bihar

പാറ്റ്ന: വീടിന് മുന്നിലായി വിചിത്രമായ കുറിപ്പുകൾ എഴുതിയ കറൻസി നോട്ടുകൾ കണ്ടെടുത്ത് ബിഹാറിലെ സഹർസ പട്ടണത്തിലെ ജനങ്ങൾ. 20, 50, 100 എന്നീ ഡിനോമിനേഷനുകളിലുള്ള കറൻസി നോട്ടുകളാണ് പട്ടണത്തിലുള്ളവർക്ക് തങ്ങളുടെ വീടുകൾക്ക് മുന്നിൽ നിന്നുമായി ലഭിച്ചത്. എന്നാൽ ഈ നോട്ടുകളിൽ എഴുതിവച്ചിരുന്ന കുറിപ്പുകളാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയത്.

'ഞാൻ കൊറോണയുമായാണ് വന്നത്. ഈ നോട്ട് സ്വീകരിക്കണം. ഇല്ലെങ്കിൽ ഞാൻ എല്ലാവരെയും ഉപദ്രവിക്കും.' ഇങ്ങനെയുള്ള വിചിത്ര സന്ദേശമായിരുന്നു നോട്ടുകളിൽ ഇവർ കണ്ടത്. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ഇത്തരത്തിലുള്ള കറൻസി നോട്ടുകൾ വീടുകൾക്ക് മുൻപിലായി കാണപ്പെടാൻ തുടങ്ങിയതെന്ന് ഇവിടുത്തെ താമസക്കാർ പറയുന്നുണ്ട്.

എല്ലാ നോട്ടുകളിലും ഒരേ തരത്തിലുള്ള കൈയക്ഷരമാണ് ഉള്ളത്. അതുകൊണ്ടുതന്നെ ഇത് ഒരാളുടെ മാത്രം ചെയ്തികളാകാനാണ് സാദ്ധ്യതയെന്ന് സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ച പൊലീസ് പറയുന്നു. കൊവിഡ് ഭീതി രൂക്ഷമായ സാഹചര്യത്തിൽ ഇങ്ങനെയുള്ള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ കേരളം ഉൾപ്പെടെയുള്ള നിരവധി സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് വിവരം.