തിരുവനന്തപുരം: കേരളത്തിൽ കടൽ ക്ഷോഭത്തിന് സാദ്ധ്യതയെന്ന് ദേശീയ സമുദ്ര പഠന കേന്ദ്രം (ഐ.എൻ.സി.ഒ.ഐ.എസ്) അറിയിച്ചു. വേലിയേറ്റത്താൽ തീരപ്രദേശങ്ങളിൽ ഭീമൻ തിരമാലകൾ രൂപപ്പെടാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരത്തോട് ചേർന്ന താഴ്ന്ന പ്രദേശങ്ങളിൽ വേലിയേറ്റ സമയങ്ങളിൽ വെള്ളം കയറാനുംസാദ്ധ്യതയുണ്ട്. ഇന്നലെ പകൽ 11.30 മുതൽ ഒരു മണി വരെ കേരളത്തിലെ കടൽ തീരങ്ങൾ പ്രക്ഷുബ്ദമായിരുന്നു. രാത്രിയിലും കടലിൽ ഭീമൻ തിരമാലകൾ രൂപപ്പെട്ടതായി തീരദേശവാസികൾ പറയുന്നു.
ഇന്ന് പുലർച്ചവരെയാണ് വേലിയേറ്റം ഉണ്ടാവുമെന്ന് അറിയിച്ചിട്ടുള്ളതെങ്കിലും നാശ നഷ്ടങ്ങളും ആളപായവും ഉണ്ടാകാതിരിക്കാൻ തീരദേശവാസികൾ ജാഗ്രത പാലിക്കണം. വേലിയേറ്റ സമയങ്ങളിൽ ഇടയ്ക്കിടെ ജലനിരപ്പിന് ഉയർച്ച സംഭവിക്കുകയും ഭീമൻ തിരമാലകൾ രൂപപ്പെടുകയും ചെയ്യുമെന്നാണ് ലഭ്യമായ വിവരം. അതിനാൽ വള്ളങ്ങൾ മറ്റ് മീൻപിടിക്കുന്ന ഉപകരണങ്ങൾ എന്നിവ ശക്തമായ തിരയിൽപ്പെട്ട് ഒഴുകിപോകാതിരിക്കാൻ കെട്ടിയിട്ട് സംരക്ഷിക്കണം. തീരപ്രദേശത്ത് സുരക്ഷിതമല്ലാത്ത ഇടങ്ങളിൽ താമസിക്കുന്നവരും, വെള്ളം കയറാൻ സാദ്ധ്യതയുള്ള ഇടങ്ങളിൽ താമസിക്കുന്നവരും അധികൃതരുടെ നിർദ്ദേശം അനുസരിച്ച് മാറിത്താമസിക്കണം. എന്നാൽ, കേരളത്തിന്റെ തീരങ്ങളിൽ മീൻ പിടിക്കുന്നതിൽ തടസങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ കടലിൽ പോകുന്നവർ പാലിക്കണം.