തിരുവനന്തപുരം : ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ സംസ്ഥാന സർക്കാർ ചില സ്ഥാപനങ്ങൾക്ക് നേരിയ ഇളവ് അനുവദിച്ചതോടെ അത് മുതലാക്കി ആളുകൾ കൂട്ടത്തോടെ നിരത്തിലിറങ്ങി. മൊബൈൽ ഫോൺ റിപ്പയറിംഗ് സ്ഥാപനങ്ങൾക്ക് ഇളവ് അനുവദിച്ച പശ്ചാത്തലത്തിലാണ് ഇന്നലെ അധികം പേരും വാഹനങ്ങളുമായി നിരത്തിലിറങ്ങിയത്. ഫോൺ റിപ്പയറിംഗ്, റീചാർജ് തുടങ്ങിയ ആവശ്യങ്ങൾക്കായി നഗരത്തിലെയും നാട്ടിൻപുറങ്ങളിലെയും മൊബൈൽഫോൺ കടകളിൽ ഇന്നലെ സാമാന്യം നല്ല തിരക്ക് അനുഭവപ്പെട്ടു.ലോക്ക് ഡൗണിൽപ്പെട്ട് വീട്ടിലിരിക്കുന്ന പലർക്കും സോഷ്യൽ മീഡിയയിൽ ഇടപെടാനും സമയം കൊല്ലാനും മൊബൈൽ ഫോണായിരുന്നു ആശ്രയം. എന്നാൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് അനുവദിക്കാൻ സർക്കാർ തീരുമാനിച്ചതോടെ റോഡിലിറങ്ങുന്നവരുടെ എണ്ണവും കൂടി. കൊവിഡ് നിയന്ത്രണ വിധേയമായി തുടരുന്നതിനിടെ ആളുകൾ കൂട്ടത്തോടെ റോഡിലിറങ്ങുന്നത് കാര്യങ്ങൾ കൈവിട്ട് പോകാൻ ഇടയാക്കുമെന്ന ആശങ്കയിൽ എല്ലാ സ്ഥലത്തും വാഹനപരിശോധന കടുപ്പിക്കാൻ പൊലീസിന് നിർദേശം ലഭിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 512 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. കാസർകോട് പോലെ രോഗ വ്യാപനം കൂടാനിടയുള്ള സ്ഥലങ്ങളിൽ ഡ്രോൺ നിരീക്ഷണവും ബൈക്ക് പട്രോളിംഗും ശക്തമാക്കും. സത്യവാങ്ങ് മൂലമില്ലാതെയും മാസ്ക് ഉപയോഗിക്കാതെയും വാഹനങ്ങളിൽ കറങ്ങുകയും കൂട്ടം കൂടുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടികൾക്ക് സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്. ഇളവ് അനുവദിച്ച സ്ഥാപനങ്ങളിൽ സാമൂഹ്യ അകലവും മറ്റ് സുരക്ഷാനിർദേശങ്ങളും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ പരിശോധന നടത്താനും പൊലീസിനെ ചുമതലപ്പെടുത്തി. കൊവിഡ് മരണങ്ങളും കൂടുതൽ കൊവിഡ് രോഗ ബാധയും റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിലെല്ലാം പരിശോധന കടുപ്പിക്കാനാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിർദേശം.