രാവിലെ ഫോണിലൂടെ ഫേസ് ബുക്ക് നോക്കുമ്പോഴാണ് ശ്രീകുമാരൻ തമ്പിച്ചേട്ടന്റെ പോസ്റ്റ് ശ്രദ്ധയിൽ പെട്ടതും ഞങ്ങളുടെ പ്രിയപ്പെട്ട അർജുനൻ മാമന്റെ വേർപാട് വേദനയോടെ ഞാനറിഞ്ഞതും. അവസാനമായി മാമനോട് സംസാരിച്ചത് നാലുമാസങ്ങൾക്കു മുൻപാണ്. എന്റെ ഇളയമകളുടെ വിവാഹം ക്ഷണിച്ചതായിരുന്നു. ആരോഗ്യ പ്രശ്നത്താൽ യാത്ര ചെയ്യാൻ ബുദ്ധിമുട്ടാണെന്നും മാഞ്ചേട്ടന്റെ കൊച്ചുമോൾക്കു എല്ലാ നന്മകളും നേരുന്നെന്നും പറഞ്ഞു. (എന്റെ അച്ഛൻ ശ്രീ ഒ. മാധവനെ, മാഞ്ചേട്ടൻ എന്നാണ് മാമൻ വിളിക്കുന്നത് ). ചെറിയ ഈ സംഭാഷണത്തിൽ കവിഞ്ഞൊഴുകുന്ന സ്നേഹവും വാത്സല്യവും ഞാനറിഞ്ഞു.
മാമനോട് സമ്പർക്കമുണ്ടായിരുന്ന എല്ലാവർക്കുമറിയാം ഈ സ്നേഹത്തിന്റെ ആഴം... ഒരിക്കൽ പോലും ആരോടും പിണങ്ങാത്ത പരിഭവിക്കാത്ത പ്രകൃതം. അച്ഛന്റെ നാടക ട്രൂപ്പായ കാളിദാസകലാകേന്ദ്രത്തിന്റെ ഹാർമോണിസ്റ്റും പിന്നീട് സംഗീത സംവിധായകനുമായ അർജുനൻ മാമൻ എന്റെ മനസിൽ പിതൃതുല്യനാണ്. മനസ് കുറെ വർഷങ്ങൾക്കു മുമ്പേ നടക്കുകയാണ്. അച്ഛന്റെ സപ്തതി സുഹൃത്തുക്കളും പാർട്ടിയും ഏറ്റെടുത്തു. ഒരു ആഘോഷമാക്കാൻ തീരുമാനിച്ചപ്പോൾ, നാടകത്തിൽ പണ്ട് തിളങ്ങിയവരും ഇപ്പോൾ തിളങ്ങി കൊണ്ടിരിക്കുന്നവരുമായ പിന്നണി ഗായകരെ ഒന്നിപ്പിച്ച് ഒരു ഗാനമേള നടത്താനുള്ള ആശയം വച്ചതും അതിന്റെ ചുക്കാൻ പിടിച്ചതും മാമന് അച്ഛനോടുള്ള ആത്മ ബന്ധം. സുലോചന തൊട്ടുള്ള നിരവധി പാട്ടുകാർ പങ്കെടുത്ത സംരംഭം. സപ്തതിക്ക് നാലുദിവസം മുൻപേ മാമൻ വീട്ടിൽ വന്നു. ഗായകരെ സംഘടിപ്പിക്കുന്നതിന്റെയും റിഹേഴ്സൽ നടത്തുന്നതിന്റെയും തിരക്കുകൾ. എന്റെ മകൾ നീതക്ക് വയലാറിന്റെ 'ഉമ്മറ വാതിൽക്കൽ നീന്തിയണഞ്ഞു ഞാൻ അമ്മയെ കാണാത്തൊരുന്നാൾ ..."എന്ന കവിത ഗാനമേളക്ക് പാടാനൊരു മോഹം.
''മോള് കുട്ടിയല്ലേ, ഓർക്കസ്ട്ര ഒന്നും നിനക്ക് ശീലമില്ല, വലിയ ആൾക്കാര് പാടുമ്പോൾ മോൾക്ക് എന്തെങ്കിലും പിഴവ് പറ്റിയാൽ...വേണ്ട കുറച്ചുകൂടി വലുതാകുമ്പോൾ പാടാം..."" അച്ഛൻ അവളുടെ മോഹത്തിന് തടയിട്ടു.വലിയ സദസിനു മുൻപിൽ അവൾക്കെന്തെകിലും പിഴവ് പറ്റിയാലുള്ള ആശങ്കയായിരുന്നു അച്ഛന്റെ ഈ തീരുമാനത്തിനു പിന്നിൽ. പുറത്തുപോയി തിരിച്ചു വന്ന അച്ഛൻ കണ്ടത്, അർജുനൻ മാമൻ റിഹേഴ്സൽ കൊടുക്കുന്നതാണ്. ഇതെങ്ങനെ,എപ്പോൾ സംഭവിച്ചു എന്ന് ആശ്ചര്യത്തോടെ നോക്കിയ അച്ഛനോട് മാമൻ വിശദീകരിച്ചു. ''എന്നെ ഇന്ന് ഉറക്കമെണീപ്പിച്ചത് ഇവളായിരുന്നു. ഇവൾക്ക് ഒരു കവിത അറിയാമെന്നും അവൾക്കു പാടണമെന്നും , അച്ചാച്ചൻ സമ്മതിക്കുന്നില്ലെന്നും, അപ്പൂപ്പൻ കേട്ടിട്ട് ഇഷ്ടമായെങ്കിൽ പാടിക്കണമെന്നുമുള്ള നിവേദനവുമായി.... ഞാൻ പാടിപ്പിച്ചപ്പോൾ , അർത്ഥം മനസിലാക്കി ലയിച്ചു തന്നെയാണ് പാടുന്നത്. ഇവൾ പാടട്ടെ, കുട്ടികളുടെ ന്യായമായ ആഗ്രഹങ്ങൾ നമ്മൾ സാധിച്ചു കൊടുക്കണം.""
ഗൗരവത്തോടെയാണ് മാമൻ സംസാരിച്ചതെങ്കിലും ആ വാക്കുകളിൽ കവിഞ്ഞൊഴുകിയത് വാത്സല്യം തന്നെയായിരുന്നു. അന്ന് സിനിമയിൽ കത്തിനിന്ന സംഗീത സംവിധായകനാണ് ഏഴു വയസുകാരിയുടെ മനസ് വായിച്ചത്. അച്ചാച്ചനെ കണ്ട ഭാവം പോലും നടിക്കാതെ ഇവൾ റിഹേഴ്സലിൽ മുഴുകി. മുഖത്തോട്ടു നോക്കിയാൽ വീണ്ടും വിലക്ക് വീഴുമോ എന്ന് ഭയന്നാകാം. ഗാനമേള തുടങ്ങി. നിറഞ്ഞ സദസ്, പല പ്രഗത്ഭരും പാടി. സത്യത്തിൽ എന്റെ വയറ്റിൽ തീയായിരുന്നു. അച്ഛൻ ഇവളെ നിരുത്സാഹപ്പെടുത്തിയതിന്റെ കാരണം അപ്പോഴാണ് എനിക്ക് ബോദ്ധ്യമായത്. ഇത്രയും വലിയ സദസിന് മുമ്പിൽ, ഓർക്കസ്ട്രയ്ക്ക് ഒപ്പം, തെറ്റാതെ ഇവൾക്ക് പാടാൻ പറ്റുമോ? നീതയുടെ ഊഴം വന്നു. അവളുടെ തോളിൽ പിടിച്ചുകൊണ്ട് മാമൻ സ്റ്റേജിലേക്ക് വന്നു. ഒ. മാധവന്റെ കൊച്ചുമകളെ, എല്ലാവർക്കും കൊടുത്ത മാന്യതയോടെ തന്നെ സദസിന് പരിചയപ്പെടുത്തി. പാടാൻ തുടങ്ങും മുമ്പേ ഓരോ സംഗീതോപകരണങ്ങളിലും നീത തൊട്ടു വന്ദിച്ചത്, തീർച്ചയായും മാമന്റെ ശിക്ഷണം തന്നെ. പാടിതീരുന്നതുവരെ അവളുടെ അടുത്ത് നിന്ന് മാറാതെ, മാമൻ കൈകൾ കൊണ്ട് നിർദ്ദേശങ്ങൾ കൊടുത്തുകൊണ്ടേയിരുന്നു. നീതയുടെ കണ്ണുകളിൽ മാമനും നിർദ്ദേശങ്ങളും മാത്രം. എല്ലാവരും കൈയടിച്ച് അഭിനന്ദിച്ചപ്പോൾ മാത്രമാണ് അച്ഛന്റെ ശ്വാസം നേരെ വീണത്. നീതയുടെ വിവാഹം ക്ഷണിക്കാൻ ഞാൻ മാമന്റെ വീട്ടിൽ പോയപ്പോൾ , 'ജീവിച്ചിരിപ്പുണ്ടെങ്കിൽ വരും..." എന്നാണ് മാമൻ പറഞ്ഞത്. അന്ന് എറണാകുളത്തുനിന്നും കൊല്ലത്തേക്ക് ട്രെയിനിലായിരുന്നു മാമൻ വന്നത്. അന്നെടുത്ത ചിത്രമാണിത് ...അച്ഛന്റെ സുഹൃദ് വലയത്തിലെ അവസാന കണ്ണിയും...
(ലണ്ടനിൽ താമസിക്കുന്ന ലേഖിക സിനിമാനടൻ മുകേഷിന്റെ സഹോദരിയാണ്)