അഹമ്മദാബാദ്: സർക്കാർ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തുവെന്ന് ആരോപിച്ച് മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനും മലയാളിയുമായ കണ്ണൻ ഗോപിനാഥനെതിരെ ഗുജറാത്ത് പൊലീസ് കേസെടുത്തു. കൊവിഡ് പശ്ചാത്തലത്തിൽ അടിയന്തരമായി ജോലിയിൽ പ്രവേശിക്കണമെന്ന് കണ്ണൻ ഗോപിനാഥനോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തന്നെ ഇനിയും ദ്രോഹിക്കാനായുള്ള ഗൂഡനീക്കമാണിതെന്ന് മറുപടി നൽകിയ അദ്ദേഹം ജോലിയിൽ തിരികെ പ്രവേശിച്ചില്ല. തുടർന്നാണ് രാജ്കോട്ട് പൊലീസ് കേസെടുത്തത്.
എന്നാൽ ഇതുകൊണ്ടൊന്നും തന്നെ നിശബ്ദനാക്കാമെന്നു കരുതേണ്ടെന്ന് കണ്ണൻ ഗോപിനാഥൻ ട്വിറ്ററിൽ കുറിച്ചു.
ഗുജറാത്ത് പൊലീസ് എനിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നു. ഇതൊരു നല്ല നീക്കമാണ് അമിത് ഷാ. നിങ്ങൾക്ക് അറസ്റ്റ് ചെയ്യാൻ സാധിക്കും. പക്ഷേ നിശബ്ദനാക്കാൻ പറ്റില്ല. ഇവിടെ ആർക്കും നിങ്ങളെ ഭയമില്ലെന്നും ട്വിറ്ററിൽ കണ്ണൻ ഗോപിനാഥൻ പ്രതികരിച്ചു.
രാജി സ്വീകരിച്ചിട്ടില്ലെന്നും കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർവീസിൽ തിരികെ പ്രവേശിക്കണമെന്നും ആവശ്യപ്പെട്ടാണ് കണ്ണന് കേന്ദ്രത്തിന്റെ കത്ത് ലഭിച്ചത്. എന്നാൽ, ആവശ്യം നിരസിക്കുന്നതായും ഐ.എ.എസ് ഓഫീസർ എന്ന പദവി ഇല്ലാതെ തന്നെ കൊവിഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവമാകുമെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞിരുന്നു.
2012 ബാച്ചിലെ മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥനായ കണ്ണൻ ഗോപിനാഥൻ കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് സർവീസിൽ നിന്ന് രാജിവച്ചത്. ജമ്മുകാശ്മീർ വിഷയത്തിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു രാജി.