കൽപ്പറ്റ: കർണാടകയിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയവേ കേരളത്തിലേക്ക് ഒളിച്ചുകടക്കാൻ ശ്രമിച്ചവർ പൊലീസ് പിടിയിൽ. വയനാട് കൽപ്പറ്റ ഭാഗത്തുനിന്നുമാണ് ഇവർ പൊലീസിന്റെ വലയിൽ കുടുങ്ങിയത്. മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ കുഞ്ഞിമുഹമ്മദ് , മൻസൂർ അലി, വയനാട് പിണങ്ങോട് സ്വദേശി മുഹമ്മദ് അജിനാസ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
കർണാടകയിൽനിന്ന് പല വാഹനങ്ങളിലൂടെയും ഊട് വഴികളിലൂടെയും ഒളിച്ചെത്തിയ ഇവർ ബാവലി വഴിയാണ് വയനാട് ജില്ലയിലേക്ക് പ്രവേശിച്ചത്. ആദ്യ ശ്രമത്തിനിടെ പിടികൂടി ഇവരെ തിരികെ അതിർത്തിക്കപ്പുറത്തേക്ക് എത്തിച്ചിരുന്നു.
എന്നാൽ വീണ്ടും ഒളിച്ചു ജില്ലയിലേക്ക് കടന്നപ്പോൾ കൽപറ്റയിൽ നിന്നും ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മലപ്പുറം സ്വദേശികളെ കൊയിലാണ്ടി കൊവിഡ് ജയിലിലേക്കും വയനാട് സ്വദേശിയെ വയനാട് ക്വാറന്റൈൻ സെന്ററിലേക്കും റിമാന്റ് ചെയ്തു.