കൊളംബോ : ശ്രീലങ്കയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ദഹിപ്പിക്കണമെന്ന് ഉത്തരവ്. മുസ്ലിം മതവിഭാഗത്തിന്റെ എതിർപ്പ് മറികടന്നാണ് വൈറസ് വ്യാപനം തടയാനായി പുതിയ നിർദ്ദേശവുമായി സർക്കാരെത്തിയിരിക്കുന്നത്. ശ്രീലങ്കയിൽ മുസ്ലിം, ജൂത മതവിഭാഗങ്ങൾ മൃതദേഹം ദഹിപ്പിക്കാറില്ല. വിശ്വാസമനുസരിച്ച് തന്നെ രോഗം ബാധിച്ച് മരിച്ചവരെ സംസ്‌കരിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ ലോകമൊട്ടാകെ കൊവിഡ് 19 മനുഷ്യരെ കൊന്നൊടുക്കുന്ന സാഹചര്യത്തിൽ അത് തടയാനുള്ള മാർഗങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്ന് സർക്കാർ വ്യക്തമാക്കി.
നാല്‌പത്തിയഞ്ച് മിനിട്ട് മുതൽ ഒരു മണിക്കൂർ വരെ ദൈർഘ്യത്തിൽ കുറഞ്ഞത് 800 മുതൽ 1200 ഡിഗ്രി സെൽഷ്യസ് താപനിലയിൽ വേണം മൃതദേഹം ദഹിപ്പിക്കാൻ. സർക്കാർ അംഗീകാരമുള്ള സെമിത്തേരികളിലോ ശ്‌മശാനങ്ങളിലോ മാത്രമോ ശവസംസ്‌കാരം നടത്താവൂ. കൊവിഡ് ബാധിച്ച് മരിച്ചയാൾക്ക് ആചാരപ്രകാരം സംസ്‌കാരച്ചടങ്ങുകൾ നിർവഹിക്കേണ്ടവർ ഒഴിച്ച് മറ്റാരും ഉണ്ടാകാനും പാടില്ല. അതുപോലെ തന്നെ മൃതദേഹം സംസ്‌കാരിക്കാനെത്തുന്നവർ ഗ്ലൗസ്, മാസ്‌ക്, സുരക്ഷാ വസ്ത്രങ്ങൾ എന്നിവ ധരിക്കുകയും സംസ്‌കാരത്തിന് ശേഷം അവ നശിപ്പിക്കുകയും ചെയ്യണം.
ലോകാരോഗ്യ സംഘടനയുടെ മാർഗ നിർദ്ദേശങ്ങൾക്കനുസരിച്ച് മൃതദേഹങ്ങൾ ദഹിപ്പിക്കാനുള്ള ശ്രീലങ്കൻ സർക്കാരിന്റെ തീരുമാനത്തെ രാജ്യത്തെ ഒരു വിഭാഗം മുസ്ലീം നേതാക്കൾ സ്വാഗതം ചെയ്‌തിട്ടുണ്ട്. ശ്രീലങ്കയിലെ നെഗോമ്പോയിൽ കൊവിഡ് ബാധിച്ച് മരിച്ച മുസ്ലിം വിഭാഗത്തിൽപ്പെട്ടയാളുടെ മൃതദേഹം കുഴിച്ചിടുന്നത് അധികൃതർ തടയുകയും മൃതദേഹം ദഹിപ്പിക്കുകയും ചെയ്‌തിരുന്നു. ഇയാളുടെ ബന്ധുക്കളും മുസ്ലീം സംഘടനകളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. നിലവിൽ 210 പേർക്കാണ് ശ്രീലങ്കയിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഏഴ് പേർ ഇതേവരെ മരിച്ചു. ഏപ്രിൽ 16 വരെയാണ് ശ്രീലങ്കയിൽ ലോക്ക്ഡൗൺ നിശ്ചയിച്ചിരിക്കുന്നത്.