leaders

ആഗോള മഹാമാരിയായ കൊവിഡ് 19 ലോകമെങ്ങും വ്യാപിക്കുകയാണ്. ലോക്ക് ഡൗൺ അടക്കമുള്ള കർശന പ്രതിരോധ നടപടികളാണ് രാജ്യമെമ്പാടും സ്വീകരിച്ചുവരുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ കെെക്കൊള്ളുന്ന രാജ്യങ്ങൾക്കെല്ലാം ഒരു പൊതുസ്വഭാവം കൂടിയുണ്ട്. അതിലൊന്ന് അവിടുത്തെ വനിതാ നേതാക്കളുടെയും വനിതാ മന്ത്രിമാരുടെയും പ്രവർത്തന നടപടികൾ തന്നെയാണ്. കേരളം,​ ഫിൻലാൻഡ്,​ ജർമ്മനി,​ ന്യൂസിലാൻഡ്,​ ബെൽജിയം,​ ഡെൻമാർക്ക് എന്നിവിടങ്ങളിൽ വനിതകൾത്തന്നെയാണ് നേതൃസ്ഥാനത്തു നിന്ന് ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങൾ നയിക്കുന്നതും.

ജസീന്ത ആർഡേൻ

കൊവിഡ്​ പ്രതിരോധത്തിൽ ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡന്‍റെ പ്രവർത്തനങ്ങള്‍ക്ക് ലോകം തന്നെ കയ്യടിച്ചിട്ടുണ്ട്. മുൻപ് ക്രൈസ്​റ്റ്​ ചർച്ച്​ ഭീകരാക്രമണ സമയത്തും ജസീന്തയുടെ നേതൃപാടവം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ''ഞങ്ങൾ നിങ്ങൾക്ക് അപ്ഡേറ്റ് ആയ വിവരങ്ങൾ ദിവസേന നൽകിക്കൊണ്ടിരിക്കും. സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രചരിക്കുന്ന നുണകളും വ്യാജ വാർത്തകളും വിശ്വസിക്കരുത്.'' എന്ന് ആദ്യമേ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. പറഞ്ഞതെല്ലാം ജസീന്ത പ്രാവർത്തികമാക്കുന്നുമുണ്ട്. അവർ നിരന്തരം മാദ്ധ്യമങ്ങളെ കാണുന്നു. ജനങ്ങളുടെ ആശങ്കയകറ്റുന്ന രീതിയിൽ സംസാരിക്കുന്നു.

കെ.കെ. ശെെലജ

ഇന്ന് ലോകത്തിന് തന്നെ മാതൃകയാണ് കേരളം. കേരള മോഡൽ പ്രാവർത്തികമാക്കണമെന്ന് ഇന്ത്യ ഒട്ടാകെ പറയുന്നു. കേരളത്തിൽ മികച്ച കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് ആരോഗ്യ മന്ത്രി കെ.കെ ശെെലജ ടീച്ചറുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നേതൃത്വത്തിൽ നടക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നടത്തി പദ്ധതികള്‍ വിജയമെന്നും അവർ വ്യക്തമാക്കിയിരുന്നു. രണ്ട് പേർക്ക് മാത്രമാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

സന്ന മരിൻ

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയാണ് ഫിൻലാൻഡിലെ പ്രധാനമന്ത്രിയായ സന്ന മരിൻ. ഫിന്‍ലന്‍ഡിന്റെ ആരോഗ്യമന്ത്രിയായിരുന്നു 34-കാരിയായ സന്ന. വേറിട്ട പ്രവർത്തനങ്ങൾ തന്നെയാണ് സന്ന കൊവിഡ് പ്രതിരോധത്തിനായി സ്വീകരിക്കുന്നത്. 20 ലക്ഷത്തോളം സര്‍ജിക്കല്‍ മാസ്‌ക്കുകളും 230,000 റെസ്പിരേറ്ററി മാസ്‌ക്കുകളുമാണ് ചൈനയില്‍നിന്ന് ഫിന്‍ലാന്‍ഡിലേക്ക് എത്തിയിരുന്നു. എന്നാൽ ഇതിൽ വിമർശനവും ഉയർന്നിരുന്നു.

ഏഞ്ചല മെർക്കൽ

ജർമ്മൻ ചാൻസലറാണ് ഏഞ്ചല മെർക്കൽ. വീടിനുള്ളിൽ സെൽഫ് ക്വാറന്റൈൻ കഴിയുകയായിരുന്ന മെർക്കൽ വീട്ടിലിരുന്നും ഭരണ പ്രവർത്തനങ്ങൾ ഏകീകരിപ്പിച്ചു. ഇവരെ നേരത്തെ ചികിത്സിച്ച ഒരു ഡോക്ടറിന് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ആംഗെല സെൽഫ് ക്വാറന്റൈനിലായത്. ചാൻസലർ സ്വയം സമ്പർക്കവിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചതാണ്.

സോഫി വിൽമസ്

ബെൽജിയത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായ സോഫി തന്റെ ഭരണ മികവുകൊണ്ട് ലോക ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ജനങ്ങൾക്ക് വേണ്ടവിധം ബോധവത്ക്കരണവും മറ്റ് നിർദേശങ്ങളും നൽകുന്നു.

മെയ്റ്റെ ഫ്രെഡറിക്‌സൻ

ഡെൻമാർക്ക് പ്രധാനമന്ത്രിയായ ഫ്രെഡറിക്‌സൻ കടുത്ത് നിയന്ത്രണങ്ങളാണ് രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. കർശന നടപടികളിലൂടെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച യൂറോപ്യൻ രാജ്യങ്ങളിലൊന്നാണ് ഡെൻമാർക്ക്. സാമ്പത്തിക പാക്കേജ് അടക്കം പ്രഖ്യാപിച്ചു.