kerala

തിരുവനന്തപുരം: തമിഴ് ക്ളാസ്സിക്കുകളുടെ ഉപാസകൻ കെ.ജി.ചന്ദ്രശേഖരൻ നായർ(83) വിടപറഞ്ഞത് രണ്ടു സ്വപ്ന ദൗത്യങ്ങൾ പൂർത്തിയാക്കാനാകാതെ. തിരുവള്ളുവരുടെ തിരുക്കുറളും തിരുമൂല നായനരുടെ തിരുമന്ത്രവും മാണിക്യവാചകന്റെ തിരുവാചകവുമടക്കം ഇരുപതിലധികം ബൃഹത് കൃതികളെ മലയാളത്തിലേക്ക് മൊഴിമാറ്റി. ലോക്ക്ഡൗൺ കാരണം അടുത്ത ബന്ധുക്കൾക്കുപോലും ആദരമർപ്പിക്കാൻ കഴിയാതെ ഭൗതികശരീരം ശാന്തികവാടത്തിൽ ദഹിപ്പിച്ചു.

വള്ളയാർ രാമലിംഗസ്വാമിയുടെ ഗീതങ്ങൾ, തിരുക്കുറൾ: ഉപമാനവും ഉപമേയവും എന്നീ കൃതികളുടെ പണിപ്പുരയിലായിരുന്ന ചന്ദ്രശേഖരൻ നായരുടെ വിയോഗം തീർത്തും അപ്രതീക്ഷിതമായിരുന്നു. അടുത്തകൊല്ലം കുടുംബകാരണവരുടെ ശതാഭിഷേകം വിപുലമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു ഭാര്യയും മക്കളും മറ്റു ബന്ധുക്കളും. തിരുമുറ-ഒൻപത്, സിദ്ധർ ഗായകർ, എന്റെ ഗുരുനാഥൻ എന്നിവയ്ക്കു പുറമെ പതിനെട്ട് കീഴ്കണക്ക് ഗ്രന്ഥങ്ങളും അദ്ദേഹം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

തിരുമന്ത്രത്തിന് തമിഴ് ഭാഷയിലും അദ്ദേഹം മഹാഭാഷ്യം രചിച്ചിട്ടുണ്ട്. അത്യുദാത്തമായ ജീവിതദർശനങ്ങൾ ഉൾക്കൊള്ളുന്ന തിരുക്കുറളും മനുഷ്യകുലം ഉൾക്കൊള്ളേണ്ട ആത്മീയസാധനകളുടെ സമുച്ചയമായ തിരുമൂല നായനാരുടെ തിരുമന്ത്രവും സിദ്ധർ പാടലരുടെ തത്വചിന്താപരമായ ഒൻപതാം തിരുമുറയുമടക്കമുള്ള ബൃഹത്കൃതികൾ തികഞ്ഞ കൈയടക്കത്തോടെ ഭാഷാന്തരം ചെയ്ത ചന്ദ്രശേഖരൻനായരെ കഴിഞ്ഞവർഷം തമിഴ്നാട് സർക്കാർ ഒരുലക്ഷം രൂപയും പ്രശസ്തിപത്രവുമുൾക്കൊള്ളുന്ന പരമോന്നത സാഹിത്യപുരസ്ക്കാരം നൽകി ആദരിച്ചിരുന്നു.

തിരുവനന്തപുരം തമിഴ്സംഘത്തിന്റെ ഉള്ളൂർ പരമേശ്വരയ്യർ പുരസ്ക്കാരം, നാഗർകോവിൽ അക്ഷര അവാർഡ്, വള്ളത്തോൾ സാഹിത്യസമിതിയുടെ കീർത്തിമുദ്ര തുടങ്ങി ഒട്ടേറെ പുരസ്ക്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നെയ്യാറ്റിൻകര താലൂക്കിലെ അമരവിളയിൽ ജനിച്ച് കേരളത്തിലും തമിഴ്നാട്ടിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ബിരുദാനന്തരം തമിഴ്നാട് സഹകരണവകുപ്പിൽ ജോലി നേടി ദീർഘകാലം ജീവിച്ചത് തമിഴ്നാട്ടിലാണ്.

സ്കോട്ട് കൃസ്ത്യൻ കോളെജിൽ ബിരുദത്തിനു പഠിക്കവെ വായിച്ചുകൂട്ടിയ തമിഴ്-മലയാളം പുസ്തകങ്ങളിലൂടെ സാഹിത്യത്തിൽ കമ്പം കയറിയ അദ്ദേഹം ജോലിയിൽ നിന്ന് വിരമിച്ച ശേഷമാണ് തിരുവനന്തപുരത്ത് മകളൂടെ വീട്ടിൽ താമസമുറപ്പിച്ച് പരിഭാഷയിലേക്കും വ്യാഖ്യാനങ്ങളിലേക്കും പ്രവേശിച്ചത്. എഴുത്തിലെ രംഗപ്രവേശം വൈകിയാണെങ്കിലും പിന്നീടുള്ള ഓരോ ദിനവും തന്റെ പോറ്റമ്മയായ തമിഴ് മാതാവിന്റെ സാഹിതീയമഹിമകളെ പെറ്റമ്മയായ മലയാളത്തിൽ പ്രതിഷ്ഠിക്കാൻ ചെലവഴിക്കുകയായിരുന്നു, അന്ത്യയാത്രയ്ക്കു രണ്ടുനാൾ മുൻപുവരെ.

ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ ജി മാധവൻ നായരുടെ സഹോദരി തിരുനന്ദിക്കര ഏറത്തുവീട്കുടുംബാംഗം സരോജിനിയമ്മയാണ് ഭാര്യ. എഴുത്തിലും ചന്ദ്രശേഖരൻനായരുടെ സഹയാത്രികയായിരുന്നു അവർ. മകൾ ശൈലജ രവീന്ദ്രനും എഴുത്തുകാരിയാണ്. മറ്റു മക്കൾ: സുജാത, അജിത്, രാജീവ്, മരുമക്കൾ: കെ.രവീന്ദ്രൻ, വി വി ഗോപിനാഥ്, ചിത്ര നായർ, അനുപ രാജീവ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ എട്ടിന്.