാണാം. വല്ലപ്പോഴും നമ്മൾ സോഷ്യൽ മീഡിയയിൽ ജസിൻഡയെക്കുറിച്ചെഴുതും. അതും അവർ കുട്ടിയോടൊപ്പം ഔദ്യോഗിക പരിപാടികൾക്കെത്തിയാൽ മാത്രം. അതിനുമപ്പുറം ഇവിടെ മികച്ച ഭരണതന്ത്രജ്ഞരായ മികവുറ്റ സ്ത്രീകളുണ്ട്. സായ് ഇങ്-വെൻ മുതൽ കെ.കെ ശൈലജ വരെയുള്ള നീണ്ട പട്ടികയാണത്. പറഞ്ഞാൽ തീരില്ല.'