sivakasi

കണ്ണൂർ : കേരളത്തിലെ വിഷുവിപണിയും ലോക്ക് ഡൗണിലായതോടെ ശിവകാശിയൊരു നനഞ്ഞ പടക്കമായി മാറി. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ദീപാവലിക്ക് പടക്കം നിരോധിച്ചപ്പോൾ വിഷുവായിരുന്നു പ്രതീക്ഷ. എന്നാൽ കൊവിഡ് കേരളത്തിലെ രണ്ടായിരത്തോളം പടക്ക വ്യാപാരികളുടെയും ശിവകാശിയിലെ ലക്ഷക്കണക്കിന് തൊഴിലാളികളുടെയും സ്വപ്നത്തിന് താഴിട്ടു. വിഷുവിപണി ലക്ഷ്യമിട്ട് സ്റ്റോക്കുചെയ്തിരുന്ന ലക്ഷക്കണക്കിന് രൂപയുടെ പടക്കങ്ങൾ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ പടക്ക വ്യാപാരികൾ ശിവകാശിയിലെ കമ്പനികളെ സമീപിച്ചിരിക്കുകയാണ്.

ഇന്ത്യയുടെ പടക്കനിർമ്മാണ തലസ്ഥാനമായി അറിയപ്പെടുന്ന തമിഴ് നാട്ടിലെ ശിവകാശിയിലാണ് പടക്ക നിർമ്മാണത്തിന്റെ 90 ശതമാനവും. 65 ശതമാനത്തോളം ദീപാവലിക്കും ബാക്കി വിഷുവിനുമാണ് ശിവകാശിയിലെ വ്യാപാരം.ലോക് ഡൗൺ അവസാനിക്കേണ്ട 14 നാണ് വിഷു. വർഷത്തിൽ രണ്ടാഴ്ച മാത്രമാണ് കേരളത്തിലെ പടക്ക വ്യാപാരം. ഏപ്രിൽ ഒന്നു മുതൽ 14 വരെ. രണ്ടാഴ്ചത്തെ വ്യാപാരത്തിനായി ഒരു വർഷം മുഴുവൻ കെട്ടിട വാടക നൽകുന്നവരാണ് ഇവരിലേറെയും. മറ്റുള്ള സമയങ്ങളിൽ ഇവിടെ വേറെ വ്യാപാരവും നടക്കില്ല. പടക്ക വിൽപ്പനയ്ക്കുള്ള ലൈസൻസ് മാത്രമാണ് ഇവർക്ക് നൽകുന്നത്.

 ഇങ്ങനെയാണ് ശിവകാശി

ഒരു വർഷത്തെ വ്യാപാരം : 2000 കോടി

ഫാക്ടറികൾ : 800

തൊഴിലാളികൾ : 3 ലക്ഷം

ബനാന അലവൻസും മുടങ്ങി

വിഷുസീസണിൽ ശിവകാശിയിലെ പടക്ക തൊഴിലാളികൾക്ക് ബനാന അലവൻസായി പതിനായിരം മുതൽ ഇരുപതിനായിരം രൂപ വരെ ലഭിക്കുമായിരുന്നു. പഴം വാങ്ങാനുള്ള തുക. പടക്ക നിർമ്മാണത്തിന് ഉപയോഗിക്കുന്ന അലുമിനിയം പോലുള്ള വസ്തുക്കൾ ശരീരത്തിന് ഹാനികരമാകുന്നതിനെ പ്രതിരോധിക്കാൻ പഴം നല്ലതായതിനാലാണ് അലവൻസ്. കേരളത്തിലെ പടക്ക ഓർഡർ മുടങ്ങിയപ്പോൾ ആ അലവൻസും മുടങ്ങി.

വിഷു സീസൺ മാത്രം ലക്ഷ്യമാക്കി ഉപജീവനം നടത്തുന്ന പടക്ക തൊഴിലാളികളെ രക്ഷിക്കാൻ സാമ്പത്തിക സഹായം അനുവദിക്കണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. സ്റ്റോക്ക് ചെയ്ത പടക്കങ്ങൾ തിരിച്ചെടുക്കണമെന്ന് ശിവകാശിയിലെ കമ്പനികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

കെ.പി. രാജീവൻ, സംസ്ഥാന പ്രസിഡന്റ്, കേരള ഫയർ വർക്സ് ഡീലേഴ്സ് അസോസിയേഷൻ.

വിഷുവിപണി ലക്ഷ്യമാക്കി വിവിധ തരം പടക്കങ്ങളാണ് നിർമ്മിച്ചത്. എല്ലാം ഗോഡൗണുകളിൽ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. സീസൺ കഴിഞ്ഞാൽ പിന്നെ ഉപയോഗിക്കാൻ കഴിയില്ല. അടുത്ത വർഷമാകുമ്പോൾ നശിക്കും.

തങ്കവേലു, പടക്കവ്യാപാരി, ശിവകാശി.