കണ്ണൂർ: അസമിലെയും മേഘാലയയിലെയും മദ്യവിൽപ്പന ശാലകൾ ഇന്ന് വീണ്ടും തുറക്കുന്നതോടെ പ്രതീക്ഷയിലാണ് കേരളത്തിലെ കുടിയന്മാർ. കൊവിഡ് 19 ന്റെ പശ്ചാത്തത്തിൽ ലോക്ക്ഡൗൺ തുടരുന്നതിനിടെയാണ് മദ്യ വിൽപ്പനശാലകൾ, മൊത്തക്കച്ചവടങ്ങൾ, ബോട്ട്‌ലിംഗ് പ്ലാന്റുകൾ, ഡിസ്റ്റിലറികൾ, മദ്യശാലകൾ എന്നിവ ദിവസവും ഏഴു മണിക്കൂർ തുറക്കാനാണ് അസമിലെ തീരുമാനം. മേഘാലയയിൽ മദ്യവിൽപ്പനശാലകളും വെയർഹൗസുകളും രാവിലെ 9 മുതൽ വൈകീട്ട് 4 വരെ തുറന്നിരിക്കും. കുപ്പികളും പണവും കൈകാര്യം ചെയ്യുമ്പോൾ ഉപഭോക്താക്കൾക്കും ജീവനക്കാർക്കും ഹാൻഡ് സാനിറ്റൈസർ നൽകുമെന്നും അസം എക്‌സൈസ് വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. സംസ്ഥാന സർക്കാരിന്റെ തീരുമാനം അറിയിച്ച് മേഘാലയ എക്‌സൈസ് കമ്മീഷണർ പ്രവീൺ ബക്ഷി എല്ലാ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്കും കത്തെഴുതിയിട്ടുണ്ട്.
മേഘാലയയിൽ ഇതുവരെ കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം മദ്യം ലഭിക്കാത്തതോടെ നിരവധി ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിലും സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്തു. കൊവിഡ് കേസുകൾ വ്യാപകമാകുന്നത് വരെ മദ്യശാലകളും ബെവറേജ് ഔട്ട്‌ലെറ്റുകളും അടച്ചിടുന്നതിനോട് സംസ്ഥാന സർക്കാരിന് താത്പര്യം ഉണ്ടായിരുന്നില്ല. രാജ്യത്ത് പൂർണ്ണമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് കേരളത്തിലെ ബെവറേജ് ഔട്ട്ലെറ്റുകൾക്കും താഴ് വീണത്. ഇതിനിടെ ഡോക്ടർമാരുടെ കുറിപ്പടിയാേടെ മദ്യം നൽകാൻ നടപടി തുടങ്ങിയെങ്കിലും കോടതിയുടെയും രൂക്ഷ വിമർശനത്തോടെ സർക്കാരിന് പിന്നോട്ട് പോകേണ്ടി വന്നിരുന്നു. എന്നാൽ ഇതോടെ വ്യാജവാറ്റ് വൻതോതിൽ കൂടി.
കണ്ണൂരിൽ മാത്രം ആറായിരം ലിറ്റർ വാഷ് പിടികൂടിയതിന്റെ ആനുപാതികമായി നോക്കിയാൽ സംസ്ഥാനത്ത് അരലക്ഷം ലിറ്ററെങ്കിലും വാറ്റിയിരിക്കാം. നേരത്തെ 600 രൂപയ്ക്ക് വിറ്റിരുന്ന വാറ്റിന് ഇപ്പോൾ 1200 വരെയായിട്ടുണ്ട്. ജോലിയില്ലാത്ത സമയത്ത് വീട്ടിൽ പണത്തിനായി കലഹം ഉണ്ടാകുന്നതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇതൊക്കെ പരിഗണിച്ച് സർക്കാർ ഇടപെടുമെന്നാണ് കുടിയന്മാരുടെ പ്രതീക്ഷ.