നൃത്തമാണ് മേതിൽ ദേവികയുടെ പ്രാണൻ. അതിനപ്പുറം മറ്റു ലോകങ്ങളൊന്നും തന്നെ ദേവികയുടെ സ്വപ്നങ്ങളിലില്ല. ലോകം മുഴുവൻ മേതിൽ ദേവികയെന്ന നർത്തകിയുടെ ചുവടുകൾക്ക് കാതോർത്തപ്പോൾ മലയാളികൾ അവരെ തിരിച്ചറിയാൻ കുറച്ചുസമയമെടുത്തു. കൊവിഡ്-19 എന്ന അപ്രതീക്ഷിത വിരുന്നുകാരൻ ലോകമെങ്ങും ഇരുട്ട് പടർത്തിയപ്പോൾ താൻ ഉപാസിച്ച നൃത്തത്തിലൂടെ ജനങ്ങളെ ബോധവത്കരിച്ച് പ്രകാശം നിറയ്ക്കാൻ ഈ നർത്തകി മുന്നിട്ടിറങ്ങി. മിനിട്ടുകൾ മാത്രം നീണ്ടുനിൽക്കുന്ന ആ നൃത്തം ലോകം മുഴുവൻ ഇമ ചിമ്മാതെ കണ്ടു. ബ്രേക്ക് ദി ചെയ്ൻ കാംപെയിനിന്റെ ഭാഗമായി ചെയ്ത നൃത്തത്തെ കുറിച്ചും രോഗവ്യാപനത്തിന് ശേഷം വരാൻ പോകുന്ന പുതിയ ലോകത്തെക്കുറിച്ചും നിറഞ്ഞ പ്രതീക്ഷയോടെ മേതിൽ ദേവിക തന്റെ ചിന്തകൾ പങ്കുവയ്ക്കുന്നു.
''ഒരിക്കലും നമുക്ക് ഈ വൈറസിനെ നശിപ്പിക്കാനാവില്ല. എന്നാൽ, തരണം ചെയ്യാനാകും. ജീവിതത്തിനായി ഒരു പുതിയ ഒരു സാധാരണത്വം നാം സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്""- അനുഭവങ്ങളുടെ പാകപ്പെടലിൽ അവർ പറയുന്നു.
അഞ്ചുദിവസത്തിനുള്ളിൽ നൃത്തം
എന്റെ സുഹൃത്ത് ഇ.എൻ.ടി സർജനായ ഡോ. അരുൺ അസീസ് ആണ് ബ്രേക്ക് ദി ചെയിൻ കാംപെയിനായി ഒരു നൃത്തം ചെയ്തു കൂടെ എന്ന ആശയം ആദ്യമെന്നോട് പറഞ്ഞത്. എങ്ങനെ ഇത്ര പെട്ടെന്ന് ഈ ആശയത്തിൽ ഒരു നൃത്തം ചെയ്യാനാകുമെന്ന സംശയത്തിലായിരുന്നു ഞാൻ. ഞാനായിട്ട് പറയുന്നതിന് പകരം വളരെ പണ്ട് ആരെങ്കിലും എഴുതിവച്ചതുണ്ടെങ്കിൽ അതിന്റെ ആശയമെടുത്ത് നൃത്തം ചെയ്യുകയാണ് എന്റെ പതിവ്. അതിലൂടെ ചെയ്യുന്ന നൃത്തത്തിന് കുറേക്കൂടെ ഗ്രാഹ്യം കൂടും. അരുണിന്റെ ആശയം മനസിലിട്ട് നടക്കവെയാണ് മുത്തുസ്വാമി ദീക്ഷിതരുടെ കീർത്തനം ഓർമ്മ വന്നത്. ആ കീർത്തനത്തിൽ ആദി ബൗദ്ധികം, ആദ്ധ്യാത്മികം, ആദി ദൈവികം എന്നീ താപ ത്രയങ്ങളെ കുറിച്ച് പറയുന്ന ഭാഗമുണ്ട്. ആദി ബൗദ്ധികം എന്നത് മറ്റുള്ള ജീവികളിൽ നിന്ന് നമുക്കുണ്ടാവുന്ന പ്രശ്നങ്ങൾ, ആദ്ധ്യാത്മികം എന്നാൽ നമ്മുടെ മനസ് സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ, ആദി ദൈവികം എന്നത് പ്രകൃതി സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ. കൊവിഡ് -19ൽ ഇവ മൂന്നും ചേരുന്നുണ്ട്. അങ്ങനെ ഈ കീർത്തനം ഉപയോഗിച്ച് നൃത്തം അവതരിപ്പിക്കാം എന്ന് തീരുമാനിച്ചു. സ്വയം സംഗീതം ഒരുക്കി, നൃത്തസംവിധാനം ചെയ്തു. കോട്ടയം ജമനീഷ് ഭാഗവതരാണ് പാടിയത്. നൃത്തമൊരുക്കി അവതരിപ്പിക്കാൻ അഞ്ചു ദിവസം മാത്രമാണ് എടുത്തത്.
ആ നൃത്തം ജനകീയമായി
വൈറസ് ബാധയുടെ തുടക്കവും ഇപ്പോഴത്തെ അവസ്ഥയും വ്യാപനവും അവയിൽ നിന്ന് മുക്തി നേടുന്നതുൾപ്പെടെ സംഭവിച്ചതെല്ലാം ചേർത്താണ് നൃത്തം ഒരുക്കിയത്. പ്രാചീനമായ കംപോസിഷൻ എടുത്ത് ഈ നൃത്തമൊരുക്കുക എന്നതിൽ ഒരു റിസ്കുണ്ടായിരുന്നു. സംസ്കൃത കീർത്തനവും അതിലെ സിദ്ധാന്തവുമെടുത്ത് ഏറ്റവും കണ്ടംപററി ആയി ചെയ്ത നൃത്തമാണിത്. സ്റ്റൈലൈസ്ഡ് ആക്ടിംഗും റിയലിസ്റ്റിക് ആക്ടിംഗും ചേരുന്ന നൃത്തമാണത്. വെറും സ്റ്റൈലൈസ്ഡ് ആക്ടിംഗ് എല്ലാവർക്കും മനസിലാകണമെന്നില്ല. സബ്ടൈറ്റിലിനും പ്രാധാന്യമുണ്ടായിരുന്നു. മലയാളം സബ്ടൈറ്റിൽ ഡോ. അരുണും ഇംഗ്ലീഷ് സബ്ടൈറ്റിൽ ഞാനും എഴുതി. ഒരുപാട് പ്രേക്ഷകർക്ക് സബ്ടൈറ്റിൽ കണ്ടിട്ട് നൃത്തം മനസിലാക്കാൻ എളുപ്പമായി എന്നു പറഞ്ഞു. ആദ്യദിവസങ്ങളിൽ മലയാളികളിൽ നിന്നാണ് അഭിപ്രായമറിഞ്ഞത്. പിന്നീട്, തമിഴ്, തെലുങ്ക്, ബംഗാളി ഭാഷക്കാരിൽ നിന്ന് സന്ദേശങ്ങളെത്താൻ തുടങ്ങി. ഏറ്റവും ഒടുവിൽ അമേരിക്ക, മെക്സിക്കോ തുടങ്ങിയ ഇടങ്ങളിൽ നിന്നും ആളുകൾ വിളിച്ചു. ഒരു യൂണിവേഴ്സൽ അപ്പീൽ ഈ നൃത്തത്തിനുണ്ടായി എന്നത് വളരെ സന്തോഷിപ്പിക്കുന്നു. ക്ലാസിക്കൽ നൃത്തം അതിന്റെ ക്ലാസിസം പോകാതെ എങ്ങനെ ജനകീയമാക്കാം എന്നാണ് ഞാൻ ശ്രമിച്ചു കൊണ്ടിരുന്നത്. ആ ശ്രമത്തിന്റെ ഉപോത്പന്നമായിരുന്നു സത്യത്തിൽ ഈ നൃത്തം.
അതൊരു മായാജാലമായിരുന്നു
എന്നെ പോലെ ഒരു നർത്തകിയെ ഒരിക്കലും ഒരു സ്റ്റേജ് ഷോയിലോ ചാനൽ പരിപാടിയിലോ കാണാനാവില്ല. ഒരു സെലിബ്രിറ്റി അല്ലാത്തതുകൊണ്ട് ഞങ്ങളെ പോലുള്ളവരുടെ കോൺസർട്ട് കാണാൻ പൊതുജനങ്ങൾക്കും ആഗ്രഹം കുറവായിരിക്കും. എന്റെ നൃത്തം കൂടുതൽ ആളുകളിലേക്ക് എത്തണമെന്ന് കൂട്ടുകാർ പലപ്പോഴും പറഞ്ഞിരുന്നു. അങ്ങനെ ചെയ്ത ആദ്യത്തെ വീഡിയോ ആണ് 'സർപ്പതത്വം". 2019ൽ ഓസ്കാർ കണ്ടൻഷണൽ ലിസ്റ്റിൽ കയറുന്ന ആദ്യത്തെ ഇന്ത്യൻ ക്ലാസിക്കൽ നൃത്തമായി സർപ്പതത്വം. അത് നാട്ടിലാരും അധികമറിഞ്ഞിരുന്നില്ല. കഴിഞ്ഞ മാസം നടന്മാരായ മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, കുഞ്ചാക്കോ ബോബൻ, വിനീത് എന്നിവർ ഫേസ്ബുക്ക് പേജിലൂടെ ആ വീഡിയോ പുറത്ത് വിട്ടപ്പോൾ ഒരുപാട് പേർ കണ്ടിരുന്നു. പക്ഷേ, മലയാളികൾക്കിടയിൽ എന്നിലെ നർത്തകിയെ കുറച്ചുകൂടി പരിചിതയാക്കിയത്ബ്രേക്ക് ദി ചെയിൻ കാംപയിൻ നൃത്തം തന്നെയാണ്. കൃത്യസമയത്ത് ആ നൃത്തം നടക്കുകയും കൃത്യമായി ആളുകൾ സ്വീകരിക്കുകയും ചെയ്തു. എന്തോ ഒരു മാജിക്ക് എവിടെയോ സംഭവിച്ചു എന്നേ പറയാനാവൂ.
വരാനുള്ളത് പുതിയ കാഴ്ചപ്പാടുകൾ
ആഹാരം, വസ്ത്രം, വീട് എന്നീ പ്രാഥമികാവശ്യങ്ങളിൽപ്പെടുന്നതല്ല നൃത്തം. ഉപഭോക്താവിനെ സംബന്ധിച്ച് അഞ്ചാമത്തെയോ ആറാമത്തെയോ ആവശ്യമായേ കല വരുന്നുള്ളൂ. എന്നാൽ, ഒരു കലാകാരനെ സംബന്ധിച്ച് കല പ്രാഥമികാവശ്യം തന്നെയാണ്. പുറംരാജ്യങ്ങളിലെ കലാകാരന്മാരായ ഒരുപാട് സുഹൃത്തുക്കൾ ഇതിനോടകം തന്നെ ബുദ്ധിമുട്ട് അനുഭവിച്ചു തുടങ്ങി. പലരുടെയും സ്റ്റുഡിയോ അടച്ചു. അവിടങ്ങളിൽ ദിവസക്കൂലി തൊഴിൽ പോലെയാണ് കലയും. ഒരു ദിവസം ക്ലാസ് നടത്തിയാൽ അന്നത്തെ വേതനം കിട്ടും. ഒരു നൃത്തപരിപാടിയോ നൃത്തക്ലാസോ എങ്ങനെ ഇവിടെ തുടർന്ന് നടക്കുമെന്ന കാര്യത്തിൽ എനിക്കും സംശയമുണ്ട്. ഒരു ഡാൻസ് പെർഫോമൻസ് നടത്തുമ്പോൾ ഒരു ആൾക്കൂട്ടം ഉണ്ടാവുക എന്നതിനൊക്കെ മാറ്റം വരേണ്ടി വരും. പുതിയ മാനദണ്ഡങ്ങളൊക്കെ ഇതിനായി ഉണ്ടാക്കേണ്ടി വരും.
വൈറസ് പറഞ്ഞു തന്നത്
ലോകം മുഴുവൻ അപ്രതീക്ഷിതമായി വ്യാപിച്ച ഈ വൈറസിലൂടെ പ്രകൃതി നമ്മളോട് എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്. അത് മനസിലാക്കി പ്രവർത്തിക്കേണ്ട സമയമായി. ഒരിക്കലും നമുക്ക് ഈ വൈറസിനെ നശിപ്പിക്കാനാവില്ല. എന്നാൽ, തരണം ചെയ്യാനാകും. ജീവിതത്തിനായി ഒരു പുതിയ ഒരു സാധാരണത്വം നാം സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്. ഒരു വിവാഹം ഇത്ര ആർഭാടമായി നടത്തേണ്ടതുണ്ടോ എന്ന് ചിന്തിക്കണം. ആളുകൾ സിംപിൾ ആവുകയാണെന്ന് പറഞ്ഞ് സ്വർണാഭരണങ്ങൾ കുറച്ചിട്ട് പകരം വലിയൊരു ഡയമണ്ട് മാല അണിഞ്ഞാൽ അതു ലളിതജീവിതമല്ല. നമ്മൾ ലളിത ജീവിതത്തിലേക്ക് തിരികെ പോയാൽ കുറേക്കൂടെ നന്നാകും. എല്ലാവരുടെയും ആവശ്യങ്ങൾ കുറയുമ്പോൾ ജീവിതം കുറേക്കൂടി എളുപ്പമാകും എന്നു കരുതുന്നു. പക്ഷേ, എല്ലാവരുടെയും ആവശ്യം ഒരുപോലെ കുറയേണ്ടതുണ്ട്.
മുൻഗണന മുതിർന്നവർക്കും കുട്ടികൾക്കും
നമ്മുടെ സാധാരണ ജീവിതത്തിന് ഒരു പുതിയ മാനം കൈവരേണ്ടിയിരിക്കുന്നു. അതിന് ആവശ്യമായ നിയമങ്ങളും മറ്റും നമ്മുടെ ഭരണാധികാരികൾ കൊണ്ടു വരേണ്ടതുണ്ട്. പുതിയ കേരളത്തിൽ പ്രായമായവർക്ക് പ്രാധാന്യം കൊടുക്കണമെന്നാണ് എന്റെ അഭിപ്രായം. രോഗത്തിന് എന്തെങ്കിലും വാക്സിൻ കണ്ടുപിടിച്ചാൽ അത് നൽകാൻ 55 വയസിനു മുകളിലുള്ളവർക്കും കൊച്ചുകുട്ടികൾക്കും മുൻഗണന നൽകണം. വാക്സിൻ കൊണ്ട് പ്രതിരോധശേഷി കൂടിയാൽ തങ്ങൾക്ക് സ്വതന്ത്രമായി പുറത്തിറങ്ങി സഞ്ചരിക്കാമെന്ന ചിന്ത പ്രായമായവരിലുണ്ടാകും. നല്ല പ്രായത്തിൽ കഷ്ടപ്പെട്ട അവർ റിട്ടയർമെന്റ് കാലത്തിലും വീട്ടിൽ അടച്ചുപൂട്ടി ജീവിക്കണമെന്ന് പറയുന്നത് നീതികേടാണ്. മരുന്നും ചികിത്സയും അവരുടെ അടുത്തേക്ക് എത്തണം. അതുപോലെ വിവാഹബന്ധം വേർപ്പെടുത്തിയ പല അമ്മമാരും ഒറ്റയ്ക്ക് മക്കളെ വളർത്താൻ വേണ്ടി കഷ്ടപ്പെടുന്നവരാണ്. ജോലിക്ക് പോയാൽ തിരികെ വരുന്നതുവരെ മക്കളെ ആര് നോക്കുമെന്ന് ആകുലതപ്പെടുന്നവരാണ്. അവർക്കായി കമ്മ്യൂണിറ്റി ഹോം ഉണ്ടാക്കണം. മനുഷ്യരെപ്പറ്റി മാത്രം ചിന്തിക്കാതെ മൃഗങ്ങൾക്കായി നഴ്സിംഗ് ഹോമുകൾ പണിയണം. എല്ലാ വിവാഹങ്ങൾക്കും മുമ്പ് കൗൺസലിംഗ് നിർബന്ധമാക്കണം. കുട്ടികളെ മനസിരുത്തി കേൾക്കാൻ എല്ലാ കുടുംബങ്ങൾക്കും നിർബന്ധമായും ഒരു കൗൺസലർ വേണം.
എന്നും ലോക്ക്ഡൗണിൽ
പെർഫോമൻസുകളും യാത്രകളും മറ്റുതിരക്കുകളൊന്നും ഇല്ലാത്ത ദിവസങ്ങളിൽ ഞാനെപ്പോഴും വീട്ടിൽ തന്നെയായിരിക്കും. മകനും എന്റെ കൂടെയുണ്ട്. കൂട്ടുകാരൊക്കെയുണ്ടെങ്കിലും പുറത്തോട്ടൊന്നും അധികം പോകാറില്ല. ഇരിക്കുന്ന ഇടത്തിൽ ഏറ്റവും ലളിതമായി ജീവിക്കാൻ കൂടുതൽ സമയം കിട്ടിയാൽ അത്രത്തോളം സന്തോഷമാണെനിക്ക്. എനിക്കു മാത്രമല്ല, മിക്ക കലാകാരൻമാർക്കും അങ്ങനെയാവും. പുതിയ നൃത്തം കംപോസ് ചെയ്യലും മറ്റും പതിവു പോലെ നടന്നുപോകുന്നുണ്ട്. ഈ ദിവസങ്ങളിൽ വളരെ കുറച്ചേ മുകേഷേട്ടൻ വീട്ടിലുണ്ടായിരുന്നുള്ളൂ. എം.എൽ.എ ആയതിനാൽ ചെയ്യാൻ ഒരുപാട് കാര്യങ്ങളുണ്ട് അദ്ദേഹത്തിന്. വൈബ്രന്റ് ആളായതു കൊണ്ട് ക്വാറന്റൈൻ എന്നത് ആൾക്ക് ബുദ്ധിമുട്ടാണ്. എങ്കിലും അത്യാവശ്യം ചെയ്യേണ്ട സാമൂഹ്യ അകലം പാലിക്കൽ ഒക്കെ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ അദ്ദേഹത്തോട് പറയാറുണ്ട്.
വിരുന്നു വന്ന സന്തോഷം
നാലുവർഷംമുമ്പ് കൊച്ചിയിൽ നിന്നും തിരുവനന്തപുരം കുമാരപുരത്തേക്ക് വീട് മാറി. മുകേഷേട്ടന്റെ നിർബന്ധത്തിലായിരുന്നു ആ മാറ്റം. ഇതൊരു ആർട്ടിസ്റ്റിക് വീടാണ്. നമ്മുടെ കല പരിപോഷിപ്പിക്കുന്നതിനായി പണിത വീട്. അവിടെ ആർഭാടം കാട്ടാനായി ആളുകളെ വിളിച്ചു കൂട്ടേണ്ടതില്ല എന്നായിരുന്നു ഞങ്ങളുടെ തീരുമാനം. വീടിന്റെ പണിക്കായി ഓടിനടന്നവർക്ക് അവരുടെ സന്തോഷത്തിന് മാത്രമായി പാലു കാച്ചി. പല സ്ഥലങ്ങളിലും യാത്ര ചെയ്യുമ്പോൾ മനസ് തൊട്ടആശയങ്ങളിലൂന്നി, എന്റെ സങ്കല്പത്തിൽ ഉണ്ടാക്കിയ വീടാണ് മാധവം. അതിൽ 'ചിത്രകൂടം" എന്ന പേരിൽ നൃത്തകളരിയുണ്ട്. അവിടെ വച്ചാണ് ബ്രേക്ക് ദി ചെയിനിനായുള്ള നൃത്തവും ഷൂട്ട് ചെയ്തത്. പാലക്കാട്ടേക്കുള്ള എന്റെ യാത്രയ്ക്ക് ഒരൽപ്പം ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നുണ്ടെങ്കിലും ഈ സ്ഥലവും ചുറ്റുപാടും വളരെ മനോഹരമാണ്. പരമ്പരാഗത ശൈലിയിലാണ് രൂപകൽപ്പന ചെയ്തതെങ്കിലും അത് കേരളത്തിന്റേതാണോ മറ്റേതെങ്കിലുമാണോ എന്ന് തിരിച്ചറിയാൻ പാടാണ്. ഇപ്പോൾ ഇതാണ് പുതിയ സന്തോഷം.