കൊച്ചി: അസുഖം ബാധിച്ച് ആശുപത്രിയിൽ കിടക്കുമ്പോഴാണ് പലരും ചിന്തിക്കുക,
`ഒരു ഹെൽത്ത് ഇൻഷ്വറൻസ് എടുത്തിരുന്നെങ്കിൽ...'
കൊവിഡ് രോഗത്തെ തടയുന്നതിൽ കേരളം
മറ്റു സംസ്ഥാനങ്ങൾക്കും രാജ്യങ്ങൾക്കും മാതൃകയെന്നോണം മുന്നേറുന്നുണ്ടെങ്കിലും ആരോഗ്യ ഇൻഷ്വറൻസിന്റെ പ്രസക്തി ഏറുകയാണ്.
നിരീക്ഷണത്തിൽ കഴിയുന്നവരോ, കൊവിഡ്-19 സംശയിച്ചവരോ, ബാധിച്ചവരോ ആയിക്കോട്ടെ, ആരോഗ്യ ഇൻഷ്വറൻസ് പോളിസി ഉണ്ടെങ്കിൽ സാമ്പത്തികമായി നമുക്കത് വലിയ ആശ്വാസമായിരിക്കും.
നിലവിൽ, കൊവിഡ് ചികിത്സ സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ചാണെങ്കിലും അധികച്ചെലവുകൾ വരുന്നവർക്കും മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്നവർക്കും ഇൻഷ്വറൻസ് വലിയ താങ്ങാകും.
# നിലവിൽ പോളിസിയുള്ളവർ
ഏതെങ്കിലും ഹെൽത്ത് ഇൻഷ്വറൻസ് പോളിസിയുള്ളവർ, മറ്റൊന്ന് എടുക്കേണ്ടതില്ല. കൈവശമുള്ള പോളിസി ആശുപത്രിച്ചെലവ് ഉൾപ്പെടെ നോക്കിക്കോളും. കൊവിഡ്-19നും ലഭിക്കും.
# കൊവിഡ് സ്‌പെഷ്യൽ പോളിസി
പ്രമുഖ ഇൻഷ്വറൻസ് കമ്പനികളെല്ലാം ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഒഫ് ഇന്ത്യയുടെ (ഐ.ആർ.ഡി.എ.ഐ) അനുവാദത്തോടെ, കൊവിഡ് കവറേജ് ഹെൽത്ത് ഇൻഷ്വറൻസ് പോളിസികൾ അവതരിപ്പിച്ചിട്ടുണ്ട്.
നിരീക്ഷണത്തിലുള്ളവർക്കും കൊവിഡ് പോസിറ്റീവ് ആയവർക്കും പ്രയോജനപ്പെടും. വാർഷിക പ്രീമിയം 159 രൂപ മുതൽ 3,900 രൂപവരെ. 21,000 രൂപ മുതൽ രണ്ടുലക്ഷം രൂപവരെ ലംപ്‌സം ചികിത്സയ്ക്കായി ലഭിക്കും.