കൊല്ലം: ജനങ്ങളുടെ ആരോഗ്യ സംബന്ധമായ വിവരങ്ങൾ വിദേശ സ്വകാര്യ കമ്പനിക്ക് കൈമാറിയ സംസ്ഥാന സർക്കാരിന്റെ നിലപാട് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പ്രസ്താവനയിൽ പറഞ്ഞു. വിദേശത്ത് രജിസ്ട്രേഷനുള്ള കമ്പനിയുടെ ഉടമസ്ഥൻ മലയാളിയാണോയെന്നതും സെർവർ ഇന്ത്യയിലാണോ ഉള്ളതെന്നതും അപ്രസക്തമാണ്. അതീവ സൂഷ്മതയോടെ സൂക്ഷിക്കേണ്ട ആരോഗ്യ വിവരങ്ങളാണ് ന്യൂയോർക്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു അമേരിക്കൻ കമ്പനിയുടെ വെബ്സൈറ്റിൽ യഥേഷ്ടം നൽകുന്നത്. ഗൗരവകരമായ വിഷയത്തെ നിസാരവത്കരിച്ച മുഖ്യമന്ത്രിയുടെ നടപടി ഒഴിഞ്ഞുമാറലാണ്. വിദേശ സ്വകാര്യ കമ്പനിക്ക് ആരോഗ്യ വിവരങ്ങൾ കൈമാറിയത് ഏതൊക്കെ വ്യവസ്ഥകൾ അനുസരിച്ചാണെന്ന് വെളിപ്പെടുത്തമെന്നും എം.പി ആവശ്യപ്പെട്ടു.