വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 19 ലക്ഷത്തിലേക്ക് (18,66728) അടുക്കുന്നു. മരണസംഖ്യ 1,14,980 ആയി. മരണസംഖ്യയിലും രോഗബാധിതരുടെ എണ്ണത്തിലും അമേരിക്കയാണ് മുന്നിൽ. 5,60,433 രോഗബാധിതരുള്ള അമേരിക്കയിൽ ഇന്നലെ മാത്രം 1500 പേർ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 22,115 ആയി. അമേരിക്കയിൽ ഏറ്റവും കൂടുതൽ മരണം ന്യൂയോർക്കിലാണ്. 9000 പേരാണ് ന്യൂയോർക്കിൽ മരിച്ചത്. സ്പെയിനിലും ഇറ്റലിയിലും മരണനിരക്കിൽ നേരിയ കുറവുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സ്പെയിനിൽ മരണനിരക്ക് ഉയർന്നെങ്കിലും ഇന്നലെ കുറവ് രേഖപ്പെടുത്തി. സ്പെയിനിൽ 24 മണിക്കൂറിനിടെ 517 പേരും ഇറ്റലിയിൽ 413 പേരുമാണ് മരിച്ചത്. ഇറ്റലിയിൽ ഒരു ദിവസം രേഖപ്പെടുത്തിയതിൽ ഏറ്റവും കുറവ് മരണസംഖ്യയാണിത്.
ചൈനയിൽ രണ്ടാം വരവോ?
ചൈനയിൽ രോഗബാധിതരുടെ എണ്ണം വീണ്ടും വർദ്ധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ചൈനയിൽ 108 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വൈറസ് വ്യാപനത്തെ പിടിച്ച് നിറുത്തിയ ശേഷം ഒന്നരമാസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടുതൽ കേസുകളാണിത്. ഇന്നലെ രണ്ട് പേർ മരിച്ചു.
വൈറസ് ബാധയുടെ രണ്ടാം ഘട്ടമാണിതെന്ന സംശയത്തിലാണ് ചൈന. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം പേരും വിദേശത്ത് നിന്നെത്തിയവരാണ്. അതിർത്തി പ്രദേശങ്ങളിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കാനും വിദേശത്ത് നിന്നെത്തിയവരെ നിരീക്ഷണത്തിലാക്കാനും സർക്കാർ നടപടിയെടുത്തിട്ടുണ്ട്.