1. ലോക്ക്ഡൗണ്‍ നീട്ടുമ്പോഴുള്ള ഇളവുകളെ സംബന്ധിച്ച് സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായില്ല. കേന്ദ്ര നിര്‍ദ്ദേശം വന്ന ശേഷം തീരുമാനമെടുക്കാമെന്ന നിലപാടില്‍ മന്ത്രിസഭായോഗം പിരിയുക ആയിരുന്നു. കേരളം സ്വന്തമായി ഇളവുകള്‍ പ്രഖ്യാപിക്കണ്ട എന്ന് മന്ത്രിസഭാ യോഗം തീരുമാനിക്കുക ആയിരുന്നു. കൊവിഡില്‍ നിലവില്‍ ആശങ്ക വേണ്ടെന്ന് മന്ത്രിസഭ വിലയിരുത്തല്‍. കാസര്‍കോടും സ്ഥിതി ആശ്വാസകരം. ജാഗ്രതയില്‍ വിട്ടുവീഴ്ച പാടില്ല എന്നും മന്ത്രിസഭ. മറ്റെന്നാള്‍ വീണ്ടും മന്ത്രിസഭാ യോഗം ചേര്‍ന്ന ശേഷമായിരിക്കും തീരുമാനം എടുക്കുക.
2. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ചില സ്ഥാപനങ്ങള്‍ക്ക് നേരിയ ഇളവ് അനുവദിച്ചതോടെ അത് മുതലാക്കി ആളുകള്‍ കൂട്ടത്തോടെ നിരത്തിലിറങ്ങി. മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് സ്ഥാപനങ്ങള്‍ക്ക് ഇളവ് അനുവദിച്ച പശ്ചാത്തലത്തില്‍ ആണ് ഇന്നലെ അധികം പേരും വാഹനങ്ങളുമായി നിരത്തിലിറങ്ങിയത്. ഫോണ്‍ റിപ്പയറിംഗ്, റീചാര്‍ജ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി മൊബൈല്‍ ഫോണ്‍ കടകളില്‍ ഇന്നലെ സാമാന്യം നല്ല തിരക്ക് അനുഭവപ്പെട്ടു. എന്നാല്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ റോഡില്‍ ഇറങ്ങുന്നവരുടെ എണ്ണവും കൂടി. കൊവിഡ് നിയന്ത്രണ വിധേയമായി തുടരുന്നതിനിടെ ആളുകള്‍ കൂട്ടത്തോടെ റോഡില്‍ ഇറങ്ങുന്നത് കാര്യങ്ങള്‍ കൈവിട്ട് പോകാന്‍ ഇട ആക്കുമെന്ന ആശങ്കയില്‍ എല്ലാ സ്ഥലത്തും വാഹനപരിശോധന കടുപ്പിക്കാന്‍ പൊലീസിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
3. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 512 വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. കാസര്‍കോട് പോലെ രോഗ വ്യാപനം കൂടാനിടയുള്ള സ്ഥലങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണവും ബൈക്ക് പട്രോളിംഗും ശക്തമാക്കും. സത്യവാങ്ങ് മൂലമില്ലാതെയും മാസ്‌ക് ഉപയോഗിക്കാതെയും വാഹനങ്ങളില്‍ കറങ്ങുകയും കൂട്ടം കൂടുകയും ചെയ്യുന്നവര്‍ക്ക് എതിരെ കര്‍ശന നടപടികള്‍ക്ക് സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇളവ് അനുവദിച്ച സ്ഥാപനങ്ങളില്‍ സാമൂഹ്യ അകലവും മറ്റ് സുരക്ഷാ നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ പരിശോധന നടത്താനും പൊലീസിനെ ചുമതലപ്പെടുത്തി. കൊവിഡ് മരണങ്ങളും കൂടുതല്‍ കൊവിഡ് രോഗ ബാധയും റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലെല്ലാം പരിശോധന കടുപ്പിക്കാനാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം
4. ലോകത്താകെ കൊവിഡ്19 ബാധിച്ചുള്ള മരണം 1.14 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 5,274 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ലോകത്താകെ മരിച്ചവരുടെ എണ്ണം 1,14,053 ആയി ഉയര്‍ന്നു. 210 രാജ്യങ്ങളിലായി 1,849,382 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 69,540 പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 25,568 കേസുകളും അമേരിക്കയിലാണ് സ്ഥിരീകരിച്ചത്. ലോകത്തില്‍ കൂടുതല്‍ കോവിഡ് കേസുകളും മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും അമേരിക്കയിലാണ്. ഇതിനോടകം 21,991 പേരാണ് കോവിഡ് ബാധിച്ച് അമേരിക്കയില്‍ മരിച്ചത്. 5,58,447 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 9,385 പേരാണ് ന്യൂയോര്‍ക്ക് കോവിഡ് ബാധിച്ച് മരിച്ചത്.
5. ഇറ്റലിയിലും മരണസംഖ്യ ഇരുപതിനായിരതോട് അടുക്കുകയാണ്. 19,899 പേരാണ് ഇറ്റലിയില്‍ മരിച്ചത്. ബ്രിട്ടണിലും മരണസംഖ്യ പതിനായിരം കടന്നു. ഇന്നലെ ബ്രിട്ടണില്‍ 737 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 10,612 ആയി ഉയര്‍ന്നു. സ്‌പെയിനിലും ഫ്രാന്‍സിലും എല്ലാം കൊവിഡ് മരണ നിരക്ക് ഉയരുക ആണ്. അതിനിടെ, ചരിത്രത്തില്‍ ആദ്യമായി അമേരിക്കയിലെ 50 സംസ്ഥാനങ്ങളെയും ദുരന്ത ബാധിത മേഖലകളായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരും മരണ നിരക്കുമുള്ള രാജ്യമായി അമേരിക്ക മാറിയതിനെ തുടര്‍ന്നാണ് നടപടി. വായൊമിങ് സംസ്ഥാനമാണ് ഏറ്റവുമൊടുവില്‍ ദുരന്ത മേഖലയായി പ്രഖ്യാപിക്കപ്പെട്ടത്. മാര്‍ച്ച് 20ന് ന്യൂയോര്‍ക്കിനെ ആണ് ആദ്യം ദുരന്തബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചത്. ഇതിന് പുറമെ വാഷിങ്ണ്‍ ഡി.സി, പ്യൂര്‍ട്ടോ റിക്കോ, ഗ്വാം, നോര്‍ത്തേണ്‍ മരിയാന ദ്വീപുകള്‍, യു.എസ് വിര്‍ജിന്‍ ദ്വീപുകള്‍ എന്നിവയെയും ദുരന്ത മേഖലകളായി പ്രഖ്യാപിച്ചു കൊണ്ട് ഇരിക്കുകയാണ്.
6. കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് മലയാള സിനിമാ വ്യവസായം വന്‍ പ്രതിസന്ധിയില്‍. ഈസ്റ്റര്‍ വിഷു സീസണില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്തതു കൊണ്ട് മാത്രമുണ്ടായ നഷ്ടം മുന്നൂറ് കോടി രൂപയാണ്. റിലീസ് മാറ്റിവച്ചതിന് പുറമെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതും മുടങ്ങിയതുമായ ചിത്രങ്ങളുടെ അടക്കം വ്യവസായ നഷ്ടം അറൂന്നൂറ് കോടി പിന്നിടുമെന്നാണ് സിനിമാ മേഖലയുടെ വിലയിരുത്തല്‍. റിലീസിംഗ് മുടങ്ങിയത് ഒമ്പത് ചിത്രങ്ങള്‍ക്ക് ആണ്. പോസ്റ്റ് പ്രോഡക്ഷന്‍ ഘട്ടത്തില്‍ നിലച്ചത് ഇരുപത്തിയാറ് ചിത്രങ്ങള്‍. ഷൂട്ടിംഗ് പാതിവഴിയില്‍ മുടങ്ങിയ ചിത്രങ്ങള്‍ ഇരുപത് . ലോക്ഡൗണ്‍ പിന്‍വലിച്ച് കുറഞ്ഞത് രണ്ടു മാസത്തിനപ്പുറം സിനിമാമേഖല സജീവമായാല്‍ പോലും ഈ ചിത്രങ്ങളുടെ നഷ്ട ക്കണക്കില്‍ നിന്ന് കരകയറുക എളുപ്പമല്ല
7. നൂറുകോടി ചെലവുള്ള മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ ഉള്‍പ്പടെയുള്ള ഒമ്പത് ഈസ്റ്റര്‍ വിഷും ചിത്രങ്ങള്‍ റീലിസ് ചെയ്യാനാകാതെയുണ്ടാകുന്ന നഷ്ടം മാത്രം മുന്നൂറ് കോടിരൂപയാണ്. മരക്കാറും ഫഹദ് ഫാസിലിന്റെ മാലിക്കും മമ്മൂട്ടിയുടെ വണ്ണും ദുല്‍ഖറിന്റെ കുറുപ്പും ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ രാജ്യാന്തര മാര്‍ക്കറ്റ് കൂടി ലക്ഷ്യമിട്ട് നിര്‍മിച്ചവ ആണ്. എന്നാല്‍ കൊവിഡ് ഭീതിയില്‍ കഴിയുന്ന ജനം ലോകത്ത് എവിടെയും അടുത്ത കാലത്തൊന്നും തിയറ്ററുകളില്‍ എത്തില്ലെന്ന് സിനിമാലോകം തിരിച്ചറിയുന്നു . മലയാള സിനിമയിലെ പതിനായിരത്തില്‍ പരം സാങ്കേതിക പ്രവര്‍ത്തകരില്‍ നാലായിരത്തോളം ദിവസ വേതനക്കാരും ഇതോടെ പ്രതിസന്ധിയിലാണ്. മോഹന്‍ലാലും മഞ്ജുവാര്യരും അടക്കമുള്ള താരങ്ങളുടെ ധനസഹായം ഈ വിഭാഗത്തിന് ലഭ്യമാക്കാന്‍ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയ്ക്ക് കഴിഞ്ഞെങ്കിലും ഈ രീതിയില്‍ ഇനി മുന്നോട്ടു പോകാനാകില്ല.