hospital-

കാസർകോട്: കൊവിഡിനെ പതിയെ പിടിച്ചു കെട്ടുകയാണ് കാസർകോട്. പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത ആദ്യദിനം ഇന്നലെ കടന്നു പോയി. 26 പേർ ഒരുമിച്ച് രോഗവിമുക്തി നേടുന്നത് രാജ്യത്ത് തന്നെ ആദ്യത്തെ അനുഭവമാണ്. മാർച്ച് 16 മുതൽ ആണ് ദുബായിൽ നിന്ന് നാട്ടിൽ എത്തിയവർ മുഖേന കാസർകോട് കൊവിഡ് രോഗം റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയത്. അതിനു ശേഷമുള്ള 28 ദിവസങ്ങൾ നിർണായകമായിരുന്നു.

എല്ലാദിവസവും പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. അതിജീവനത്തിന് പൊരുതുന്നതിനിടെ ഏപ്രിൽ 12 ന് മാത്രമാണ് ജില്ലയിൽ ഒരു കേസും റിപ്പോർട്ട് ചെയ്യാതിരുന്നത്. 162 കൊവിഡ് രോഗികൾ ചികിത്സയിൽ ഉണ്ടായിരുന്ന കാസർകോട് ജില്ലയിൽ നിലവിൽ 61 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. കാസർകോട് ജില്ല ഇപ്പോൾ അതിജീവനത്തിന്റെ പാതയിലാണ്.

രോഗം ബാധിച്ചവരിൽ ആരും ഇതുവരെ ജില്ലയിൽ മരണപ്പെട്ടിട്ടില്ലെന്നതും ഇതുവരെയുള്ള ശ്രദ്ധേയമായ നേട്ടമാണ്. ഈ നേട്ടം കൈവരിക്കാൻ സഹായിച്ച സ്‌പെഷ്യൽ ഓഫീസർ ജില്ലാഭരണകൂടം, പൊലീസ് സംവിധാനം, ഡോക്ടർമാർ, നഴ്‌സുമാർ മറ്റ് ആരോഗ്യ പ്രവർത്തകർ നിർദ്ദേശങ്ങൾ അനുസരിച്ച പൊതുജനങ്ങൾ എന്നിവരോടെല്ലാം ഡി.എം.ഒ ഡോ. എ.വി രാംദാസ് നന്ദി പറഞ്ഞു.

10,374 പേരാണ് ജില്ലയിൽ ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 10,126 പേർ വീട്ടിലും 248 പേർ ആശുപത്രിയിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 2,321 സാമ്പിളുകളാണ് കാസർകോട് നിന്ന് പരിശോധനയ്ക്ക് അയച്ചത്. 539 പേരുടെ റിസൾട്ട് കിട്ടാൻ ബാക്കിയുണ്ട്. തബ് ലീഗ് സമ്മേളനം കഴിഞ്ഞു മടങ്ങിയ മുളിയാർ പൊവ്വൽ സ്വദേശിക്കും ബന്ധുവിനും കുട്ടിക്കും രോഗം ബാധിച്ചു.