വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് 19 മഹാമാരി ബാധിച്ച് 1,14,208 പേര്‍ മരിച്ചു. രോഗബാധിതരുടെ എണ്ണം പതിനെട്ടര ലക്ഷം കടന്നു. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി കണക്കുപ്രകാരം 18,46,680 പേർക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. അമേരിക്കയില്‍ മരണസംഖ്യ 22,105 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ മരിച്ചത് ആയിരത്തി അഞ്ഞൂറലധികംപേരാണ്. കൂടുതൽ മരണവും രോഗബാധിതരും അമേരിക്കയിലാണ്. അഞ്ചര ലക്ഷത്തിലേറെ രോഗികൾ യു.എസിലുണ്ട്. ഇതിൽ 9000 മരണവും ന്യൂയോർക്കിലാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1500ലേറെ മരണം യു.എസിൽ റിപ്പോർട്ട് ചെയ്തു. ന്യൂയോർക്കിൽ മാത്രം 738 മരണമാണ് ഒറ്റ ദിവസം റിപ്പോർട്ട് ചെയ്‍തത്. ന്യൂയോർക്കിൽ സ്കൂളുകൾ അടച്ചിട്ടുണ്ട്. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അമേരിക്കയിലെ 50 സംസ്ഥാനങ്ങളേയും ദുരന്തബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌പെയ്നിലും ഇറ്റലിയിലും മരണ നിരക്കിൽ നേരിയ കുറവുണ്ട്. സ്‌പെയ്നിൽ 603 പേരും ഇറ്റലിയിൽ 431 പേരുമാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. 19,899 പേരാണ് ഇതുവരെ ഇറ്റലിയിൽ മരിച്ചത്. രോഗബാധിതർ 156,363 പേർ. ഗള്‍ഫില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം പതിനാലായിരം കവിഞ്ഞു. മരണസംഖ്യ 96 ആയി. സൗദിയില്‍ 24 മണിക്കൂറിനിടെ 29 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
അതേസമയം, കൊവിഡ് വ്യാപനം ഒട്ടൊന്ന് ശമിച്ച ശേഷം വീണ്ടും രോഗികൾ വർദ്ധിക്കുന്നത് ചൈനയെ ആശങ്കപ്പെടുത്തുന്നു. ശനിയാഴ്ച മാത്രം ചൈനയിൽ 99 പേരിൽ കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 63 പേരിലും രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു എന്നതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. ഇതോടെ ചൈനയിലെ രോഗികൾ 82,052 ആയി. പുതിയ 99 കേസുകളിൽ 97 എണ്ണവും ചൈനയ്ക്ക് പുറത്തുനിന്ന് വന്നവരാണ്. രണ്ടെണ്ണം റഷ്യയുമായി അതിർത്തി പങ്കിടുന്ന ഹീലോങ്ജിയാങ് പ്രവിശ്യയിലാണ്. പ്രാദേശികമായി രണ്ട് കേസുകൾ വന്നതോടെ കൊവിഡിന്റെ രണ്ടാംവരവ് ആണോ എന്നാണ് ആശങ്ക.