കണ്ണൂർ: ലോകമെങ്ങും ഒരു ലക്ഷത്തിലേറെ പേരുടെ മരണത്തിന് കാരണമായ കൊവിഡ് 19 ന്റെ ദുരന്തം കേവലം ആരോഗ്യ പ്രശ്നത്തിൽ ഒതുങ്ങില്ല. ഇന്ത്യൻ ഗ്രാമങ്ങളെ കടുത്ത പട്ടിണിയിലേക്കും ദാരിദ്രത്തിലേക്കുമാണ് ഈ വൈറസ് നയിക്കുന്നത്. ഇന്നലെ ഗംഗാ നദിയിൽ അഞ്ച് മക്കളെ അമ്മ വലിച്ചെറിഞ്ഞ സംഭവങ്ങൾ വിരൽ ചൂണ്ടുന്നത് രാജ്യം അനുഭവിക്കുന്ന കടുത്ത ദാരിദ്രത്തിലേക്കാണ്. ഉത്തർപ്രദേശിലെ ബദോഹി ജില്ലയിലെ ജഗാംഗീർബാദിലാണ് സംഭവം നടന്നത്.
ഇവർ കൂലിപ്പണിക്ക് പോയാണ് കുട്ടികളെ നോക്കിയിരുന്നത്. ലോക്ഡൗണായതിനാൽ ഭക്ഷണം നൽകാൻ പണമില്ലെന്ന് അമ്മ പറഞ്ഞതായി നാട്ടുകാർ സൂചന നൽകുന്നു. കുട്ടികൾക്കായുള്ള തെരച്ചിൽ തുടരുന്നുണ്ടെങ്കിലും ആഴമേറിയ സ്ഥലത്ത് വലിച്ചെറിഞ്ഞതിനാൽ ജീവനോടെ കണ്ടെത്തുന്നതിൽ സംശയമാണ്.
26 ആഫ്രിക്കൻ രാജ്യങ്ങളിലുള്ളതിനേക്കാൾ ദരിദ്രർ ഇന്ത്യയിലെ 8 സംസ്ഥാനങ്ങളിലുണ്ട് എന്നാണ് ഓക്‌സ്‌ഫോർഡ് പോവർട്ടി ആന്റ് ഹ്യൂമൻ ഡെവലപ്പ്‌മെന്റ് എന്ന സംഘടനയുടെ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇത് 41 കോടിയോളം വരും. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇവരുടെ ജീവിതം ദുസ്സഹമായെന്ന് മാത്രമല്ല, കഷ്ടിച്ച് ഭക്ഷണം കണ്ടെത്തിയവർ പോലും ദാരിദ്രത്തിന്റെ പിടിയിലമർന്നു. യൂണിസെഫിന്റെ റിപ്പോർട്ട് പ്രകാരം, ലോകത്തിൽ പോഷകാഹാരക്കുറവുള്ള മൂന്നു കുട്ടികളിൽ ഒരാൾ ഇന്ത്യയിലുള്ളതാണ്.
ഇന്ത്യയിൽ അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ കണക്കെടുത്താൽ 42% പേരും നല്ല ഭക്ഷണം ലഭിക്കാത്തതിന്റെ പേരിൽ ഭാരക്കുറവ് ഉള്ളവരാണത്രെ. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളിൽ 58% പേരും പോഷകാഹാരക്കുറവുകൊണ്ട് വളർച്ച മുരടിച്ചവരാണെന്നും റിപ്പോർട്ട് തുടർന്നു പറയുന്നു.
എല്ലാ സംസ്ഥാനങ്ങളെയും ഒരു പോലെ രോഗം വ്യാപിച്ചതിനാൽ ഭക്ഷണ വിതരണത്തിൽ പ്രതിസന്ധി രൂക്ഷമാക്കിയാക്കാമെന്നാണ് ആശങ്ക. ലോക്ക്ഡൗൺ രണ്ടാഴ്ച കൂടി നീട്ടുന്നതോടെ സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കും. കേരളവും വലീയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും എന്ന കാര്യത്തിൽ തർക്കമില്ല. ആകെ വരുമാനത്തിന്റെ മുപ്പത് ശതമാനവും പ്രവാസി പണമാണ്. എട്ട് ലക്ഷം പ്രവാസികൾ ഉണ്ടെന്നാണ് കണക്ക്. ഇവരിലേറെയും നാട്ടിലേക്ക് മടങ്ങാൻ മാനസികമായി തയ്യാറെടുത്ത് കഴിഞ്ഞു. ഇവർ കൂടി എത്തുന്നതോടെ തൊഴിൽ പ്രതിസന്ധി രൂക്ഷമാകും. നിർമ്മാണ മേഖലയെയും വരാൻ പോകുന്ന മാന്ദ്യം ബാധിക്കും.