മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ചൈനയിലെ വുഹാനില്‍ നിന്ന് ആരംഭിച്ച കൊവിഡ് രോഗം ഇന്ന് ലോകത്തെ ഏകദേശം എല്ലാരാജ്യങ്ങളിലും എത്തിക്കഴിഞ്ഞു..ലോകത്താകമാനം ഒരുലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.. രോഗികളുടെ എണ്ണം പത്ത് ലക്ഷം കവിയുന്ന നിലയിലേക്ക് കൊവിഡ് 19 വളരെ കുറച്ച് സമയം മാത്രമാണ് എടുത്തത്.
ഐക്യരാഷ്യസംഘടനയില്‍ അംഗമായ 193 രാജ്യങ്ങളില്‍ വളരെക്കുറച്ച് രാജ്യങ്ങളില്‍ മാത്രമാണ് കൊറോണ പടരാതെയുള്ളത്. ഏപ്രില്‍ രണ്ടിന് പുറത്ത് വന്ന കണക്കുകളുടെ അടിസ്ഥാനത്തില്‍ വെറും പതിനേഴ് രാഷ്ട്രങ്ങളില്‍ മാത്രമാണ് കൊറോണ വൈറസ് ബാധിക്കാതിരുന്നത്. കൊമോറോസ്, കിരിബാത്തി, ലെസോത്തോ, മാര്‍ഷല്‍ ദ്വീപുകള്‍, മൈക്രോനേഷ്യ, നൌരു, ഉത്തര കൊറിയ, പാലൌ, സാവോ തോം ആന്‍ഡ് പ്രിന്‍സിപി, സോളമന്‍ ദ്വീപുകള്‍, സൌത്ത് സുഡാന്‍, തജിക്കിസ്ഥാന്‍, ടോംഗ, തുര്‍ക്ക്മെനിസ്ഥാന്‍, ടുവാലു, വന്വാടു, യെമന്‍ എന്നീ രാജ്യങ്ങളായിരുന്നു അവ. എന്നാല്‍ യെമനിലും സൌത്ത് സുഡാനിലും ആദ്യ കൊവിഡ് 19 പിന്നാലെ സ്ഥിരീകരിച്ചു.
വളരെ കുറച്ച് സന്ദര്‍ശകര്‍ എത്തുന്ന ചെറിയ ദ്വീപുകളാണ് ഇവയില്‍ ഏറിയവയും. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകള്‍ അനുസരിച്ച് ലോകത്തിലെ തന്നെ ഏറ്റവും കുറവ് സന്ദര്‍ശകരുള്ള പത്ത് രാജ്യങ്ങളാണ് ഇവയെല്ലാം. വൈറസ് ബാധയില്ലാത്ത രാജ്യങ്ങളിൽ ജനസംഖ്യയില്‍ മുന്നിലുള്ള രാജ്യം ഉത്തര കൊറിയയാണ്. ഏഷ്യയില്‍ താജിക്കിസ്ഥാന്‍, തുര്‍ക്ക്മെനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലും വൈറസ് ബാധയില്ല.. ആഫ്രിക്കയിലെ ലെസോത്തോ, കൊമോറോസ് എന്നീ രാജ്യങ്ങളിലും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ലെസോത്തോയും കോമറോസുമാണ് ആഫ്രിക്കൻ വൻകരയിൽ പിടിച്ചുനിൽക്കുന്നത്. ബാക്കിയെല്ലാ രാജ്യങ്ങളും ശാന്തസമുദ്രത്തിൽ ചിതറിക്കിടക്കുന്ന ചെറുദ്വീപുരാഷ്ട്രങ്ങളാണ്. മാർഷൽ ഐലൻഡ്സ്, പലാവു, തുവാലു, നൗരു എന്നിവിടങ്ങളിലെ ജനസംഖ്യ ഒരു ലക്ഷത്തിൽ താഴെമാത്രം. നൗരുവിൽ ആകെയുള്ളത് 10,823 പേർ. വത്തിക്കാൻ സിറ്റി, മൊണാക്കോ എന്നിവ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും ചെറിയ രാഷ്ട്രമാണ് നൗരു.
ലോകത്തിലെ ഏറ്റവും ചെറിയ ജനാധിപത്യരാഷ്ട്രം എന്ന പ്രത്യേകതയും നൗരുവിന് സ്വന്തം. തീരെ കുറഞ്ഞ ജനസംഖ്യയും പുറത്തുനിന്നുള്ള സഞ്ചാരികളുടെ കുറവുമാണ് ഈ പസഫിക് രാജ്യങ്ങളെ രക്ഷിച്ചുനിർത്തിയതെന്നാണ് വിലയിരുത്തൽ. കടുത്ത നിയന്ത്രണങ്ങളുള്ള ഉത്തര കൊറിയയിലാവട്ടെ വിദേശത്തെത്തുന്നവരുടെ എണ്ണം തീരെ കുറവും.