തിരുവനന്തപുരം: തമിഴ് ക്ലാസിക്ക് കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് ശ്രദ്ധേയനായ കെ.ജി.ചന്ദ്രശേഖരൻ നായർ (83) നിര്യാതനായി.
ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ.ജി.മാധവൻ നായരുടെ സഹോദരി തിരുനന്തിക്കര ഏറത്തുവീട് കുടുംബാംഗമായ സരോജിനിയമ്മയാണ് ഭാര്യ. മക്കൾ: ശൈലജ രവീന്ദ്രൻ, സുജാത, അജിത്, രാജീവ്, മരുമക്കൾ: കെ.രവീന്ദ്രൻ, വി.വി. ഗോപിനാഥ്, ചിത്ര നായർ, അനുപ രാജീവ്.
നെയ്യാറ്റിൻകരയിലെ അമരവിളയിൽ ജനിച്ച അദ്ദേഹം തമിഴ്നാട് സഹകരണ വകുപ്പിലായിരുന്നു ജോലി നോക്കിയിരുന്നത്. തിരുക്കുറളും തിരുമന്ത്രവും തിരുവാചകവുമടക്കം ഇരുപതിലധികം ബൃഹത് കൃതികൾ മലയാളത്തിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്.
തമിഴ്നാട് സർക്കാരിന്റെ സാഹിത്യപുരസ്‌കാരം, തിരുവനന്തപുരം തമിഴ്സംഘത്തിന്റെ ഉള്ളൂർ എസ്. പരമേശ്വരയ്യർ പുരസ്‌കാരം, നാഗർകോവിൽ അക്ഷര അവാർഡ്, വള്ളത്തോൾ സാഹിത്യസമിതിയുടെ കീർത്തിമുദ്ര തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
സഞ്ചയനം: വ്യാഴാഴ്ച രാവിലെ എട്ടിന്.